ശരീര ഭാരം കുറയ്ക്കുകയെന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. ശരിയായ ഡയറ്റും വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ, ചിലർക്ക് ഇതെല്ലാം ചെയ്തിട്ടും ഫലം നിരാശജനകമാണ്. പ്രതീക്ഷിച്ച പോലെയത്ര ശരീര ഭാരം കുറയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ഒന്നുകിൽ നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കുന്നു, അല്ലെങ്കിൽ നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി എരിച്ചുകളയുന്നില്ല. ഓരോരുത്തരുടെയും ഭക്ഷണക്രമം വ്യത്യസ്തമാണ്. ഏതെങ്കിലും ഡയറ്റ് പിന്തുടരുന്നതിനു മുൻപ് അടിസ്ഥാനപരമായ എല്ലാ മെഡിക്കൽ അവസ്ഥകളും പരിഗണിക്കണം. ഡയറ്റും വ്യായാമവും ചെയ്യുമ്പോൾ ശരീര ഭാരം കുറയുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ ഇവയാണ്.
യഥാർഥ ലക്ഷ്യം
കലോറി ഉപഭോഗം കുറയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നത് എളുപ്പമാക്കും. കലോറി ഉപഭോഗം തീരെ കുറവാകാതെയിരിക്കാൻ ശ്രദ്ധിക്കുക. ഇത് പോഷകങ്ങളുടെ അഭാവം, അമിതമായ വിശപ്പ്, ഊർജ കുറവ്എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാൻ യഥാർഥ ലക്ഷ്യം നിശ്ചയിക്കേണ്ടതുണ്ട്.
ഒരു ദിനചര്യയിൽ ഉറച്ചുനിൽക്കുക
ഒരു ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് താൽപര്യം നഷ്ടപ്പെടാത്ത വിഭവങ്ങൾ ഉൾപ്പെടുത്തുക. തിരക്കേറിയ വർക്ക് ഷെഡ്യൂൾ ഉണ്ടെങ്കിൽ ഡയറ്റ് മുൻകൂട്ടി തീരുമാനിക്കുക. അതിലൂടെ നിങ്ങൾക്ക് എല്ലാം തയ്യാറാക്കി സൂക്ഷിക്കാനും ഡയറ്റ് നിലനിർത്താനും കഴിയും.
ഭക്ഷണം ഒഴിവാക്കരുത്
എത്ര തിരക്കിലാണെങ്കിലും ഭക്ഷണങ്ങളൊന്നും ഒഴിവാക്കരുത്. ദിവസം മുഴുവൻ ആരോഗ്യത്തോടെ തുടരാൻ പോഷകങ്ങൾ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുക. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് അനാവശ്യമായി ലഘുഭക്ഷണം കഴിക്കാനുള്ള പ്രലോഭനത്തിലേക്ക് നയിക്കില്ല, മാത്രമല്ല നിങ്ങളുടെ കലോറി എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും.
ലേബലുകൾ വായിക്കുക
കടയിൽനിന്ന് എന്തെങ്കിലും സാധനം വാങ്ങുകയാണെങ്കിൽ, ലേബലുകൾ തീർച്ചയായും വായിക്കുക. ലേബലുകളിൽ പോഷകാഹാരങ്ങളുടെ ഉള്ളടക്കവും കലോറി വിവരങ്ങളും ഉണ്ട്. ഈ ഭക്ഷണം നിങ്ങളുടെ ഡയറ്റ് പ്ലാനിൽ എങ്ങനെ ഉൾപ്പെടുത്താമെന്ന് മനസിലാക്കാൻ ഇത് സഹായിക്കും.
ചെറിയ പാത്രം
ഒരു ചെറിയ പാത്രം ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ അളവ് പരിശോധിക്കാൻ സഹായിക്കും. ക്രമേണ, നിങ്ങളുടെ ശരീരം ചെറിയ അളവ് കൊണ്ട് വിശപ്പ് ശമിപ്പിക്കാൻ ശീലമാകും. സാവധാനത്തിൽ ഭക്ഷണം കഴിക്കുകയും വയർ നിറഞ്ഞതായി തോന്നുന്നതിന് മുമ്പ് നിർത്തുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.