ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുക എന്നതാണ്. ആരോഗ്യകരമായി തുടരുന്നതിന് അനാരോഗ്യകരമായ ഭക്ഷണം പൂർണമായും ഒഴിവാക്കണമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ, ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിക്കാമെന്ന് നിങ്ങൾക്കറിയാമോ?.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ചില ഡയറ്റുകൾ പിന്തുടരുന്നവർക്കും ഒരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ആയുർവേദ വിദഗ്ധ ഡോ.ദിക്സ ഭാവ്സർ. ആരോഗ്യകരമായ ഭക്ഷണക്രമത്തെ ബാധിക്കാതെ തന്നെ മധുരപലഹാരങ്ങൾ കഴിക്കാമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ചില ലളിതമായ കാര്യങ്ങൾ ചെയ്താൽ മതിയാകും.
- മിതമായ അളവിൽ ഭക്ഷണം കഴിക്കുക, അതിലൂടെ നിങ്ങൾക്ക് സംതൃപ്തി ലഭിക്കും.
- ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
- ഉച്ചഭക്ഷണത്തിന് മധുരപലഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക, അത്താഴത്തിനല്ല.
- ഇഷ്ടഭക്ഷണം കഴിക്കുന്ന ആ ദിവസങ്ങളിൽ അത്താഴം ചെറിയ അളവിൽ കഴിക്കുക.
- പ്രിയപ്പെട്ട ഭക്ഷണം കഴിച്ച് 1 മണിക്കൂർ കഴിഞ്ഞ് ഇനി പറയുന്ന ചായ കുടിക്കുക.
പുതിന- കറിവേപ്പില- ഇഞ്ചി ചായ: 7-10 കറിവേപ്പില, ഒരു പിടി പുതിനയില, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് 3 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക.
ഒരാൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിക്കാനും ആരോഗ്യത്തോടെ തുടരാനും കഴിയുമെന്ന് ഡയറ്റീഷ്യൻ കാജൽ അഗർവാൾ പറഞ്ഞു. ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുള്ള താക്കോൽ മിതത്വവും സന്തുലിതാവസ്ഥയുമാണ്. ഇതിനർത്ഥം ഒരാൾക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കാം, പക്ഷേ, അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാതെ പരിമിതമായ അളവിൽ. ആരോഗ്യകരമായ പാചക രീതികൾ ഉപയോഗിച്ചോ ആരോഗ്യകരമായ ഓപ്ഷനുകൾ അതായത്, ചില ചേരുവകൾ മാറ്റി വച്ചോ ഒരാൾക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ആരോഗ്യകരമാക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.