scorecardresearch
Latest News

പ്രമേഹരോഗികൾ ബ്രേക്ക്ഫസ്റ്റിൽ ഇവ ഉൾപ്പെടുത്തൂ

പ്രമേഹരോഗികൾക്ക് ബ്രേക്ക്ഫസ്റ്റിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഏതാനും ഭക്ഷണങ്ങൾ നിർദ്ദേശിക്കുകയാണ് ഡോ. അശോക് കുമാർ

പ്രമേഹരോഗികൾ ബ്രേക്ക്ഫസ്റ്റിൽ ഇവ ഉൾപ്പെടുത്തൂ

ദൈനംദിന ജീവിതത്തിൽ പ്രഭാതഭക്ഷണത്തിന് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണുള്ളത്. ഉറങ്ങി എണീക്കുമ്പോൾ ശരീരത്തിന് വേണ്ടുന്ന ഊർജം നൽകുന്നത് രാവിലെ നമ്മൾ കഴിക്കുന്ന പ്രഭാതഭക്ഷണമാണ്. രുചിയേക്കാളുപരി പ്രഭാതഭക്ഷണം ശരീരത്തിന് പ്രയോജനപ്പെടുന്നയായിരിക്കണം. പക്ഷെ പ്രമേഹരോഗികൾക്ക് എല്ലാ ഭക്ഷണവും ആഗ്രഹിക്കുന്ന അളവിൽ കഴിക്കാൻ സാധിക്കയില്ല. പ്രമേഹരോഗികൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാതെ ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പ്രമേഹരോഗികൾക്ക് ഇണങ്ങിയ ഏതാനും ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ പരിചയപ്പെടുത്തുകയാണ് പ്രമേഹം, തൈറോയ്ഡ്, ഒബിസിറ്റി ആൻഡ് എൻഡോക്രൈനോളജി ചികിത്സകൾക്ക് പ്രശസ്തമായ ബിഎൽകെ-മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടറായ ഡോ. അശോക് കുമാർ ജിംഗൻ.

“പ്രമേഹരോഗികൾ പൂർണ്ണമായി സംസ്കരിക്കാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. ഭക്ഷണത്തിൽ മുഴു ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തണം, ” ഡോ. അശോക് കുമാർ പറയുന്നു.

പ്രമേഹരോഗികൾക്ക് ഭക്ഷണശൈലിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ആരോഗ്യകരമായ ചില പ്രഭാതഭക്ഷണങ്ങളും നിർദ്ദേശിക്കുകയാണ് അദ്ദേഹം.

ഓട്സ്
കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സ് നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞതുപോലെയുള്ള സംതൃപ്തി ലഭിക്കുന്നു. “രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നു,” ഡോ അശോക് കുമാർ ഇന്ത്യൻ എക്സ്സ്പ്രസ്സിനോട് പറഞ്ഞു.

മുട്ട
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ വേണ്ടി പ്രഭാതഭക്ഷണത്തിൽ മുട്ടയും ഉൾപ്പെടുത്താനാവുന്നതാണ്. കലോറി കുറഞ്ഞതും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ആരോഗ്യം നിലനിർത്തുവാനും മുട്ട സഹായിക്കുന്നു.

ബേസന്‍ ചീല
വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ഇണങ്ങിയ ബ്രേക്ക്ഫാസ്റ്റാണ് ബേസൻ ചീല. ഫൈബറിന്റെയും മഗ്നീഷ്യത്തിന്റെയും ഉറവിടമായ ബേസൻ കൊണ്ട് പാകപ്പെടുത്തുന്നതായതിനാൽ ഇതിൽ പോഷകഗുണമേറെയാണ്, ഇവ തയ്യാറാക്കാൻ എളുപ്പവുമാണ്.

ചിയ വിത്തുകൾ
ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു പ്രമേഹരോഗി ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതാണ് ഉത്തമം. ചിയ വിത്തുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും.

നട്സ്
നട്സ് ഊർജ്ജദായകവും പ്രോട്ടീൻ സമ്പന്നവും അത് പോലെ തന്നെ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്.

തൈര്
പ്രോട്ടീനിന്റെ ഉറവിടമാണ് തൈര്. തൈരിലെ ബാക്ടീരിയകൾ ഫെർമെന്റെഷൻ പ്രക്രിയയിൽ ലാക്ടോസ് ഷുഗർ ഉപയോഗിക്കുന്നതിനാൽ സ്വാഭാവികമായും തൈരിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്.

“രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയ്ക്കായി പ്ലെയിൻ ആയിട്ടുള്ള അല്ലെങ്കിൽ പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ഭക്ഷണ ഇനം തിരഞ്ഞെടുക്കുക,” ഡോ. അശോക് കുമാർ കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ചില കോമ്പിനേഷൻ ബ്രേക്ക്ഫാസ്റ്റുകളും ഡോ. അശോക് കുമാർ നിർദ്ദേശിക്കുന്നു.

  • ഓട്‌സ് പഴങ്ങളുടെയും ചിയ വിത്തുകളുടെ കൂടെ കഴിക്കുന്നത് നല്ലതാണ്.
  • ഗോതമ്പ് റൊട്ടിയും വാഴപ്പഴവും പ്രമേഹരോഗികൾക്കായുള്ള ഒരു മികച്ച കോമ്പിനേഷനാണ്.
  • കഷണങ്ങളാക്കിയ വെള്ളരിക്ക, തക്കാളി, മുട്ട എന്നിവ ഗോതമ്പ് ബ്രെഡിനോടൊപ്പം കഴിക്കാം.

പഞ്ചസാര, പോഷകമൂല്യം കുറവുള്ള ധാന്യങ്ങൾ, പേസ്ട്രി എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്താനും ഡോക്ടർ അശോക് കുമാർ ശുപാർശ ചെയ്യുന്നു. “സോസേജ് പോലുള്ളവയും പ്രഭാത ഭക്ഷണങ്ങളിൽ നിന്നും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനുത്തമം, അവ പതിവായി കഴിക്കുമ്പോൾ ചില ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും കൊഴുപ്പ് കൂടുതലുള്ളതിനാൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.”

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diabetes healthy breakfast options