scorecardresearch

എന്താണ് റൂട്ട് കനാല്‍, എപ്പോഴാണ് റൂട്ട് കനാല്‍ ചെയ്യേണ്ടത്?

റൂട്ട് കനാല്‍ ചികിത്സ അപകടകരമോ? എന്താണ് റൂട്ട് കനാലിൽ ചെയ്യുന്നത്? സംശയങ്ങൾ ദുരീകരിച്ച് ദന്തരോഗ വിദഗ്ധ

Root canal treatment, Root canal Surgery

റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ പിഴവ് മൂലം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം തിരിച്ചറിയാനാകാത്ത രീതിയിൽ വികൃതമായി പോയ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയ ഒന്നാണ്. റൂട്ട് കനാലിനെ കുറിച്ച് നിരവധി പേരിൽ ആശങ്കയുണ്ടാവാൻ ആ സംഭവം കാരണമാവുകയും ചെയ്തു. എന്താണ് റൂട്ട്കനാൽ? റൂട്ട് കനാൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ വീണാസ് ഡെന്റൽ കെയറിലെ ഡെന്റിസ്റ്റായ വീണ എസ് രവി.

“എന്താണ്‌ റൂട്ട്‌ കനാൽ ചികിത്സ എന്നറിയണമെങ്കിൽ പല്ലിന്റെ ഘടനയെപ്പറ്റി ഒരു ഏകദേശ ധാരണ വേണം. മോണയ്ക്ക്‌ പുറത്ത്‌ കാണുന്ന ക്രൗൺ, മോണയുടെ ഉള്ളിൽ ഉള്ള റൂട്ട്‌ അഥവാ വേര്‌ എന്നീ രണ്ടു ഭാഗങ്ങളാണ്‌ പല്ലിനുള്ളത്‌. ഇനി പല്ലിനെ നെടുകെ മുറിച്ചാൽ ഏറ്റവും പുറമെ ഇനാമൽ, അതിനുള്ളിൽ കാണുന്ന ഡെന്റിൻ, ഏറ്റവും ഉള്ളിലായി പല്ലിന്റെ മജ്ജ അഥവാ പൾപ്പ്‌ എന്നീ ഭാഗങ്ങളാണുള്ളത്‌. ഈ മജ്ജയിലാണ്‌ പല്ലിലേക്കുള്ള രക്തക്കുഴലുകളും ഞരമ്പുകളും ഒക്കെയുള്ളത്‌. ഈ ഞരമ്പുകൾ വേരിനുള്ളിലൂടെ പോകുന്ന ചെറിയ വഴിയെ റൂട്ട്‌ കനാൽ എന്ന് വിളിക്കുന്നു.”

“കനാൽ എന്നൊന്നും കേട്ട്‌ തെറ്റിദ്ധരിക്കണ്ട, പലപ്പോഴും ഒരു സൂചിമുനയെക്കാൾ ചെറുതായിരിക്കും ഈ കനാലുകളുടെ വലിപ്പം. ശരിക്കും ഡെന്റിനും ഇനാമലും ഒരു കവചം പോലെ ഈ മജ്ജയെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ പല്ലിന്റെ കേട്‌/ പൊട്ടിപ്പോയ പല്ലുകൾ യഥാസമയം ചികിത്സിച്ചില്ല എങ്കിൽ ബാക്റ്റീരിയ ഈ കേടിലൂടെ അകത്തേക്ക്‌ കടന്ന് പല്ലിന്റെ മജ്ജയിലെത്തിപ്പെടുകയും ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യും. അവിടെനിന്നും റൂട്ട് കനാലുകൾക്കുള്ളിലൂടെ എല്ലുകളിലേക്ക്‌ കൂടെ കടക്കുന്നതോടെ മിക്കവാറും പല്ല് നിർജ്ജീവമായിത്തീർന്നിരിക്കും.”

“ഇനാമലിലും ഡെന്റിനിലും മാത്രം ഒതുങ്ങുന്ന കേടുകൾ സാധാരണപോലെ അടയ്ക്കാൻ സാധിക്കും. എന്നാൽ കേട്‌ പൾപ്പിലേക്ക്‌‌ വ്യാപിച്ച അവസ്ഥയിൽ പിന്നെ പല്ലിനെ രക്ഷിക്കാനുള്ള മാർഗ്ഗം അണുബാധയേറ്റ പൾപ്പ്‌ നീക്കം ചെയ്യുക എന്നതാണ്‌. “

“ചുരുക്കി പറഞ്ഞാൽ പല്ലിനുള്ളിലെ അണുബാധയേറ്റ മജ്ജയും അനുബന്ധഭാഗങ്ങളും‌ പൂർണ്ണമായി നീക്കം ചെയ്ത്‌ ഈ കനാലുകൾക്കുള്ളിലൂടെ ബാക്റ്റീരിയ കടക്കാതിരിക്കാൻ ശരീരത്തിന്‌ സുരക്ഷിതമായ മറ്റൊരു വസ്തു ( ഉദാ: gutta percha points) ഉപയോഗിച്ച്‌ റൂട്ട്‌ കനാലുകൾ ഫിൽ ചെയ്ത്, ‌ പല്ലിനെ രക്ഷിക്കുന്ന ചികിത്സയാണ്‌ റൂട്ട്‌ കനാൽ ട്രീറ്റ്‌മന്റ്‌. ( അല്ലാതെ പലരും കരുതുംപോലെ വേര്‌ മുറിച്ച്‌ കളയുകയല്ല). ഇതോടുകൂടെ പല്ല് നിർജ്ജീവമാകും, ചൂട്‌/ തണുപ്പ്‌ ഒക്കെ അറിയാനുള്ള ശേഷി നഷ്ടപ്പെടും. എങ്കിലും പല്ല് എടുത്ത്‌ കളയാതെ സംരക്ഷിക്കാനും വേദനയില്ലാതെ ഭക്ഷണം ചവച്ച്‌ കഴിക്കാനും സാധിക്കും. “

വളരെയധികം കൃത്യതയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടുന്ന ഒരു ചികിത്സയാണിത്‌. മുൻകാലങ്ങളിൽ മൂന്നും നാലും വിസിറ്റുകൾ വേണ്ടി വന്നിരുന്നു. എന്നാൽ ശാസ്ത്രം വളരുകയും റൂട്ട്‌ കനാൽ ചികിത്സാ ഉപകരണങ്ങളിലും മരുന്നുകളിലും മാറ്റം വരികയും ചെയ്തതോടെ മിക്കവാറും ഒന്നോ രണ്ടോ വിസിറ്റിൽ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്‌. ഓർക്കുക, ഓരോരുത്തരുടെയും പല്ലിന്റെ ഘടനയും ഇൻഫെക്ഷന്റെ തോതും അനുസരിച്ച്‌ ഉപയോഗിക്കുന്ന മരുന്നുകളിലും വിസിറ്റുകളിലും ചികിത്സയുടെ ഇടവേളകളിലും വ്യത്യാസം വന്നേക്കാം. ഒരു വിസിറ്റിൽ റൂട്ട്‌ കനാൽ ചെയ്യുന്നത്‌ മോശമോ മാർക്കറ്റിംഗ്‌ തന്ത്രമോ അല്ലെന്ന് സാരം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Dental health and root canal treatment