scorecardresearch
Latest News

ഉറക്കത്തിൽ കാലുകൾ അനക്കാൻ തോന്നാറുണ്ടോ? ഇതാവാം കാരണം

ആർ‌എൽ‌എസ് ലക്ഷണങ്ങൾ ചെറിയ രീതി മുതൽ ഗുരുതരമായത് വരെയാകാം. ഉറക്കത്തിൽ, പ്രത്യേകിച്ച് കാലുകൾ ചലിപ്പിക്കാനുള്ള പ്രവണത ഉണ്ടാകും. രാത്രിയിൽ ഇത് കൂടുതലായിരിക്കും

sleep, health, ie malayalam
പ്രതീകാത്മക ചിത്രം

ഉറക്കത്തിൽ നിങ്ങൾക്ക് തടുക്കാനാകാത്ത വിധം ഇടയ്ക്കിടെ കാലുകൾ ചലിപ്പിക്കാനുള്ള പ്രേരണ തോന്നാറുണ്ടോ?. അതുമൂലം ഉറക്കം വരാതെ ബുദ്ധിമുട്ടാറുണ്ടോ?. അങ്ങനെയെങ്കിൽ നിങ്ങൾക്ക് റെസ്റ്റ്‌ലെസ് ലെഗ്സ് സിൻഡ്രോം (RLS) ഉണ്ടായിരിക്കാമെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റൽ സ്ലീപ്പ് മെഡിസിൻ വിഭാഗം ചെയർമാൻ ഡോ.സഞ്ജയ് മൻചന്ദ പറഞ്ഞു. ആർ‌എൽ‌എസ് ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഒരു ന്യൂറോളജിക്കൽ സ്ലീപ്പ് ഡിസോർഡർ ആണെന്ന് അദ്ദേഹം വിശദീകരിച്ചു.

”ആർ‌എൽ‌എസ് ഒരു ഉറക്ക പ്രശ്നവും ചലന വൈകല്യവുമാണ്. ഇതിന്റെ ലക്ഷണങ്ങൾ ഉറങ്ങാനുള്ള ശ്രമത്തെയും വിശ്രമിക്കുന്നതിനെയും ബാധിക്കും. ആർ‌എൽ‌എസ് ലക്ഷണങ്ങൾ ചെറിയ രീതി മുതൽ ഗുരുതരമായത് വരെയാകാം. ഉറക്കത്തിൽ, പ്രത്യേകിച്ച് കാലുകൾ ചലിപ്പിക്കാനുള്ള പ്രവണത ഉണ്ടാകും. രാത്രിയിൽ ഇത് കൂടുതലായിരിക്കും. ചെറിയ ചലനങ്ങൾ മുതൽ ചിലപ്പോൾ കാലുകളിൽ അസഹനീയമായ വേദന വരെയുണ്ടാകാം,” ഡോ.മൻചന്ദ പറഞ്ഞു.

കാലുകൾ ചലിപ്പിക്കാനുള്ള ആഗ്രഹം നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, ഉറക്കത്തെ തടസപ്പെടുത്തി ഉറക്കക്കുറവിന് കാരണമാകും. ഉറങ്ങാനോ ഉണർന്നതിന് ശേഷം വീണ്ടും ഉറക്കം കിട്ടാനോ ബുദ്ധിമുട്ടാക്കുന്നു. ”കാലുകൾ ചലിപ്പിക്കുകയോ നടക്കുകയോ ചെയ്യുന്നത് സാധാരണയായി വേദന കുറയ്ക്കുന്നു. ഇതു കഴിയുമ്പോൾ രോഗലക്ഷണങ്ങൾ തിരിച്ചുവരുന്നു. ഇത് കോർട്ടിക്കൽ ഉത്തേജനത്തിന് കാരണമായേക്കാം. മോശം നിലവാരത്തിലുള്ള ഉറക്കത്തിലേക്കും പകൽ മയക്കത്തിലേക്കും ഇത് നയിച്ചേക്കാം,” ഡോ.മൻചന്ദ അഭിപ്രായപ്പെട്ടു.

കാരണം എന്ത്?

ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച, വൃക്കസംബന്ധമായ തകരാർ, പെരിഫറൽ ന്യൂറോപ്പതി, ചിലപ്പോൾ ഒരു കാരണവുമില്ലാതെ സംഭവിക്കാമെന്ന് ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.സുജിത് കുമാർ പറഞ്ഞു. ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ പൾമോണോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.സുഹാസ് എച്ച്.എസിന്റെ അഭിപ്രായത്തിൽ മറ്റു ചില കാരണങ്ങൾ ഇവയാണ്.

  • വൃക്കരോഗവും ഹീമോഡയാലിസിസും
  • ന്യൂറോപ്പതി (നാഡി ക്ഷതം)
  • സ്ലീപ് അപ്നിയ, ഉറക്കക്കുറവ് തുടങ്ങിയ ഉറക്ക തകരാറുകൾ
  • ഹോർമോൺ മാറ്റങ്ങൾ
  • ഗർഭകാലം, പ്രത്യേകിച്ച് അവസാന മൂന്നു മാസത്തിൽ. മിക്ക കേസുകളിലും പ്രസവിച്ച് നാലാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കുറയുന്നു.
  • മദ്യം, നിക്കോട്ടിൻ, കഫീൻ എന്നിവയുടെ ഉപയോഗം

നല്ല ഉറക്കം കിട്ടാത്തത് ആർഎൽഎസ് വികസിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. ”മതിയായ ഉറക്കത്തിന്റെ അഭാവം ആർഎൽഎസ് ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. ഇത് സമ്മർദം വർധിപ്പിക്കുന്നതിന് ഇടയാക്കും, ഇത് ആർഎൽഎസ് ലക്ഷണങ്ങൾ വീണ്ടും കൂട്ടും,” ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ.ലക്ഷ്മി ലാവണ്യ പറഞ്ഞു.

മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആർ‌എൽ‌എസ് ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ഉറക്ക അസ്വസ്ഥതകളും ആർ‌എൽ‌എസും പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് ഡോ മൻചന്ദ പറഞ്ഞു. ആർഎൽഎസ് ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കാമെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ പ്രകടമാകൂവെന്നും വിദഗ്ധർ പറഞ്ഞു.

ഈ അവസ്ഥ നിയന്ത്രിക്കുന്നതിന് ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. കാലുകൾ ചലിപ്പിക്കാനുള്ള തീവ്രമായ, ഇടയ്ക്കിടെ അമിതമായ ആഗ്രഹം അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണെന്ന് ഡോ.സുഹാസ് അഭിപ്രായപ്പെട്ടു.

ചെറിയ ലക്ഷണങ്ങളാണുള്ളതെങ്കിൽ കുറച്ച് ജീവിതശൈലി മാറ്റങ്ങൾ മതിയാകും. നല്ല ഉറക്കം (എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, രാത്രി വൈകി മദ്യവും കഫീനും ഒഴിവാക്കുക), പുകവലി നിർത്തുക, പകൽ സമയങ്ങളിൽ പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ അതിൽ ചിലതാണെന്ന് അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you feel an irresistible urge to move your legs while sleeping