scorecardresearch

വർഷങ്ങളായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല, 10 മണിക്കൂർ ഉറങ്ങും; അക്ഷയ് ഖന്നയുടെ ഫിറ്റ്‌നസ് രഹസ്യം

ബിസ്കറ്റോ സാൻഡ്‌വിച്ചോ പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലവുമില്ല. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും

ബിസ്കറ്റോ സാൻഡ്‌വിച്ചോ പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലവുമില്ല. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും

author-image
Health Desk
New Update
Akshaye Khanna

അക്ഷയ് ഖന്ന

ബോളിവുഡിലെ ശ്രദ്ധേയനായ നടൻ അക്ഷയ് ഖന്ന തന്റെ 50-ാം വയസിലും ആരോഗ്യവും ചുറുചുറുക്കും നിലനിർത്തുന്നത് എങ്ങനെയാണെന്ന് അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. തന്റെ പുതിയ ചിത്രമായ 'ധുരന്ധറിലെ' ശ്രദ്ധേയമായ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നതിനിടയിലാണ് താരം തന്റെ വിചിത്രമെന്നു തോന്നാവുന്ന ജീവിതശൈലിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

പ്രഭാതഭക്ഷണമില്ല, ലഘുഭക്ഷണവുമില്ല

നമ്മുടെ നാട്ടിൽ 'പ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിക്കണം' എന്നാണല്ലോ പറയാറുള്ളത്. എന്നാൽ അക്ഷയ് ഖന്നയുടെ രീതി നേരെ തിരിച്ചാണ്. താൻ കാലങ്ങളായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. പകരം ഉച്ചഭക്ഷണവും അത്താഴവും മാത്രമാണ് താരത്തിന്റെ മെനുവിലുള്ളത്.

Also Read: മരുന്നും വ്യായാമവും മാത്രം പോരാ; പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

"ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല. നേരിട്ട് ഉച്ചഭക്ഷണം, പിന്നെ അത്താഴം. ഇതിനിടയിൽ ബിസ്കറ്റോ സാൻഡ്‌വിച്ചോ പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലവുമില്ല. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും," അക്ഷയ് ഖന്ന വെളിപ്പെടുത്തി.

ലളിതമായ ഭക്ഷണരീതി

സിനിമയുടെ തിരക്കിലായാലും വീട്ടിലായാലും ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ അക്ഷയ് വരുത്താറില്ല. വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമാണ് തനിക്ക് പ്രിയമെന്ന് അദ്ദേഹം പറയുന്നു. ഉച്ചഭക്ഷണത്തിന് പരിപ്പും ചോറിനും ഒപ്പം കറിയോ അല്ലെങ്കിൽ ചിക്കനോ മീനോ കഴിക്കും. രാത്രിയിൽ ചപ്പാത്തിയും ഒപ്പം പച്ചക്കറി വിഭവവും ചിക്കനും. വെണ്ടയ്ക്കാണ് താരത്തിന്റെ ഇഷ്ട പച്ചക്കറി. ലിച്ചിയാണ് ഇഷ്ടപ്പെട്ട പഴം.

Also Read: ഭക്ഷണം കഴിച്ചതിനു ശേഷമുള്ള വായ്‌നാറ്റം അകറ്റാം, ഇവയിലൊന്ന് എടുത്ത് ചവയ്ക്കൂ

ആരോഗ്യത്തിന്റെ അടിസ്ഥാനം 'ഉറക്കം'

ഭക്ഷണത്തേക്കാൾ അക്ഷയ് പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ദിവസവും പത്ത് മണിക്കൂർ എങ്കിലും താൻ ഉറങ്ങാറുണ്ടെന്ന് താരം ബോളിവുഡ് ഹംഗാമയോട് പറയുന്നു. ജോലിത്തിരക്കിനിടയിലും വിശ്രമത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകുന്നു. ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും മാനസികമായ ആരോഗ്യത്തിനും മികച്ച ഉറക്കം അത്യന്താപേക്ഷിതമാണെന്ന് താരം വിശ്വസിക്കുന്നു.

Also Read: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ

വിദഗ്ധർ പറയുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ച് പല തർക്കങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, സാഹചര്യമാണ് ഏറ്റവും പ്രധാനമെന്ന് വിദഗ്ധർ പറയുന്നു. "ചില വ്യക്തികൾക്ക്, പ്രത്യേകിച്ച് പകൽ സമയത്ത് സമീകൃതാഹാരം കഴിക്കുകയും സ്ഥിരമായ ഊർജ നില നിലനിർത്തുകയും ചെയ്യുന്നവർക്ക്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കണമെന്നില്ല. പ്രധാന കാര്യം ദൈനംദിന പോഷകാഹാരം, ഉപാപചയ പ്രതികരണം, ശരീരം എങ്ങനെ അനുഭവപ്പെടുന്നു, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ്. അക്ഷയ് ഖന്നയുടെ ദിനചര്യ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഭക്ഷണരീതി പരമ്പരാഗത നിയമങ്ങൾ പാലിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ സ്വാഭാവിക വിശപ്പും ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നു എന്നാണ്," കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.

ഈ ജീവിതശൈലിയിൽ ഏറ്റവും ശ്രദ്ധേയമായത് ഉറക്കത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ്. പത്തു മണിക്കൂർ ഉറക്കം ചിലർക്ക് കൂടുതലായി തോന്നാമെങ്കിലും, ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും, വിശപ്പിനെ നിയന്ത്രിക്കാനും, ദീർഘകാല ആരോഗ്യത്തിനും ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും നിർണ്ണായക പങ്കുവഹിക്കുന്നു. ശരിയായ ഉറക്കം ശാരീരികമായ വീണ്ടെടുക്കലിനും, മാനസിക വ്യക്തതയ്ക്കും സഹായിക്കുന്നു. ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളെക്കാൾ ഉപരിയായി ആരോഗ്യത്തിന് ഉറക്കം വലിയ ഗുണം ചെയ്യുന്നുവെന്ന് ഗോയൽ വ്യക്തമാക്കി.

അക്ഷയ് ഖന്നയുടെ ജീവിതശൈലി ഒരു പ്രധാന പാഠം നൽകുന്നുണ്ട്. "ആരോഗ്യം എന്നത് എല്ലാവരിലും ഒരേപോലെ പ്രവർത്തിക്കുന്ന ഒന്നല്ല. ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കും ദിനചര്യകൾക്കും അനുയോജ്യമായ ശീലങ്ങളാണ് ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്നത്. ചിലപ്പോൾ കുറച്ചു കാര്യങ്ങൾ മാത്രം ചെയ്യുക, എന്നാൽ അത് കൃത്യമായി ചെയ്യുക എന്നതാണ് ശാരീരിക സന്തുലിതാവസ്ഥയ്ക്കും ദീർഘായുസ്സിനും ഏറ്റവും നല്ലത്," ഗരിമ ഗോയൽ അഭിപ്രായപ്പെട്ടു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: