മുടി കൊഴിച്ചിൽ, താരൻ, അകാല നര എന്നിവ പോലുള്ള പ്രശ്നങ്ങൾ എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ആശങ്കയുണ്ടാക്കാറുണ്ട്. കാലാവസ്ഥ, ഹാർഡ് വാട്ടർ, അല്ലെങ്കിൽ ശരിയായ കേശ സംരക്ഷണ ദിനചര്യയുടെ അഭാവം പോലുള്ള നിരവധി ഘടകങ്ങൾ കാരണം, ധാരാളം ആളുകൾ കേശസംബന്ധിയായ പ്രശ്നങ്ങൾ അനുഭവിക്കുന്നു.
അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ധാരാളം ആളുകൾ വിലകൂടിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളെ ആശ്രയിക്കുമ്പോൾ, ചിലർ പല ഉപദേശങ്ങളെയും ആശ്രയിക്കുന്നു. എന്നാൽ അത്തരം ഉപദേശങ്ങളിൽ പറയുന്ന മാർഗങ്ങൾ എത്രത്തോളം ഫലപ്രദമാണ്?
സ്ഥിരമായി കേൾക്കുന്ന അത്തരം നാല് ഉപദേശങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ: ജുഷ്യ ഭാട്ടിയ സരിൻ. ഈയിടെ, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ഈ ഉപദേശങ്ങളെക്കുറിച്ച് അവർ പറയുന്നത്.
ഡോക്ടർ : ജുഷ്യ ഭാട്ടിയ സരിൻ പറയുന്നതനുസരിച്ച്, നിങ്ങളുടെ മുടിക്ക് ശരിക്കും പ്രയോജനകരമല്ലാത്ത ചില മാർഗങ്ങൾ ചുവടെ ചേർക്കുന്നു.
മുടി വളർച്ചയ്ക്ക് ആവണക്കെണ്ണ
മുടി വളർച്ചയ്ക്ക് ആവണക്കെണ്ണ നല്ലതാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ആ സാഹചര്യത്തിൽ അത്തരം ഉപദേശങ്ങൾ കുറച്ച് സംശയത്തോടെ കാണുന്നത് നല്ലതാണ്. ആവണക്കെണ്ണയ്ക്ക് ഒരു ദോഷവുമില്ല, പക്ഷേ അത് നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല.
മുടി കൊഴിച്ചിലിനുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങളെന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കണമെന്നും ഡെർമറ്റോളജിസ്റ്റ് കൂട്ടിച്ചേർത്തു.
Also Read: കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീര ഭാരം കൂട്ടുമോ?
മുടി വളർച്ചയ്ക്ക് ഉള്ളി നീര്
ഉള്ളി നിരിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ വരുന്ന ഒരു സ്വയം രോഗപ്രതിരോധ രൂപമായ അലോപ്പീസിയ ഏരിയാറ്റയെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാം. പക്ഷേ മറ്റൊരു തരത്തിലുള്ള മുടി കൊഴിച്ചിലും ഇത് അനുയോജ്യമല്ല.
വേഗത്തിലുള്ള വളർച്ചയ്ക്ക് മുടി മുറിക്കുക
മുടി വളർച്ച ഉണ്ടാകുന്നത് നിങ്ങളുടെ തലയോട്ടിയിലെ വേരുകളിൽ നിന്നാണ്, അറ്റത്ത് നിന്നല്ല. നിങ്ങളുടെ മുടി മുറിക്കുന്നത് മുടിയുടെ കാഴ്ചയിൽ മാറ്റം തോന്നിക്കുക മാത്രമേയുള്ളൂ.
നരച്ച മുടി പറിക്കുന്നത് അവയെ വർദ്ധിപ്പിക്കുന്നു
രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങൾ മെലാനിൻ ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ മുടി നരച്ചതാകുന്നു. അതിനാൽ നരച്ച മുടി പറിക്കുന്നത് അവയുടെ എണ്ണം വർദ്ധിപ്പിക്കില്ല. അവ സ്വാഭാവികമായും വർദ്ധിക്കുന്നതിനാലാണ് എണ്ണം വർദ്ധിക്കുന്നത്, അല്ലാതെ പറിച്ചതുകൊണ്ടല്ല.