പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടതുണ്ട്. ഇത് നിയന്ത്രണവിധേയമല്ലെങ്കിൽ , പ്രമേഹം പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. നാഡീ ക്ഷതം, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയും അതിലേറെയും ഇവയിൽ ഉൾപ്പെടുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതടക്കം പ്രമേഹം നിയന്ത്രിക്കുന്നതിൽ മറ്റ് പല കാര്യങ്ങളും സഹായിക്കും. പൊണ്ണത്തടിയും പ്രമേഹവും മാരകമായ സംയോജനമാണ്. ഈ രണ്ട് ആരോഗ്യപ്രശ്നങ്ങളും ഒരുമിച്ചു ചേർന്നാൽ പലരീതിയിൽ ആരോഗ്യത്തെ ബാധിക്കും.
പ്രമേഹമുള്ളവർ ശരീരഭാരം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?
അമിതഭാരമുള്ള പ്രമേഹരോഗിക്ക് ഉയർന്ന രക്തസമ്മർദം, മോശം കൊളസ്ട്രോളിന്റെ അളവ്, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയം, കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗിക്ക് അധിക ശരീരഭാരം ഉണ്ടെങ്കിൽ പ്രമേഹ നിയന്ത്രണവും ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം.
ശരീരഭാരം ചെറിയ രീതിയിൽ കുറയുന്നതുപോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഹൃദയം, വൃക്കകൾ, അസ്ഥികൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഭാഗമായി ശരീരഭാരം നിയന്ത്രിക്കണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (എഡിഎ) 2022 ലെ മാർഗനിർദേശത്തിൽ പറയുന്നു.
”ടൈപ്പ്-2 പ്രമേഹമുള്ളവരിൽ അമിത ശരീരഭാരം പല ഗുരുതരമായ സങ്കീർണതകൾക്കുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ അവ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യയിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 67% പേരും അമിതവണ്ണത്തോടെയാണ് ജീവിക്കുന്നതെന്ന് ഒരു പഠനം കാണിക്കുന്നു. പ്രമേഹവും അമിതഭാരവും ഉള്ള ആളുകൾ ശരീരഭാരം കുറയ്ക്കുന്നത് ഹൃദ്രോഗം, വൃക്കരോഗം, അസ്ഥി പ്രശ്നങ്ങൾ എന്നിവയുടെ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ടൈപ്പ്-2 പ്രമേഹ നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. രണ്ട് അവസ്ഥകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ നിരവധി പുതിയ മാർഗങ്ങൾ സഹായിക്കും,” ഡൽഹിയിൽ നടന്ന ഒരു പാനൽ ചർച്ചയിൽ, മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും തലവനുമായ ഡോ. അംബ്രീഷ് മിത്തൽ പറഞ്ഞു.
സമീകൃതാഹാരത്തിനൊപ്പം സജീവമായ ജീവിതശൈലിയും പ്രമേഹവും ശരീരഭാരവും ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാൻ ഒരാളെ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.