ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രമിക്കുമ്പോൾ പലരും ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാറുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണിത്. എന്നാൽ അതിലും മങ്ങലേറ്റിരിക്കുകയാണിപ്പോൾ, അമേരിക്കൻ ബ്രാൻഡായ ഹെർഷിയുടെ ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങളുടെ അപകടകരമായ അളവുകൾ ഉണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.
മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് ചോക്ലേറ്റ് തീർച്ചയായും നിങ്ങൾക്ക് ആരോഗ്യകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പീർ-റിവ്യൂഡ് ജേണലായ ന്യൂട്രീഷൻ റിവ്യൂസിൽ പ്രസിദ്ധീകരിച്ച കാതറിൻ പി. ബോണ്ടോണോയുടെ 2015 ലെ പഠനത്തിൽ, ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയിഡുകൾ നമ്മുടെ ധമനികളിലേക്ക് റിലാക്സിനുള്ള സിഗ്നലുകൾ അയയ്‌ക്കുന്നുവെന്നും അത് രക്തസമ്മർദ്ദം കുറയ്ക്കുമെന്നും കണ്ടെത്തി.
എന്നാൽ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 28 തരം ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ ആർസെനിക്, കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവയുടെ അളവ് പരിശോധിച്ചപ്പോൾ കിട്ടിയ റിപ്പോർട്ട് അത്ര നല്ലതല്ലെന്നാണ് ConsumerReports.org ന്റെ വാർത്താ ലേഖനത്തിൽ കണ്ടെത്തിയത്. പരിശോധിച്ച 28 എണ്ണത്തിൽ അഞ്ചെണ്ണത്തിലും ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് ഉപഭോഗത്തിന് സുരക്ഷിതമെന്ന് കരുതുന്നതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി.
അത് എങ്ങനെയാണ് ദോഷകരമാകുന്നത്?
ഈ ലോഹങ്ങളുടെ ഉയർന്ന അളവ് ഉപഭോഗതറ്തിന് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ ഫീറ്റസിന്റെ വികസന പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ഗർഭിണികളുടെ ഭക്ഷണത്തിൽ അതിന്റെ യാതൊരു അംശവും ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ചെറിയ കുട്ടികൾക്കും ഇത് സുരക്ഷിതമല്ല. കാരണം ഇത് മസ്തിഷ്ക വികാസത്തിനെയും ഐക്യുവിനെയും ബാധിക്കുന്നു. ഇക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉയർന്ന അളവിലുള്ള കാഡ്മിയത്തിന്റെ ദീർഘകാല ഉപഭോഗം വൃക്കയുടെ തകരാറിന് കാരണമാകും.
അപ്പോൾ എന്ത് ചെയ്യാൻ കഴിയും?
“പ്രോസസ്ഡ് ഫുഡ് ഒരിക്കലും ആരോഗ്യകരമാകില്ലെന്ന് നമ്മൾ മനസ്സിലാക്കണം. അത് ചോക്കലേറ്റായാലും ആരോഗ്യകരമായ ഭക്ഷണമായാലും. ഇത് രാസവസ്തുക്കൾ കലർന്നവയാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രോസസ്ഡ് ഫുഡ് ഒഴിവാക്കാനാവില്ല. അതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം എന്തുആകട്ടെ അവയുടെ അളവ് കുറയ്ക്കുക എന്നതാണ് ഏക മാർഗം, ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ എൻമാമി അഗർവാൾ പറയുന്നു.
പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. “ഭക്ഷണത്തിലെ സുരക്ഷ പരിശോധിക്കുന്നതിനും സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം മിതമായി കഴിക്കുക എന്നതാണ്. സ്വീറ്റ് ക്രേവിങിന് ഈന്തപ്പഴവും തേനും ഉപയോഗിക്കാം,” എൻമാമി പറയുന്നു.