ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെക്കുറിച്ച് നാമെല്ലാം ശ്രദ്ധിക്കുമ്പോഴും പല്ലിന്റെ ആരോഗ്യത്തെ അവഗണിച്ചുപോകാറുണ്ട്. പല്ലിന്റെ ആരോഗ്യത്തിന് ദന്തരോഗവിദഗ്ദ്ധനെ പതിവായി സന്ദർശിക്കുന്നത് പ്രധാനമാണ്. അതുപോലെ, ഒരാൾ അവരുടെ ദന്തശുചിത്വവും വീട്ടിൽ ശ്രദ്ധയോടെ ശ്രദ്ധിക്കണം.
ദന്ത ശുചിത്വം ഉറപ്പാക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങളുണ്ട്. അത്തരം ചില മാർഗങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ആയുർവേദ വിദഗ്ധ ഡോക്ടർ ദിക്സ ഭാവ്സർ. വെളുത്ത പല്ലുകൾ നേടാൻ അവ നിങ്ങളെ സഹായിക്കും.
“ബേക്കിംഗ് സോഡ, നാരങ്ങ, ഉപ്പ്, ഓറഞ്ച് തൊലികൾ, വാഴപ്പഴത്തിന്റെ തൊലി എന്നിവ പോലത്തെ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങൾ ഇതിനകം മടുത്തിട്ടുണ്ടാവും. അങ്ങനെയെങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നു,” ദന്ത ശുചിത്വത്തിനുള്ള ഫലപ്രദമായ അഞ്ച് പ്രകൃതിദത്ത പരിഹാരങ്ങൾ പങ്കുവച്ചുകൊണ്ട് അവർ എഴുതി.
എന്നാൽ ഈ ആയുർവേദപരമായ മാർഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് മുമ്പായി ഡോ ഭാവ്സാർ രണ്ട് നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു.
ക്ഷമ: ഇത് ഒറ്റരാത്രികൊണ്ട് ഫലം നൽകാൻ പോകുന്നില്ല, ഫലപ്രദമായ മാറ്റങ്ങൾ കാണിക്കാൻ സമയമെടുക്കും.
സ്ഥിരത: ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിന്, നിങ്ങൾ ഈ അഞ്ച് മാർഗങ്ങൾ സ്ഥിരമായി പരിശീലിക്കേണ്ടതുണ്ട്.
ഓയിൽ പുള്ളിംഗ്
വായിൽ എണ്ണ ഒഴിച്ച് കുലുക്കൊഴിയുന്നതിനെ ഓയിൽ പുള്ളിംഗ് എന്ന് വിളിക്കുന്നു. മോണയിൽ നിന്നും പല്ലുകളിൽ നിന്നും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാൻ ഈ രീതി സഹായിക്കുന്നു. വായിലെ അൾസർ ലഘൂകരിക്കാനും വായിലെ പേശികൾക്ക് വ്യായാമം നൽകാനും അതുവഴി അവയെ ശക്തിപ്പെടുത്താനും ടോൺ ചെയ്യാനും ഇത് സഹായിക്കുന്നു.
വേപ്പിന്റെയും ബബൂലിന്റെയും ചില്ലകൾ ഉപയോഗിച്ച് പല്ലു തേക്കുക
ഈ ഔഷധസസ്യങ്ങൾ ആൻറി മൈക്രോബയൽ സ്വഭാവമുള്ളവയാണ്. “അവ ചവയ്ക്കുന്നത് വായുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഏജന്റുകൾ പുറത്തുവിടുന്നു,” ഭാവ്സാർ വിശദീകരിച്ചു.
നാവ് വടിക്കൽ
വായ്ക്കകത്തെ അറ വൃത്തിയാക്കാനും പ്ലാക്ക് രൂപപ്പെടുന്നതിലേക്ക് നയിക്കുന്ന ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യാനും ഈ രീതി നല്ലതാണെന്ന് ഭാവ്സാർ വ്യക്തമാക്കി.
ഹെർബൽ മൗത്ത് റിൻസ്
മിക്ക ദന്തഡോക്ടർമാരും നിങ്ങളുടെ വായ വൃത്തിയാക്കാൻ വായ നന്നായി കഴുകാൻ നിർദ്ദേശിക്കുന്നു. “ത്രിഫല അല്ലെങ്കിൽ യഷ്ടിമധുവിന്റെ ഒരു ലായനി ഉപയോഗിച്ച് വായ കഴുകാം. വായിലെ ശുചിത്വം പാലിക്കുന്നതിനൊപ്പം, വായിലെ അൾസർ ലഘൂകരിക്കാനും ഈ മാർഗം സഹായിക്കുന്നു.”
ദിവസവും രണ്ടുതവണ പല്ല് തേക്കുക
ഭക്ഷണത്തിന് ശേഷം ഓരോ തവണയും പല്ല് തേക്കുന്നത് പ്രധാനമാണ്. പ്രത്യേകിച്ച് ചോക്ലേറ്റ് പോലുള്ള ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം. “ഒരു ദിവസം 4-5 തവണ പല്ല് തേക്കുന്നത് അസാധ്യമായതിനാൽ, രണ്ട് തവണ പല്ല് തേക്കുക (രാവിലെയും ഉറങ്ങുന്നതിനുമുമ്പും )” ഭാവ്സാർ കുറിച്ചു.
? മുകളിലെ ലേഖനം അറിവ് പങ്കുവയ്ക്കാൻ മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ വിദഗ്ധരുടെയോ മാർഗ്ഗനിർദ്ദേശം തേടുക.