നിത്യോപയോഗ സാധനങ്ങളിൽ മായം ചേർക്കുന്നത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ആരോഗ്യകാര്യത്തിൽ ഏറെ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്. ഈ സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കുന്നതിനുള്ള എളുപ്പ വഴികൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഉപഭോക്താവിനെ വഞ്ചിക്കുകയും അവരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനുള്ള വഴികൾ പൊതുജനങ്ങൾക്ക് മനസിലാക്കി കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് എഫ്എസ്എസ്എഐയുടെ വെബ്സൈറ്റിൽ പറയുന്നു. പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനുള്ള എളുപ്പ് വഴി അടുത്തിടെ എഫ്എസ്എസ്എഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുന്ന രീതി
പ്ലെയിൻ ഗ്ലാസ് പോലെ മിനുക്കമുള്ള ചെരിഞ്ഞ പ്രതലത്തിൽ ഒരു തുള്ളി പാൽ ഒഴിക്കുക
ശുദ്ധമായ പാൽ ഒന്നുകിൽ തങ്ങിനിൽക്കുകയോ പതുക്കെ ഒഴുകുകയോ ചെയ്യും
പാലിൽ വെള്ളം കലർന്നിട്ടുണ്ടെങ്കിൽ പെട്ടെന്ന് ഒഴുകും
”ലാഭത്തിനുവേണ്ടി പല കച്ചവടക്കാരും പാലിൽ വെള്ളം ചേർക്കാറുണ്ട്. പാലിൽ ചേർക്കുന്നത് മലിനമായ വെള്ളമാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പോലും ഉണ്ടാക്കിയേക്കാം. അതിനാൽ, പാലിന്റെ പരിശുദ്ധി പരിശോധിക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ എളുപ്പ പരിശോധന പരീക്ഷിക്കുന്നത് നല്ലതാണ്,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
കോളറ, വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ടെന്ന് ഗോയൽ പറഞ്ഞു. പാൽ തിളപ്പിക്കുന്നതിലൂടെ മിക്ക തരം പാരസൈറ്റ്സുകളെയും ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാം. എന്നാൽ, പാലിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യാത്ത പൈപ്പി വെള്ളമാണെങ്കിൽ ഈ പാൽ തിളപ്പിച്ചാലും എല്ലാ സൂക്ഷ്മാണുക്കളും കെമിക്കലുകളും നശിക്കില്ലെന്നും ഗോയൽ പറഞ്ഞു. അത്തരം സഹാചര്യത്തിൽ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.