scorecardresearch

ചിലർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുണ്ടോ?

നവജാതശിശു മുതൽ പ്രായമായവരിൽവരെ, ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസമാണ്

ചിലർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുണ്ടോ?

മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഓരോരുത്തർക്കും എത്ര മണിക്കൂർ ഉറക്കം വേണമെന്നത് ചർച്ചാവിഷയമാണ്. ചിലർ 5 മണിക്കൂർ ഉറക്കത്തിനുശേഷം ഉന്മേഷത്തോടെ എഴുന്നേൽക്കുന്നു. മറ്റു ചിലർക്ക് 9-10 അല്ലെങ്കിൽ അതിലധികമോ മണിക്കൂറുകൾ ഉറങ്ങിയതിനുശേഷവും ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു.

ഉറക്ക വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉറക്കത്തിന്റെ ഗുണനിലവാരം, രീതികൾ, പ്രവർത്തനം, ലെവലുകൾ, വ്യക്തിഗത സർക്കാഡിയൻ താളം, പ്രായം എന്നിവ കാരണം ഉറക്കത്തിന്റെ മണിക്കൂറുകൾ വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ”പ്രായം, ഉറക്കത്തിന്റെ ഗുണനിലവാരം, പാറ്റേണുകൾ, ശാരീരിക പ്രവർത്തനങ്ങൾ, സർക്കാഡിയൻ താളം എന്നിവ അനുസരിച്ച് ഉറക്ക ആവശ്യകതകൾ മാറുന്നു. നവജാതശിശുക്കൾക്ക് 16-18 മണിക്കൂർ ഉറക്കം വേണം. കൗമാരക്കാർക്ക് 7-8 മണിക്കൂറാണ് വേണ്ടത്. മുതിർന്നവരിൽ നിന്ന് വാർധക്യത്തിലേക്ക് മാറുമ്പോൾ, ജീവിതശൈലി, ജോലി പ്രൊഫൈൽ, രോഗങ്ങൾ എന്നിവ അനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതകൾ വ്യത്യാസപ്പെടുന്നു,” സ്റ്റെർലിങ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.യോഗേഷ് എ.ഗുപ്ത പറഞ്ഞു.

നവജാതശിശു മുതൽ പ്രായമായവരിൽവരെ, ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസമാണെന്ന് അഹമ്മദാബാദിലെ ഷാൽബി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽസിലെ സീനിയർ ഫിസിഷ്യനും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ ഡോ. മിനേഷ് മേത്ത പറഞ്ഞു. ”ഒരാളുടെ ജീവതശൈലിയും അയാളുടെ പ്രവർത്തനങ്ങളുമാണ് എത്ര മണിക്കൂർ ഉറക്കം വേണമെന്ന് നിർണയിക്കുന്നത്. ഉദാഹരണത്തിന്, കായികതാരങ്ങളോട് സാധാരണ മനുഷ്യരെക്കാൾ കൂടുതൽ സമയം ഉറങ്ങാൻ നിർദേശിക്കാറുണ്ട്. ഒരു മുതിർന്ന വ്യക്തിക്ക് 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്,” അദ്ദേഹം വ്യക്തമാക്കി.

ചില ജീവിതശൈലി ഘടകങ്ങളും ദിനചര്യകളും ഉറക്കത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ശരീരത്തിന് വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുമ്പോൾ, വീണ്ടും ഉറങ്ങാൻ തോന്നുന്നു. ഇത് അമിത ഉറക്കത്തിലേക്ക് നയിക്കുന്നു. വിഷാദവും ഉത്കണ്ഠയും ഒരു വ്യക്തിയെ അമിതമായ ഉറക്കത്തിലേക്ക് നയിക്കും. മയക്കുമരുന്ന്, മദ്യം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം സർക്കാഡിയൻ താളത്തെ തടസ്സപ്പെടുത്തുന്നു, ഇത് അമിതമായ ഉറക്കത്തിലേക്ക് നയിക്കുന്നു. അമിതവണ്ണം, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, അപസ്മാരം തുടങ്ങിയ മെഡിക്കൽ അവസ്ഥകളും ഘടകങ്ങളാണ്. ജനിതക ഘടകങ്ങളും ആരോഗ്യകരമായ ഉറക്കചക്രങ്ങൾ നിലനിർത്തുന്നതിനോ തടസപ്പെടുത്തുന്നതിനോ ഒരു പങ്കു വഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഉറക്കത്തിന്റെ ദൈർഘ്യം വ്യക്തിഗത ആരോഗ്യത്തിനും സാഹചര്യങ്ങൾക്കും വിധേയമാണ്. എപ്പോഴും ആക്ടീവായിരിക്കുന്ന ഒരു വ്യക്തിക്ക് 5-6 മണിക്കൂർ ഉറങ്ങിയാൽ പോലും ഊർജസ്വലത അനുഭവപ്പെടാം. എന്നാൽ, മരുന്നുകൾ കഴിക്കുന്നവരോ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരോ 9-10 മണിക്കൂർ ഉറങ്ങിയിട്ടും അതേ ഊർജസ്വലത കിട്ടുന്നില്ലെന്ന് ഡോ.ഗുപ്ത പറഞ്ഞു.

തുടർച്ചയായി 5-6 മണിക്കൂറിൽ കുറവോ 9-10 മണിക്കൂറിൽ കൂടുതലോ ഉറങ്ങുന്നത് ആരോഗ്യകരമാണോ?. ”ഒരു വ്യക്തി 4 മുതൽ 5 മണിക്കൂർ മാത്രം ഉറങ്ങിയശേഷവും ഉന്മേഷവും ഊർജസ്വലതയും അനുഭവപ്പെടുന്നുവെങ്കിൽ, അത് സാധാരണമാണ്. അത്തരം ഒരു ചെറിയ ദൈർഘ്യമുള്ള ഉറക്കം ആരോഗ്യത്തെയോ ദൈനംദിന പ്രവർത്തനങ്ങളെയോ ബാധിക്കുമ്പോൾ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ, 9 മുതൽ 10 മണിക്കൂർ വരെ ഉറങ്ങുന്നത് ആരോഗ്യകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല,” ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് സ്ലീപ്പ് മെഡിസിൻ കൺസൾട്ടന്റ് ഡോ.വിശ്വേശ്വരൻ ബാലസുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

അമിത ഉറക്കത്തിനൊപ്പം മുന്നറിയിപ്പ് നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രധാനമാണെന്ന് ഡോ. ഗുപ്ത പറഞ്ഞു. അമിതമായ ഉറക്കം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ ആശങ്കാജനകമാണ്. അമിതമായ ഉറക്കം മൂലമുള്ള തലവേദന, മുൻകോപം, മയക്കം, അല്ലെങ്കിൽ മുഖത്ത് വീക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം വൈദ്യോപദേശം തേടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

അമിതമായി ഉറങ്ങുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, പൊണ്ണത്തടി, തലവേദന, നടുവേദന എന്നിവയ്ക്കുള്ള ഉയർന്ന സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും ഉൾപ്പെടുന്നു. സമ്മർദം കൂടുന്നതും അമിതമായ ഉറക്കത്തിന്റെ ഫലമാണെന്ന് ഡോ.മേത്ത പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do some people need more sleep than others

Best of Express