scorecardresearch
Latest News

എപ്പോഴും ക്ഷീണവും അലസതയും തോന്നുന്നുണ്ടോ? ഈ 8 മാറ്റങ്ങൾ ജീവിതത്തിൽ വരുത്തൂ

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പല പ്രശ്നങ്ങളും പരിഹരിക്കാം

എപ്പോഴും ക്ഷീണവും അലസതയും തോന്നുന്നുണ്ടോ? ഈ 8 മാറ്റങ്ങൾ ജീവിതത്തിൽ വരുത്തൂ

അടിക്കടി ക്ഷീണമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ സ്ഥിരമായി ക്ഷീണം ഉണ്ടാകുന്നതൊരു രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരാൾക്ക് അലസത അനുഭവപ്പെടുവാൻ ഒട്ടനവധി ഘടകങ്ങൾ കാരണമായേക്കാം. ഭക്ഷണ വിദഗ്ധരും ഹെൽത്തി സ്റ്റെഡി ഗോയുടെ സഹസ്ഥാപകരുമായ കാജൽ വട്ടംവാറും ബുഷ്‌റ ഖുറേഷിയും പറയുന്നതനുസരിച്ച്, അലസത എപ്പോഴും ഒരാളുടെ മോശകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. ഇനിപ്പറയുന്ന എട്ട് ജീവിതശൈലി മാറ്റങ്ങൾ വരുത്താൻ വിദഗ്ധർ നിർദേശിച്ചു.

  1. ഊർജം നേടുന്നതിന് ശരീരഭാരം കുറയ്ക്കുക

നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ സ്വാഭാവികമായും ക്ഷീണം ഉണ്ടാകും. ഇത് ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തും. എളുപ്പം ക്ഷീണിക്കുന്നതിനുള്ള പ്രധാന കാരണമാണിത്. ശരീരഭാരം കുറയുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഊർജത്തോടെ തുടരാൻ സാധിക്കുന്നു.

  1. നല്ല ഉറക്കം

പകൽ ഉറങ്ങുന്നത് നിർത്തി രാത്രി ഉറങ്ങാൻ തുടങ്ങുക. ദഹനം, ശരീര താപനില, ഭക്ഷണ ശീലങ്ങൾ, ഹോർമോൺ ഉത്പാദനം, മറ്റ് പ്രധാന ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ ഉറക്കം സ്വാധീനിക്കുന്നു. നല്ല ഉറക്കം മെച്ചപ്പെട്ട ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

  1. വ്യായാമം ചെയ്യുക

ഓക്‌സിജൻ നന്നായി വിതരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വ്യായാമത്തിലൂടെ മെച്ചപ്പെടുന്നു. ഇത് ഊർജ്ജ നില മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യും. വ്യായാമം എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും അതുവഴി സന്തോഷം ലഭിക്കുകയും ചെയ്യുന്നു.

  1. ധാരാളം വെള്ളം കുടിക്കുക

ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് ക്ഷീണത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലൊന്നാണ്. നിശ്ചിത അളവ് വെള്ളം ദിവസവും കുടിച്ചിരിക്കണം. പ്രത്യേകിച്ച് വ്യായാമം ചെയ്യുന്നത് പോലെ ശരീരം നല്ല രീതിയിൽ അനങ്ങുന്ന സാഹചര്യങ്ങളിൽ. തലവേദന, ക്ഷീണം, തലകറക്കം എന്നിവയ്ക്ക് കാരണമാകുന്ന അവശ്യ ഇലക്ട്രോലൈറ്റുകളുടെ അഭാവത്തെയാണ് നിർജ്ജലീകരണം എന്ന് അർത്ഥമാക്കുന്നത്.

  1. ജോലി സമ്മർദം

ജോലി സംബന്ധമായതോ വ്യക്തിപരമോ ആയ സമ്മർദം ശരീരത്തെയും മനസ്സിനെയും വളരെയധികം ബാധിക്കും. ഇത് നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തും. ധ്യാനം, തെറാപ്പി അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുമായി സംസാരിക്കുക തുടങ്ങിയവയൊക്ക ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ സഹായിക്കും.

  1. കഫീന്റെ ഉപയോഗം കുറയ്ക്കുക

കഫീൻ തലച്ചോറിലെ പല രാസപ്രക്രിയകളിലും ഇടപെടുന്നതിലൂടെ ജാഗ്രത വർധിപ്പിക്കുന്നു, പ്രത്യേകിച്ചത് ഉറക്കം-ഉണർവ് ചക്രം നിയന്ത്രിക്കുന്നു. ക്ഷീണിതരാണെങ്കിൽ, ഊർജം കിട്ടാൻ കാപ്പി കുടിക്കുന്നതിനു പകരം അതൊഴിവാക്കാൻ ശ്രമിക്കുക.

  1. പോഷകക്കുറവ്

എല്ലാ പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിലും ആർബിസി (ചുവന്ന രക്താണുക്കൾ) രൂപീകരണത്തിലും വിറ്റാമിൻ ബി 12 പോലുള്ള പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിജന്റെ അഭാവമാണ് വേദനയ്ക്കും ഊർജക്കുറവിനും മുഖ്യമായും ഉത്തരവാദി. മുട്ട, മാംസം, പ്രോബയോട്ടിക്സ് എന്നിവ കഴിക്കാൻ ശ്രമിക്കുക.

  1. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക

മദ്യം നിർജ്ജലീകരണത്തിന് കാരണമാകുന്നു. നിർജ്ജലീകരണം ഊർജ നിലയെ ബാധിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you feel tired and sluggish all the time make these 8 lifestyle changes