scorecardresearch
Latest News

ബ്ലഡ് ഷുഗർ നിയന്ത്രിക്കും, ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും; വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

വെളളരിക്കയിൽ കലോറി കുറവാണ്. വെള്ളരിക്ക ജ്യൂസിലും കലോറി കുറവാണ്. അതിനാൽ തന്നെ മറ്റു സോഫ്റ്റ് ഡ്രിങ്ക്സുകളെപോലെ ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കുടിക്കാം

ബ്ലഡ് ഷുഗർ നിയന്ത്രിക്കും, ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും; വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ശരീര ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും വെളളരിക്ക മികച്ചതാണ്. വെളളരിക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ഉയർന്ന പോഷകഗുണമുള്ളതും ജലാംശം ധാരാളമായി അടങ്ങിയതുമായ വെള്ളരിക്ക ജ്യൂസ് വേനൽക്കാലത്ത് ശരീര ആരോഗ്യത്തിന് അനുയോജ്യമായ പാനീയമാണ്.

കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവുമുള്ള വെള്ളരിക്ക ജ്യൂസ് ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കാൻസറിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും

വെള്ളരിക്ക ജ്യൂസിലും കലോറി കുറവാണ്. അതിനാൽ തന്നെ മറ്റു സോഫ്റ്റ് ഡ്രിങ്ക്സുകളെപോലെ ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കുടിക്കാം. കുറഞ്ഞ കലോറിയും വെള്ളരി പോലുള്ള ഉയർന്ന ജലാംശമുള്ള പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലും പ്രമേഹം നിയന്ത്രിക്കുന്നതിലും വെള്ളരിക്ക ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെള്ളരിക്കയിലെ സസ്യ സംയുക്തങ്ങളായ കുക്കുർബിറ്റാസിനുകൾ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്നാണ് 2015 ലെ ഒരു അവലോകനം സൂചിപ്പിക്കുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ വെള്ളരിക്ക ഫലപ്രദമാണെന്നും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുമെന്നും മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാൻസറിനെതിരെ പോരാടാൻ സഹായിക്കും

കയ്പേറിയ രുചിയുള്ള കുക്കുർബിറ്റാസിൻ കാൻസർ വിരുദ്ധ ഗുണങ്ങളുള്ളതാണ്. 2015 ലെ ഒരു അവലോകനം അനുസരിച്ച്, കുക്കുർബിറ്റാസിൻ നിരവധി കാൻസർ കോശങ്ങളുടെ വളർച്ചയെയും വികാസത്തെയും തടഞ്ഞേക്കാം. കാരണം ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കാൻസർ കോശങ്ങളുടെ പുനരുൽപ്പാദനം കുറയ്ക്കുന്നതിനും വർധിപ്പിക്കുന്നതിനും വെള്ളരിക്ക സഹായിക്കുന്നുവെന്ന് മറ്റ് പഠനങ്ങൾ പറയുന്നു. അതിനാൽ വെള്ളരിക്ക ജ്യൂസ് ഭക്ഷണത്തിലെ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാണ്.

ദഹനത്തിന് സഹായിക്കും

വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് മലവിസർജ്ജനം ക്രമപ്പെടുത്താൻ സഹായിക്കും. നിർജലീകരണവും വെള്ളത്തിന്റെ അളവ് കുറയുന്നതും ദഹനത്തിനും മലബന്ധത്തിനുമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളരിക്ക ജ്യൂസിൽ വെള്ളവും നാരുകളും കൂടുതലുള്ളതിനാൽ മലബന്ധം തടയാനും മലവിസർജനം മെച്ചപ്പെടുത്താനും കഴിയും.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കും

വെള്ളരിക്കയിൽ കാണപ്പെടുന്ന ഉയർന്ന ഫൈബർ ഉള്ളടക്കം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കും. എങ്കിലും, വെള്ളരിക്ക ജ്യൂസ് മനുഷ്യന്റെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് പഠിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

വെളളരിക്ക ജ്യൂസ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

മീഡിയം വലിപ്പത്തിലുള്ള വെള്ളരിക്ക- 3 എണ്ണം
വെള്ളം- ഒരു കപ്പ്
നാരങ്ങ നീര്- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളരിക്കയുടെ തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
മിക്സി ജാറിലാക്കിയശേഷം 2 മിനിറ്റ് അരയ്ക്കുക
ജ്യൂസ് അരിച്ചെടുക്കുക
ഇതിലേക്ക് കുറച്ച് വെളളവും നാരങ്ങ നീരും ചേർക്കുക
ഫ്രിഡ്ജിൽ ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചശേഷം കുടിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Cucumber juice health benefits