ഉണക്കമുന്തിരിയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്. എന്നാൽ മിതമായ അളവിൽ കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. മലബന്ധത്താൽ ബുദ്ധിമുട്ടുന്നവർക്ക് മോചനം നൽകുന്ന ഒന്നാണ് ഉണക്ക മുന്തിരി.
മലബന്ധം നേരിടുന്ന ആളുകളോട് ഉണക്കമുന്തിരി ചവയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര. “ഉണക്കമുന്തിരിയിൽ നാരുകൾ കൂടുതലാണ്, കൂടാതെ ഒരു പോഷകഗുണമുള്ള ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഉണക്കമുന്തിരിയിൽ പഞ്ചസാര കൂടുതലുള്ളതിനാൽ മിതമായ അളവിൽ കഴിക്കുക,” ബത്ര പറഞ്ഞു.
ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഉണക്കമുന്തിരി കഴിക്കാമെങ്കിലും, ഏറ്റവും മികച്ച സമയം അതിരാവിലെയാണ്. ഈ ഉണങ്ങിയ പഴത്തിൽ ഫൈബറും ടാർടാറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി ശരീരത്തിന് നാരുകൾ (ലയിക്കുന്നതും ലയിക്കാത്തതും) നൽകുന്നു, ഇത് കുടലിന്റെ ആരോഗ്യവും ദഹനവും ഉറപ്പാക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുകയും ചെയ്യുന്നു. അവ ഇരുമ്പ്, പൊട്ടാസ്യം, ബി വിറ്റാമിനുകളും നൽകുന്നു.
ഉണക്കമുന്തിരിയിൽ ഊർജം നൽകുന്ന ഫ്രക്ടോസ് (ഇവയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്), അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. കുതിർത്ത കറുത്ത ഉണക്കമുന്തിരി നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
എല്ലുകളുടെ ആരോഗ്യത്തിനും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഉണക്ക മുന്തിരി ഗുണം ചെയ്യും. ദന്ത ശുചിത്വം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മികച്ചൊരു ഓപ്ഷനാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.