നമ്മുടെ ആരോഗ്യം പ്രധാനമായും നമ്മുടെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നേരിട്ടോ അല്ലാതെയോ രോഗങ്ങളെ അകറ്റി നിർത്തുന്നതിനോ അവയെ കൈകാര്യം ചെയ്യുന്നതിനോ ഉള്ള നമ്മുടെ കഴിവിനെ സ്വാധീനിക്കുന്നുണ്ട്. മരുന്നുകൾ കഴിക്കുന്നത് മാത്രമല്ല രോഗങ്ങൾക്കുള്ള പ്രതിവിധി. ഉദാഹരണത്തിന്, തൈറോയ്ഡ് ഭക്ഷണത്തിലൂടെ നിയന്ത്രിക്കാനാകും.
തൈറോയ്ഡ് ഉള്ളവർ ഭക്ഷണത്തിൽ നിന്ന് ഒരു ഘടകം ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി നിർദേശിച്ചു, അതായത് ഗ്ലൂറ്റൻ. തൈറോയ്ഡ് ഉള്ളവർക്ക് ഗ്ലൂറ്റൻ നല്ലതല്ലാത്തത് എന്തുകൊണ്ടെന്ന് അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
“ഗോതമ്പിലെ പ്രോട്ടീൻ ഭാഗമായ ഗ്ലിയാഡിന്റെ തന്മാത്രാ ഘടന തൈറോയ്ഡ് ഗ്രന്ഥിയുടെ തന്മാത്രാ ഘടനയോട് സാമ്യമുള്ളതാണ്. ഗോതമ്പ് ദഹിക്കുമ്പോൾ ഗ്ലിയാഡിൻ ആമാശയ പാളിയിൽ എത്തി ബ്ലഡ് സ്ട്രീമിലേക്ക് പ്രവേശിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം അതിനെ പുറത്തുനിന്നുള്ളൊരു വസ്തുവായി കണക്കാക്കി ആക്രമിക്കാൻ തുടങ്ങുന്നു.
ഈ പ്രക്രിയയിൽ ആരോഗ്യകരമായ തൈറോയ്ഡ് ടിഷ്യുവും ആക്രമിക്കപ്പെടുന്നു, കാരണം അവ രണ്ടും വളരെ സാമ്യമുള്ളതാണ്. ഇതിലൂടെ തൈറോയ്ഡ് ഗ്രന്ഥിക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു,” റാഷി ചൗധരി പറഞ്ഞു.
ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെ?
ഗോതമ്പ് മാവ്, ബാർലി, ഓട്സ്, റവ, മറ്റ് ധാന്യങ്ങൾ, ബ്രെഡുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഉയർന്ന ഗ്ലൂറ്റൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാവ് കൊണ്ട് ഉണ്ടാക്കുന്ന കേക്കുകളും കുക്കീസും പോലുള്ള മധുരപലഹാരങ്ങളും ഗ്ലൂറ്റൻ സമ്പുഷ്ടമായി കണക്കാക്കപ്പെടുന്നു. ബിയറിൽ പോലും ഗ്ലൂറ്റൻ കൂടുതലാണ്.
ഈ ഭക്ഷണങ്ങളിൽ ചിലത് ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവ പൂർണ്ണമായും ഒഴിവാക്കുന്നത് നല്ല ആശയമാണോ?. ഈ വിഷയത്തിൽ സംശയമുള്ളവർ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. അതേസമയം നിങ്ങൾക്ക് ഗ്ലൂറ്റൻ അമിതമായ ഉപഭോഗം ഒഴിവാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.