scorecardresearch
Latest News

പ്രമേഹമുള്ളവർ ഈ വെജിറ്റബിൾ കഴിക്കൂ, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം

പ്രമേഹമുള്ളവർ തീർച്ചയായും കഴിക്കേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്ന ഒന്നുണ്ട്

health, health news, ie malayalam

പ്രമേഹമുള്ളവർക്ക് ഭക്ഷണക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം, എന്തൊക്കെ ഒഴിവാക്കണം എന്ന സംശയം ഇപ്പോഴും ബാക്കിയുണ്ടോ? എങ്കിൽ തീർച്ചയായും കഴിക്കേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്ന ഒന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന കിഴങ്ങ് വർഗത്തിൽപ്പെട്ട പച്ചക്കറിയായ മുള്ളങ്കി അഥവാ റാഡിഷ്.

“വിറ്റാമിൻ സി യുടെ ഏറ്റവും വലിയ സ്രോതസുകളിലൊന്നാണ് റാഡിഷ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. പ്രായമാകുന്നതുമൂലവും അനാരോഗ്യകരമായ ജീവിതശൈലിമൂലവുമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്. കൂടാതെ, ചെറിയ അളവിൽ ഫോസ്ഫറസ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം മുതലായവയും റാഡിഷിൽ അടങ്ങിയിട്ടുണ്ട്,” സിറ്റിസൺസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനായ ഡോ.സ്നേഹ സത്‌ല പറയുന്നു.

പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്രയും സമാനമായ ഒരു അഭിപ്രായമാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കിടുന്നത്. “കേവലം സലാഡുകളിലെ ചേരുവ മാത്രമല്ല റാഡിഷ്, മറിച്ച് ധാരാളം ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്,” അവർ കുറിച്ചു. ഈ പച്ചക്കറിയുടെ ഗുണങ്ങൾ ഇവയാണ്:

കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു

റാഡിഷ് പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് കാൻസർ തടയുന്നതിൽ സഹായകമായേക്കാം. ജലവുമായി സംയോജിക്കുമ്പോൾ ഐസോത്തിയോസയനേറ്റുകളായി വിഘടിക്കുന്ന സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവ അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാനും ട്യൂമർ വികസനം തടയാനും സഹായിക്കുന്നു.

“ചില കാൻസർ സെൽ ലൈനുകളിൽ കോശങ്ങളുടെ മരണത്തിന് കാരണമാകുന്ന നിരവധി തരം ഐസോത്തിയോസയനേറ്റുകൾ റാഡിഷിൽ അടങ്ങിയിട്ടുണ്ട്,” ഡോ.സത്‌ല പറഞ്ഞു.

പ്രമേഹം നിയന്ത്രിക്കുന്നു

നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പല രീതിയിൽ ബാധിക്കാം. അവയുടെ സൂചികയാണ് ഗ്ലൈസെമിക് ഇൻഡക്സ് അഥവാ ജിഐ. ജിഐ കുറഞ്ഞിരിക്കുക എന്നതിനർത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക എന്നതാണ്. അതിനാൽ തന്നെ കുറഞ്ഞ ജിഐയും കലോറിയുമുള്ള റാഡിഷ് പ്രമേഹരോഗികൾക്ക് അത്യുത്തമമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിലും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ഇവയിലുള്ള നാരുകൾ സഹായകമായേക്കാം.

“രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് അഡിപോനെക്റ്റിൻ. റാഡിഷിൽ അഡിപോനെക്റ്റിനെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്,” ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകളുടെയും ഐസോത്തിയോസയനേറ്റുകളുടെയും സാന്നിധ്യമാണ് റാഡിഷിനെ പ്രമേഹ സൗഹൃദഭക്ഷണമാക്കുന്നതെന്നാണ് ന്യൂട്രിവൈബ്സ് സ്ഥാപകയും ന്യൂട്രീഷ്യനിസ്റ്റുമായ ശിവാനി കണ്ഡാൽ പറയുന്നത്. ” നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ അര കപ്പ് റാഡിഷ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് പച്ചയ്ക്കോ ജ്യൂസ് ആയോ കഴിക്കാം. ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുക, മൂത്രനാളിയിലെ അണുബാധകൾ ഇല്ലാതാക്കുക, ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുക, കൊഴുപ്പിന്റെ ഉപാപചയം മെച്ചപ്പെടുത്തുക എന്നിങ്ങനെ മറ്റ് ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്,” അവർ പറഞ്ഞു.

“റാഡിഷിലുള്ള കോഎൻസൈം ക്യു10 ഉം പ്രമേഹം തടയാൻ സഹായിക്കുന്നവയാണ്. കൂടാതെ, ഇവയിലെ നാരുകൾ ദഹനപ്രക്രിയയിലും മലബന്ധം തടയുന്നതിലും ഫലപ്രഥമാണ്.” അവർ കൂട്ടിച്ചേർത്തു.

രക്തസമ്മർദം കുറയ്ക്കും

റാഡിഷ് പൊട്ടാസ്യത്തിന്റെയും ഒരു നല്ല സ്രോതസാണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കുകയും തത്ഫലം ഹൃദയാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. “രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്,” ലവ്നീത് കുറിച്ചു. “പൊട്ടാസ്യത്താൽ സമ്പുഷ്ടമായതിനാൽ ഇവ രക്തസമ്മർദം നിയന്ത്രിക്കുന്നതിനൊപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും സഹായകമാകും,” ഡോ.സത്‌ല പറഞ്ഞു.

ദഹനവ്യവസ്ഥയ്ക്ക് ഉത്തമം

റാഡിഷിലുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ദഹനനാളത്തിന് നല്ലതാണ്. “കുടലിലൂടെയുള്ള മാലിന്യങ്ങളുടെ നീക്കംചെയ്യലിനും മലബന്ധം തടയുന്നതിലും ഇവ സഹായകമാണ്,” ലവ്നീത് വിശദീകരിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diabetics this root vegetable will help manage blood sugar level