രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ വളരെ പ്രധാന പങ്കു വഹിക്കുന്നു. ഒട്ടു മിക്കപേരും എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത് ശരീരത്തെ ചാർജ് ചെയ്യുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നത് സത്യമാണ്. പക്ഷേ ഇതൊരിക്കലും ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പല്ല.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദോഷകരമാണെന്ന് പ്രസ്താവിക്കുന്ന അവകാശവാദങ്ങൾ ഒരിക്കലും അവഗണിക്കാനാവില്ല. രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിക്കോ പകരം ഊർജം നൽകുന്ന മറ്റൊരു ഭക്ഷണത്തെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ. ചൂടുള്ള പാനീയത്തിന് പകരം ഒരു ആപ്പിൾ ഉപയോഗിച്ച് ദിവസം തുടങ്ങാൻ ശ്രമിക്കണമെന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ആപ്പിളിൽ കഫീൻ ഇല്ലെങ്കിലും അവയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധൻ പറഞ്ഞു. അത് രാവിലെ നിങ്ങളെ ഉണർത്തും. “സുസ്ഥിരമായ ഊർജ്ജം നൽകുന്നു, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്ന നാരുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്” നമി അഗർവാൾ പറയുന്നു. രാവിലെ ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്.
- ദഹനം
ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. സുഗമമായ മലവിസർജ്ജനത്തിന് നാരുകൾ സഹായിക്കും. മാത്രമല്ല, വയറിലെ അസ്വസ്ഥതകളും മലബന്ധവും തടയുന്നു.
- പ്രമേഹം
ആപ്പിളിൽ കാണപ്പെടുന്ന പോളിഫെനോൾ ശരീരത്തിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ തടയുന്നു. കോശങ്ങളിലെ ഇൻസുലിൻ റിസപ്റ്ററുകളെ ഉത്തേജിപ്പിക്കാൻ പോളിഫെനോൾ സഹായിക്കുന്നു.
- അനീമിയ
ആപ്പിൾ ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. വിളർച്ചയുള്ളവർ ഈ പഴം കഴിക്കുക.
- ശരീര ഭാരം കുറയ്ക്കും
ആപ്പിൾ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ആപ്പിളിലെ ഫൈബർ ഉള്ളടക്കം ദീർഘനേരം സംതൃപ്തി നിലനിർത്തുന്നു. അതിലൂടെ വിശപ്പ് ശമിപ്പിക്കുന്നു.
- കുടൽ ആരോഗ്യം
ആപ്പിൾ വൻകുടലിലെ ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾക്കറിയാമോ? അവ ദഹനനാളത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.