തൈര് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും നിരവധി സംശയങ്ങളുണ്ട്. അതിൽ തന്നെ പ്രധാനം ശൈത്യകാലത്ത് തൈര് കഴിക്കാമോയെന്നാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ടെങ്കിലും ശൈത്യകാലത്ത് ഒരുപാട് പേർ തൈര് ഒഴിവാക്കാറുണ്ട്. ലാക്ടോബാസിലസ് എന്ന നല്ല ബാക്ടീരിയ അടങ്ങിയ തൈര് ശൈത്യകാലത്ത് നിങ്ങളുടെ പാത്രത്തിൽനിന്ന് പൂർണമായും ഒഴിവാക്കാൻ പാടില്ല. ജലദോഷം പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതിന്റെ അളവ് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. രാത്രിയിൽ തൈര് കഴിക്കുന്നതിനുപകരം ഉച്ചഭക്ഷണ സമയത്ത് കഴിക്കുന്നതാണ് നല്ലത്.

തൈരിൽ വിറ്റാമിനുകളും പ്രോട്ടീനുമുണ്ട്

വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് തൈര്. ശരീരത്തിൽനിന്ന് ദോഷകരമായ ബാക്ടീരിയകളെയും അണുബാധകളെയും അകറ്റിനിർത്താൻ ലാക്ടോബാസിലസ് സഹായിക്കുന്നു. പുളിപ്പിച്ച ഭക്ഷണമെന്ന നിലയിൽ തൈരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തൈര് തണുപ്പിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Read Also: തണുത്ത വെളളം കുടിച്ചാൽ ഗുണങ്ങളേറെ

ദഹനത്തെ സഹായിക്കും

ശരീരത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ തൈര് സഹായിക്കുന്നു, ഇത് അസിഡിറ്റി തടയുന്നു, ദഹനത്തെ സഹായിക്കുന്നു.

എല്ലുകളെ ബലപ്പെടുത്തും

തണുത്ത കാലാവസ്ഥ പല ആളുകളിലും അസ്ഥിപ്രശ്‌നങ്ങൾക്ക് കാരണമാകും. കാത്സ്യം ദിവസവും കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ മാത്രമല്ല, അവയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. തൈരിൽ കൊഴുപ്പും കലോറിയും കുറവാണ്. അതിനാൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും.

ആരോഗ്യകരമായ ചർമം നിലനിർത്താൻ സഹായിക്കും

തൈര് ഒരാളുടെ ചർമത്തിൽ മോയ്സ്ചറൈസിങ് ഫലമുണ്ടാക്കും. മാത്രമല്ല വരണ്ട ചർമത്തെ സ്വാഭാവികമാക്കി മാറ്റാനും സഹായിക്കും. നല്ലൊരു ഫെയ്സ്‌പായ്ക്ക് കൂടിയാണ് തൈര്. കാരണം ഇതിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും ചത്തകോശങ്ങളും മാലിന്യങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.

തൈര് വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് അത് കഴിക്കുന്നതിനും അതിന്റെ ഗുണങ്ങൾ നേടുന്നതിനും മറ്റു ചില വഴികളുണ്ട്.

  • ചോറിൽ തൈര്, അൽപ്പം കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് കഴിക്കുക.
  • മധുരം ഇഷ്ടമുളളവർക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് തൈര് കഴിക്കാം.
  • ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികൾ തൈരിൽ ചേർക്കുക. രുചി വർധിപ്പിക്കാൻ ഒരു നുള്ള് ഉപ്പും കുരുമുളകും വിതറുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook