നമ്മൾ അറിയാതെ ചെയ്തുപോകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് വിരൽ ഞൊടിക്കൽ. പ്രത്യേക സമയമോ സാഹചര്യമോ ഇല്ലാതെ നമ്മളിൽ പലരും അറിയാതെ ചെയ്തുപോകുന്ന കാര്യമാണിത്. 54 ശതമാനം ആളുകളും വിരൽ ഞൊടിക്കുന്നവരാണെന്ന് പഠനം പറയുന്നതായി കൊളംബിയ ഏഷ്യ ഹോസ്‌പിറ്റലിലെ ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ.രവിചന്ദ്ര കൽക്കർ പറയുന്നു. വളരെയധികം പരിശ്രമം ആവശ്യമില്ലാത്തതും അബോധാവസ്ഥയിലുള്ള ഒരു ശീലമാണിതെന്നും അദ്ദേഹം പറയുന്നു.

വിരൽ ഞൊടിക്കുന്നതിന്റെ ചില കാരണങ്ങൾ

ചിലർ വിരൽ ഞൊടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഇഷ്ടപ്പെടുന്നു. മറ്റു ചിലർ വെറുതെ അത് ചെയ്യുന്നത് ഇഷ്ടപ്പെടുന്നു.

വിരൽ ഞൊടിക്കുമ്പോൾ പിരിമുറുക്കം ഒഴിവാകുകയും ചലനാത്മകത വർധിപ്പിക്കുകയും ചെയ്യുന്നതായി ചിലർ വിശ്വസിക്കുന്നു. പക്ഷേ ഇതിന് മെഡിക്കൽ തെളിവുകളൊന്നുമില്ല.

Read Also: സമ്മർദമുളള ജോലി ചെയ്യുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണം ഇതാണ്

ചില ആളുകൾ പരിഭ്രാന്തരാകുകയോ സമ്മർദം അനുഭവിക്കുകയോ ചെയ്യുമ്പോൾ വിരൽ ഞൊടിക്കാറുണ്ട്.

വിരൽ ഞൊടിക്കലിന് എന്തെങ്കിലും പാർശ്വ ഫലങ്ങളുണ്ടോ?

സാധാരണ വിരൽ ഞൊടിക്കുന്നതുകൊണ്ട് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോ.കൽക്കർ പറയുന്നു. പക്ഷേ വിരൽ ഞൊടിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ, വീക്കമുണ്ടാവുകയോ, ജോയിന്റുകളുടെ ആകൃതിക്ക് മാറ്റം വരികയോ ചെയ്താൽ ഭയപ്പെടണം. ഇത് ആർത്രിറ്റിസിന് കാരണമായേക്കാം. ചില സാഹചര്യങ്ങളിൽ, ജോയിന്റിൽ നിന്ന് വിരൽ പുറത്തെടുക്കുന്നതിനോ ജോയിന്റിന് ചുറ്റുമുള്ള അസ്ഥിബന്ധങ്ങൾക്ക് പരുക്കേൽക്കുന്നതിനോ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

വിരൽ ഞൊടിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ, വീക്കമുണ്ടാവുകയോ, ജോയിന്റുകളുടെ ആകൃതിക്ക് മാറ്റം വരികയോ ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല. എന്നാൽ ഈ അടയാളങ്ങളിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിലോ നിങ്ങളുടെ വിരൽ വളഞ്ഞതോ വീർത്തതോ ആണെന്ന് തോന്നുകയാണെങ്കിലോ ഡോക്ടറെ കാണണം. ജോയിന്റുകൾക്ക് വേദനയോ വീക്കമോ ഉണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതാണ്.

സാധാരണയായി സന്ധികളിൽ നിന്ന് വരുന്ന ശബ്ദങ്ങൾ ആശങ്കാജനകമായ ഒരു ലക്ഷണമല്ല, പക്ഷേ അത് വളരെക്കാലം വേദനയോടെ തുടരുകയാണെങ്കിൽ അതൊരു പ്രശ്നമായി മാറാം.

വിരൽ ഞൊടിക്കുന്ന ശീലം മാറ്റാനുളള ചില മാർഗങ്ങൾ

എപ്പോഴാണ് നിങ്ങൾ സാധാരണയായി വിരൽ ഞൊടിക്കുന്നതെന്ന് ശ്രദ്ധിക്കുക. അടുത്ത സമയം ആ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുക.

സമ്മർദം കൊണ്ടാണ് വിരൽ ഞൊടിക്കുന്നതെങ്കിൽ, വ്യായാമം അല്ലെങ്കിൽ ധ്യാനം എന്നിവയിലൂടെ ആ സമ്മർദം ഒഴിവാക്കാനുളള മാർഗങ്ങൾ നോക്കുക.

പരിഭ്രാന്തി അല്ലെങ്കിൽ സമ്മർദ്ദം കാരണം നിങ്ങൾ ഇടയ്ക്കിടെ ഞൊടിക്കുന്നതെങ്കിൽ, ആ സാഹചര്യം ഉണ്ടാകുമ്പോൾ ഒരു സ്ട്രെസ് ബോൾ കയ്യിലെടുത്ത് ഞെക്കുകയോ തടവുകയോ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook