scorecardresearch
Latest News

മാമ്പഴം ബ്ലെഡ് ഷുഗർ ഉയർത്തുമോ? പ്രമേഹമുള്ളവർക്ക് ദിവസവും കഴിക്കാമോ?

പ്രമേഹരോഗികൾ പതിവായി ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഡോക്ടർ, എനിക്ക് പ്രമേഹമുണ്ട്, എനിക്ക് മാമ്പഴം കഴിക്കാമോ? എന്റെ ഷുഗർ നിലയെ അവ എങ്ങനെയാണ് ബാധിക്കുക?

mangoe, health, ie malayalam

ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട പഴവർഗങ്ങളിൽ ഒന്നാണ് മാമ്പഴം. ഇന്ത്യയിൽ ഏതാണ്ട് 1500 ഇനം മാമ്പഴങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ലോകത്തിലെ മാമ്പഴത്തിന്റെ 50 ശതമാനവും ഇന്ത്യയിൽനിന്നാണ്. എന്നാൽ, പ്രമേഹരോഗികൾ പതിവായി ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഡോക്ടർ, എനിക്ക് പ്രമേഹമുണ്ട്, എനിക്ക് മാമ്പഴം കഴിക്കാമോ? എന്റെ ഷുഗർ നിലയെ അവ എങ്ങനെയാണ് ബാധിക്കുക?. ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് മാക്സ് ഹെൽത്ത്കെയറിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാൻ ഡോ. അംബ്രിഷ് മിട്ടൽ.

പ്രമേഹം നിയന്ത്രിതമായ ഒരാൾ മാമ്പഴം ഒഴിവാക്കേണ്ടതില്ല. സ്വാഭാവികമായും മധുരമുള്ളവയാണെങ്കിലും, പഴങ്ങളിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതവും HbA1c ഉയർന്നതും ആണെങ്കിൽ, പഴങ്ങൾ പോലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

പ്രമേഹമുള്ള ഒരാൾക്ക് പ്രതിദിനം എത്ര മാമ്പഴം കഴിക്കാം?

പ്രമേഹമുള്ള ആളുകൾക്ക് പ്രതിദിനം 150-200 ഗ്രാം കാർബോഹൈഡ്രേറ്റ് ശുപാർശ ചെയ്യാറുണ്ട്. ഇതിൽ പരമാവധി 30 ഗ്രാം പഴത്തിൽ നിന്ന് ലഭിക്കും. ഒരു പഴത്തിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കണം. പഴത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് അനുസരിച്ചാണ് അവയുടെ ഭാഗം നിർണയിക്കുന്നത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ പഴമാണെങ്കിൽ (ഉദാഹരണത്തിന്, സ്ട്രോബെറി, പീച്ച് എന്നിവ), ഒരു വലിയ ഭാഗം കഴിക്കാം. മാമ്പഴത്തിന്റെ കാര്യമെടുത്താൽ, 100 ഗ്രാം പഴത്തിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അങ്ങനെയങ്കിൽ ഇടത്തരം മാമ്പഴത്തിന്റെ പകുതി കഴിക്കാം.

മാമ്പഴത്തിന്റെ ഗ്ലൈസമിക് സൂചിക 50-55 ഇടയിലാണ്. മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുമെങ്കിലും വൈറ്റ് ബ്രെഡ് പോലെ പെട്ടെന്ന് വർധിപ്പിക്കില്ല. ദിവസവും ഒരു മാമ്പഴത്തിന്റെ പകുതി കഴിക്കുന്നത് സുരക്ഷിതമാണ്. ഒരു ദിവസം മുഴുവൻ മാമ്പഴം കഴിക്കണമെന്നുണ്ടെങ്കിൽ മറ്റു പഴങ്ങൾ ഒഴിവാക്കുക. ദിവസത്തിൽ രണ്ടു തവണയായി അവ കഴിക്കുക. എന്നാൽ നിങ്ങൾക്ക് കഴിക്കാവുന്ന കാർബോഹൈഡ്രേറ്റ് അളവ് കണ്ടെത്താൻ നിങ്ങളുടെ ന്യൂട്രീഷ്യനിസ്റ്റിനോട് ഡോക്ടറോടോ സംസാരിക്കുക.

മാമ്പഴം കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം?

മാമ്പഴം പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അല്ലെങ്കിൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള ലഘുഭക്ഷണമായി കഴിക്കുന്നതാണ് ഉചിതം. നിങ്ങളുടെ പതിവ് സ്നാക്സിനു പകരം പകുതി മാമ്പഴം കഴിക്കുക.

മാമ്പഴ ജ്യൂസ് കുടിക്കാമോ?

പഴച്ചാറുകൾ ഒരിക്കലും വേണ്ട. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയിൽനിന്നും നാരുകളും ചില ധാതുക്കളും എടുത്തുകളയുന്നു. വെറും പഞ്ചസാര മാത്രമാണ് ലഭിക്കുക. നാരുകൾ ഇല്ലെങ്കിൽ, ഈ പഞ്ചസാര വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യും. ഒരു ഗ്ലാസ് ജ്യൂസ് തയ്യാറാക്കാൻ മൂന്നോ നാലോ പഴങ്ങൾ ആവശ്യമാണ് – അതായത് നാരുകളില്ലാതെ കൂടുതൽ പഞ്ചസാര. കലോറിയുടെയും പഞ്ചസാരയുടെയും കാര്യത്തിൽ പഴച്ചാറുകൾ കോളകളിൽ നിന്ന് വളരെ വ്യത്യസ്തമല്ല. അതിനാൽ, ജ്യൂസുകൾ ശുപാർശ ചെയ്യുന്നില്ല.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do mangoes raise blood sugar levels is it safe for diabetics to eat them