കൊച്ചി: പ്രമേഹ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹമുള്ളവര്‍ എത്രയും വേഗം തന്നെ വാക്സിനെടുക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ കുത്തിവയ്പ്പെടുത്തശേഷം പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം പലര്‍ക്കുമുണ്ട്.
“കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനായി പ്രമേഹ രോഗികള്‍ വാക്സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വാക്സിനെടുത്ത ശേഷം പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്,” ലോര്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ അനില്‍ സാഗര്‍ പറയുന്നു.
കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം പ്രമേഹ രോഗികള്‍ ആഹാരത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ തുടരാന്‍ സഹായിക്കുന്നു. പ്രതിരോധശേഷി ഉണ്ടാകുന്നതിലും വര്‍ധിപ്പിക്കുന്നതിലും ഭക്ഷണരീതി നിര്‍ണായക പങ്ക് വഹിക്കുന്നതായും ഡോ. അനില്‍ വ്യക്തമാക്കുന്നു.
വാക്സിന്‍ സ്വീകരിച്ച പ്രമേഹ രോഗികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മത്സ്യം: ഒമേഗ – 3 കൊഴുപ്പ് ഉള്‍പ്പെട്ടതാണ് മത്സ്യങ്ങള്‍. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
മുട്ട: പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. ഇതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ പ്രതിരോധ ശേഷി ബലപ്പെടുത്തുന്ന അമിനോ ആസിഡും മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
കോഴി: കോഴിയിറച്ചി ഉപയോഗിച്ചുള്ള സൂപ്പ് ആരോഗ്യത്തിന് ഗുണപ്രദമാണ്. വാക്സിനേഷന് ശേഷമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോഴിയിറച്ചിയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. ഇത് പ്രമേഹ രോഗികള്‍ കഴിക്കാന്‍ ഉത്തമമാണ്. ഒരാഴ്ചയില്‍ മൂന്ന് തവണ വരെ കഴിക്കാവുന്നതാണ്.
പഴങ്ങളും പച്ചക്കറികളും: പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
വാക്സിനെടുത്ത് കഴിഞ്ഞാല്‍ ശരീരത്തില്‍ വെള്ളത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. പഴങ്ങളും, പച്ചക്കറികളും കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ധാരളം കുടിക്കുകയാണെങ്കില്‍ ക്ഷീണം, പനി, വേദനകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞള്‍: കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വാക്സിന്‍ എടുത്ത ശേഷവും മുന്‍പും സമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഞ്ഞള്‍ ചേര്‍ത്ത പാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
വാക്സിനെടുത്ത ശേഷം പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍?
വാക്സിനെടുത്തു കഴിഞ്ഞാല്‍ മാസ്ക് ധരിക്കേണ്ടതില്ല എന്നൊരു ചിന്തയുണ്ട്. ഇത് പൂര്‍ണമായും തെറ്റായ കാര്യമാണ്. വലിയ ശതമാനം ആളുകള്‍ വാക്സിന്‍ സ്വീകരിക്കുന്നത് വരെ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. പ്രധാനമായും പ്രമേഹ രോഗികള്‍. ഇതിന് പുറമെ സാമൂഹിക അകലം പാലിക്കാനും, കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ശ്രമിക്കണം, ഡോ. സാഗര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
- മദ്യപാനം, പുകവലി എന്നിവ വാക്സിന്‍ എടുത്തതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഒഴിവാക്കണം. അല്ലാത്ത പക്ഷം പാര്‍ശ്വ ഫലങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
- ഭക്ഷണം കഴിക്കാതെ വാക്സിന്‍ സ്വീകരിക്കാന്‍ പോകരുത്.
- കഫൈന്‍ അടങ്ങിയ പാനിയങ്ങളും കുത്തിവയ്പ്പെടുത്തതിന് ശേഷം ഒഴിവാക്കണം.
- ശരീരത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യരുത്.
- കുത്തിവയ്പ്പെടുത്ത സ്ഥലത്ത് തണുപ്പോ, ചൂടോ കൂടുതല്‍ ഉള്ള വസ്തുക്കള്‍ വക്കാന്‍ പാടില്ല.
വാക്സിനേഷന്‍ മൂലം ചെറിയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രേമേഹ രോഗികള്‍ കുത്തിവയ്പ്പെടുത്ത് കഴിഞ്ഞാല്‍ കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം പനി, തലവേദന, കൈകള്‍ക്ക് വേദന എന്നിവ അനുഭവപ്പെടാം. മൂന്ന് ദിവസത്തില്‍ കൂടുതല്‍ പ്രസ്തുത ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
Also Read: തിളങ്ങുന്ന ചർമ്മത്തിനായ് 5 സിംപിൾ ടിപ്സ്