ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന രോഗാവസ്ഥകളിൽ ഒന്നാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്, ഓരോ വർഷവും ഏകദേശം 1.5 ദശലക്ഷം മരണങ്ങൾ (പ്രമേഹം കാരണം) സംഭവിക്കുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണിത്.
പ്രമേഹം പൂർണമായും ഭേദമാക്കാനാവില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുളള ഏറ്റവും നല്ല മാർഗമായി കണക്കാക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അടുക്കളയിൽ സാധാരണ ലഭ്യമായ ചില ചേരുകൾ പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജനപ്രിയ ഭക്ഷണമാണ് ഉള്ളി. ഉള്ളിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 ശതമാനം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയതായി സാൻ ഡിയാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ 97-ാമത് വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തിൽ പറയുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണെന്ന് പഠനം പറയുന്നു.
എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. മൂന്ന് ഗ്രൂപ്പ് എലികൾക്ക് (പ്രമേഹം ഉള്ളത്) മൂന്ന് വ്യത്യസ്ത അളവിൽ ഉള്ളിയുടെ നീര് നൽകി. പ്രമേഹമുള്ള എലികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയുകയും കൊളസ്ട്രോളിന്റെ അളവ് കുറയുകയും ചെയ്യുന്നതായി കണ്ടെത്തി. പക്ഷേ, ഉള്ളി എങ്ങനെയാണ് രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകർക്ക് വിശദമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായ് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്താനാണ് നീക്കം.
ആരോഗ്യകരമായ ജീവിതശൈലിക്ക് ദൈനംദിന ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്താവുന്നതാണ്. പക്ഷേ, ജീവിതശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരെ സമീപിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.