പ്രമേഹമുള്ള പലരും ഡോക്ടറുടെ നിർദേശ പ്രകാരം ഇൻസുലിൻ സിറിഞ്ചുകൾ (പലപ്പോഴും ദിവസത്തിൽ പലതവണ) ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തിന് സ്വന്തമായി ഇൻസുലിൻ നിർമ്മിക്കാൻ കഴിയില്ല, ടൈപ്പ് 2 പ്രമേഹത്തിൽ, ശരീരത്തിന് ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാനോ ആവശ്യത്തിന് ഉണ്ടാക്കാനോ കഴിയില്ല. അതിനാൽ ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കുന്നു.
ഇൻസുലിൻ എടുക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകൾ ആളുകൾ പലപ്പോഴും ആഴ്ചകളോ മാസങ്ങളോ പോലും ഉപയോഗിക്കുകയും വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഇൻസുലിൻ സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കാമോ?.
ഇൻസുലിൻ പെൻ സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് സൂചിയിലെ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. ഇതിലൂടെ കുത്തിവയ്ക്കുമ്പോൾ വേദന അനുഭവപ്പെടാമെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സ്ഥാപക ഡയറക്ടർ ഡോ.ശുചിൻ ബജാജ് അഭിപ്രായപ്പെട്ടു. സൂചി കുത്തുമ്പോഴോ പുറത്തേക്ക് എടുക്കുമ്പോഴോ മുറിവ് കൂടാതെ/അല്ലെങ്കിൽ രക്തസ്രാവത്തിനും ഇടയാക്കുമെന്ന് അവർ പറഞ്ഞു.
ഇൻസുലിൻ സൂചി വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ അണുബാധയ്ക്ക് ഇടയാക്കും, പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ. ഇന്ത്യയിൽ സൂചിയുടെ പുനരുപയോഗം കൂടുതലാണെന്ന് 2017-ലെ ഫോറം ഫോർ ഇൻജക്ഷൻ ടെക്നിക് ആൻഡ് തെറാപ്പി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഒരിക്കൽ അണുവിമുക്തമാക്കിയ ഇൻസുലിൻ സിറിഞ്ചുകൾ വീണ്ടും അണുവിമുക്തമാക്കരുത്, അത് അപകടകരമാണെന്ന് മാഹിമിലെ എസ്എൽ റഹേജ ഹോസ്പിറ്റലിലെ സീനിയർ ഡയബറ്റോളജിസ്റ്റും ഡയബറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ (സയന്റിഫിക് വിഭാഗം) സെക്രട്ടറിയുമായ ഡോ. അനിൽ ഭോരാസ്കർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
“ഇൻസുലിൻ സിറിഞ്ചുകളും സൂചികളും ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കണം. സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് അഭികാമ്യമല്ല, കാരണം അവ മൂർച്ചയുള്ളതും കൂടുതൽ വേദനിപ്പിക്കുന്നതുമാണ്. കുത്തിവയ്പ് ദിവസത്തിൽ ഒരു തവണയാണെങ്കിലും, സിറിഞ്ചുകളും സൂചികളും പതിവായി മാറ്റേണ്ടതുണ്ട്. രണ്ട് വ്യത്യസ്ത ബ്രാൻഡുകളുടെ കുത്തിവയ്പുകൾക്കായി സൂചികൾ പരസ്പരം മാറ്റരുത്,” അദ്ദേഹം പറഞ്ഞു.
ഒരേ സിറിഞ്ച് പല തവണ ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വരുമെന്ന് ഡോ. ഭോരാസ്‌കർ മുന്നറിയിപ്പ് നൽകി. ഒരേ സിറിഞ്ച് ഒരിക്കലും രണ്ട് വ്യത്യസ്ത ആളുകളിൽ ഉപയോഗിക്കരുത്, കാരണം ഇത് അണുബാധ ഉണ്ടാക്കും. മൂർച്ചയില്ലാത്ത സൂചി ഹെമറ്റോമയ്ക്ക് കാരണമാകും, അതിനാൽ പ്രമേഹ രോഗികൾ ഒന്നിലധികം തവണ സൂചി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.