നമ്മുടെ ആരോഗ്യത്തിൽ ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സമതുലിതമായ ഭക്ഷണക്രമം ദിവസം മുഴുവൻ ഒരാളെ ഊർജ്ജസ്വലമാക്കുകയും മാനസികാവസ്ഥയെ സമതുലനാവസ്ഥയിലാക്കുകയും ചെയ്യുമെന്ന് ജസ്ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡയറ്റീഷ്യൻ ജ്യോതി ഭട്ട് പറയുന്നു. നമ്മുടെ മാനസികാവസ്ഥകളിലെ മാറ്റങ്ങളിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു – സന്തോഷം, ദുഃഖം, ദേഷ്യം, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ. തലച്ചോറിന്റെ ആരോഗ്യവുമായി ചില ഭക്ഷണങ്ങളും പോഷകങ്ങളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷക പഠനമുണ്ടെന്ന് അവർ പറഞ്ഞു.
ഒരാളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ്
കൊക്കോയിൽ ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉത്പാദിപ്പിക്കാൻ തലച്ചോറ് ഉപയോഗിക്കുന്നു. നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന ഒരു പ്രധാന ഹോർമോണാണ് സെറോടോണിൻ.
ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്ന ഗ്രീൻ ടീയിൽ കാറ്റെച്ചിൻ (ഇജിസിജി) പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു വ്യക്തിയെ ജാഗ്രതയോടെ ഇരിക്കാനും സഹായിക്കുന്നു.
ബെൽ പെപ്പർ
വിറ്റാമിൻ എ, ബി 6 എന്നിവ അടങ്ങിയ ഇത് തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും അത്യാവശ്യമായ പോഷകമാണ്, കൂടാതെ ശരീരത്തിൽ സെറോടോണിൻ, നോറെപിനെഫ്രിൻ (മാനസികാവസ്ഥയെ സ്വാധീനിക്കുന്നു) എന്നീ ഹോർമോണുകൾ ഉണ്ടാക്കാനും സഹായിക്കുന്നു.
ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ
ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിഷാദം കുറയ്ക്കുന്നതിനും മറ്റ് മാനസികമായ അവസ്ഥകളെയും മെച്ചപ്പെടുത്തുന്നു. സാൽമൺ, ഫ്ളാക്സ് സീഡ്സ്, ചിയ വിത്തുകൾ, നട്സ് എന്നിവ ഒമേഗ -3 അടങ്ങിയ ചിലതാണ്.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പ്രോബയോട്ടിക് ബാക്ടീരിയകളാൽ സമ്പുഷ്ടമായതിനാൽ കുടലിന്റെ ആരോഗ്യം നിലനിർത്താൻ പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രധാനമാണ്. ബട്ടർ മിൽക്ക്, അച്ചാറിട്ട പച്ചക്കറികൾ, തൈര് തുടങ്ങിയ ഭക്ഷണങ്ങൾ പ്രോബയോട്ടിക്സിന്റെ സമൃദ്ധമായ ഉറവിടമാണ്. കുടലിൽ സെറോടോണിൻ (ഹാപ്പി ഹോർമോൺ) ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ പ്രധാനമാണ്.
നട്സ്
വിറ്റാമിനുകൾ, ധാതുക്കൾ, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നട്സ്, കൂടാതെ ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. നമ്മുടെ മാനസികാവസ്ഥ വർധിപ്പിക്കുന്നതിന് അവ ഒരുപോലെ പ്രധാനമാണ്. മഗ്നീഷ്യത്തിന്റെ കുറവ് വിഷാദത്തിനുള്ള സാധ്യത വർധിപ്പിക്കും.
പച്ച ഇലക്കറികൾ
ചീര പോലുളളവയിൽ ബി-വിറ്റാമിൻ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്, ഇതിന്റെ അഭാവം സെറോടോണിൻ, ഡോപാമൈൻ, നോറാഡ്രിനാലിൻ എന്നിവയുടെ ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു (മാനസികാവസ്ഥയ്ക്ക് പ്രധാനപ്പെട്ട ന്യൂറോ ട്രാൻസ്മിറ്ററുകൾ).
കഫീൻ
ഒരാളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഫീൻ സഹായിക്കുന്നു. കഫീന് ഓരോ വ്യക്തിയിലും വ്യത്യസ്തമായി പ്രവർത്തിക്കാൻ കഴിയും, അതിനാൽ കാപ്പി കുടിക്കുമ്പോൾ നിങ്ങൾക്ക് ദുഃഖമോ ഉറക്കമോ അല്ലെങ്കിൽ മറ്റ് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ അത് കുടിക്കുന്നത് ഒഴിവാക്കുക. കഫീൻ രഹിത പാനീയങ്ങൾ അല്ലെങ്കിൽ കട്ടൻ ചായ അല്ലെങ്കിൽ ഗ്രീൻ ടീ പോലുള്ള കഫീൻ കുറഞ്ഞ അളവിലുളള പാനീയങ്ങൾ തിരഞ്ഞെടുക്കുക.
Read More: ഡയറ്റിൽ നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനുളള എളുപ്പ വഴികൾ