പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനു മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും. അതിലൊന്നാണ് നെല്ലിക്ക. മുടികൊഴിച്ചിൽ, ദഹനം, എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി പ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് നെല്ലിക്ക. കൂടാതെ കാഴ്ചശക്തി കൂടാനും നെല്ലിക്ക നല്ലതാണ്.
എന്നാൽ ജ്യൂസ്, അച്ചാർ, പൊടി തുടങ്ങി പല രൂപത്തിൽ നെല്ലിക്ക കഴിക്കാമെന്ന് നിങ്ങൾക്ക് അറിയാമോ?. ആയുർവേദ പ്രാക്ടീഷണർ ഡോ. ഡിക്സ ഭാവ്സർ ദൈനംദിന ഭക്ഷണത്തിൽ നെല്ലിക്ക വിവിധ തരത്തിൽ എങ്ങനെ ഉൾപ്പെടുത്താമെന്നുളള വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന നെല്ലിക്ക വെറുതെ കഴിക്കുകയോ അല്ലെങ്കിൽ അച്ചാർ രൂപത്തിലോ, പൊടി രൂപത്തിലോ കഴിക്കാമെന്ന് ഭാവ്സർ പറയുന്നു. നെല്ലിക്കയിൽ പഞ്ചസാര/ ശർക്കര എന്നിവ ചേർത്ത് ദാഹശമിനികൾ ഉണ്ടാക്കാം.
നെല്ലിക്ക പൊടി
രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ നെല്ലിക്ക പൊടി ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ ചെറുചൂടുള്ള വെളളത്തിലിട്ട് കഴിക്കാം.
ജ്യൂസ്
രാവിലെ തന്നെ ചെറു ചൂടു വെളളത്തിനൊപ്പം 20 മില്ലി നെല്ലിക്ക ജ്യൂസ് കുടിക്കുക
ചവനപ്രാശം
ചവനപ്രാശത്തിലെ പ്രധാന ഘടകം നെല്ലിക്കയാണ്. അതിനാൽ തന്നെ രാവിലെ വെറും വയറ്റിൽ ചെറു ചൂടു വെളളത്തിനൊപ്പം ഒരു ടീസ്പൂൺ ചവനപ്രാവശം കഴിക്കുക. അതല്ലെങ്കിൽ ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് കഴിക്കുക.
Read More: മാമ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ?
നെല്ലിക്ക അച്ചാർ
നെല്ലിക്ക ഉപയോഗിച്ച് അച്ചാർ തയ്യാറാക്കി ഭക്ഷണത്തോടൊപ്പം ദിവസവും ആസ്വദിക്കാം.
നെല്ലിക്ക ഉപ്പിലിട്ടത്
നെല്ലിക്ക ഉപ്പിലിട്ട് സൂക്ഷിക്കാം. ദിവസവും ഒന്നോ രണ്ടോ വീതം കഴിക്കാം
നെല്ലിക്ക ഉണക്കിയത്
നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെയിലത്ത് ഉണക്കാം. നല്ലവണ്ണം ഉണങ്ങി കഴിയുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം. ദിവസവും ഇത് കഴിക്കുകയും ചെയ്യാം.