scorecardresearch

Latest News

കുട്ടികളിലെ പനി നിസ്സാരമായി കാണരുത് ഈ കോവിഡ് കാലത്ത്

കുട്ടികളിൽ കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ തന്നെ പലപ്പോഴും കുട്ടികളിൽ കാണുന്ന മറ്റ് പല അസുഖങ്ങളെയും കോവിഡുമായി ബന്ധപ്പെടുത്തി ആലോചിക്കാനും പലരും മുതിരാറില്ല. എന്നാൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കുട്ടികളിൽ വരുന്ന എം എസ് ഐ എസ് -സി എന്ന് അറിയപ്പെടുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ ( Multisystem Inflammatory Syndrome in Children – MIS-C)

child, health, ie malayalam

കോവിഡ് ഒന്നാം തരംഗം കടന്നു പോയപ്പോൾ അത് ഏറെയും ബാധിച്ചത് വാർധക്യത്തിലുള്ളവരെയായിരുന്നു. രണ്ടാം തരംഗത്തിന് പക്ഷേ ആ പ്രായവ്യത്യാസം ഉണ്ടായില്ല. അത് യുവാക്കളെയും കുഞ്ഞുങ്ങളെയും ബാധിച്ചു. രണ്ടാം തരംഗത്തിലെ അതീതീവ്രവ്യാപനം അപ്രതീക്ഷിതമായ ദുരന്തങ്ങളാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. ഇന്ത്യയിൽ വെറും 55 ദിവസം കൊണ്ട് 577 കുട്ടികളെയാണ് കോവിഡ് അനാഥരാക്കിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ 55 ദിവസങ്ങളിൽ മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളുടെ പ്രാഥമിക എണ്ണമാണ് ഈ കണക്ക്. ഇനിയും സമൂഹത്തിൽ ആശങ്ക ഉയർത്തുന്നതാണ് വീണ്ടും വരുമെന്ന് കണക്കാക്കുന്ന കോവിഡ് മൂന്നാം തരംഗം. രണ്ടാം തരംഗത്തിൽ നേരിട്ട പ്രതിസന്ധികളിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് കുട്ടികളിൽ കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങൾ.

ആദ്യത്തെ കോവിഡ് തരംഗത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം തരംഗം കൂടുതൽ യുവതലമുറയെയും മധ്യവയസ്കരെയും ബാധിച്ചപ്പോൾ അത് സ്വാഭാവികമായും കുട്ടികളിലേക്കും കൂടുതലായി എത്തുന്നതിന് കാരണമായിട്ടുണ്ട്. കുട്ടികൾ കോവിഡ് പോസിറ്റീവ് ആകുന്നുണ്ടെങ്കിലും പലരിലും രോഗ ലക്ഷണങ്ങൾ കാണാറില്ല. കോവിഡ് മൂന്നാം തരംഗം എന്ന ഭീഷണി നിലനിൽക്കുന്നതിനിടെയാണ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ഈ അദൃശ്യ പ്രശ്നം നിലകൊള്ളുന്നത്. കുട്ടികളിൽ കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ തന്നെ പലപ്പോഴും കുട്ടികളിൽ കാണുന്ന മറ്റ് പല അസുഖങ്ങളെയും കോവിഡുമായി ബന്ധപ്പെടുത്തി ആലോചിക്കാനും പലരും മുതിരാറില്ല. എന്നാൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കുട്ടികളിൽ വരുന്ന എം എസ് ഐ എസ് -സി എന്ന് അറിയപ്പെടുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (Multisystem Inflammatory Syndrome in Children – MIS-C) എന്ന രോഗം.

ഈ രോഗം വളരെ ശ്രദ്ധിക്കേണ്ടതാണെന്ന മുന്നറിയിപ്പ് മൂന്ന് ദിവസം മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയിൽ ജനറൽ ആശുപത്രിയിൽ എം ഐ എസ് സി പിടിപ്പെട്ട എട്ടോളം ഗുരുതര കേസുകളാണ് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എം ഐ എസ് സി ഭയപ്പെടേണ്ടതില്ല, എന്നാൽ രോഗത്തിന് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാതിരുന്നാൽ അത് ജീവന് ഭീഷണിയായി മാറുകയും ചെയ്യാം.

What is Multisystem inflammatory syndrome in children (MIS-C)?; എന്താണ് എം ഐ എസ് സി?

വ്യാപകമല്ലെങ്കിൽ പോലും കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരവും സങ്കീർണ്ണവുമായ രോഗമാണ് എം ഐ എസ് സി എന്ന് മയോ ക്ലിനിക്ക് ഉൾപ്പടെയുള്ള ആരോഗ്യമേഖലയിലെ വിദഗദ്ധസ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പിടിപെടുന്ന കുട്ടികളിൽ അപൂർവ്വമായി മാത്രമാണ് ആദ്യഘട്ടത്തിൽ ഇത് കണ്ടത്. കോവിഡ് ബാധിക്കുന്ന എല്ലാ കുട്ടികളിലും ഈ രോഗം വരില്ല. എന്നാൽ എം ഐ എസ്-സി പിടിപെടുന്ന കുട്ടികളിൽ ഭൂരിപക്ഷവും കൃത്യമായ സമയത്ത് ശരിയായ വൈദ്യസഹായം ലഭിച്ചാൽ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കുട്ടികളുടെ സ്ഥിതി അതിവേഗം മോശമാകുകയും, അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കകയും അവയെലെന്തെങ്കിലും കുട്ടിയിൽ കാണുന്നുവെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുകയും വേണം. കൃത്യ സമയത്തെ ചികിത്സ ആരോഗ്യം വീണ്ടെടുക്കാൻ സഹായകമാകും. ഭയവും ആശങ്കയുമല്ല, ജാഗ്രതയോടെയുള്ള ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കലാണ് ഈ രോഗത്തെ മറികടക്കാനുള്ള മാർഗമെന്ന് ഡോക്ടർമാർ പറയുന്നു.

കോവിഡ് കുട്ടികളിൽ പലപ്പോഴും ചെറിയ രോഗമായി ഇത് വന്ന് മാറിയേക്കാം. എന്നാൽ കോവിഡ് പിടപ്പെട്ട കുട്ടികളിൽ വരുന്ന എം ഐ എസ് -സി ശരീരത്തിലെ ചില അവയവങ്ങളെയും കലകളെയും (organs and tissues) ബാധിക്കാനുള്ള സാധ്യതയുണ്ട്. കോവിഡ് വന്നതിന് ശേഷം ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികളുടെ പ്രതിപ്രവർത്തനം മൂലമാണ് കുട്ടികളിൽ എം ഐ എസ് -സി ( MIS-C) ഉണ്ടാകുന്നത്. കോവിഡ് രോഗം ഭേദമായ ശേഷം രണ്ടാഴ്ച മുതൽ രണ്ട് മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും എം ഐ എസ് – സി വരാം. ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്ക, തൊലി, തലച്ചോർ, ദഹനവ്യവസ്ഥ (digestive system) കണ്ണുകൾ എന്നീ അവയവങ്ങളെ എം ഐ എസ്- സി ബാധിക്കുന്നത്.

Read Here: മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു, എന്നാൽ; ആറു വയസ്സുകാരി മകളുടെ അനുഭവം വിവരിച്ച് നടൻ സാജൻ സൂര്യ

MIS-C Symptoms & Diagnosis: എം ഐ എസ് – സി പരിശോധന, ലക്ഷണങ്ങൾ

എം ഐ എസ് – സി വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് കുട്ടിക്ക് അടുത്തിടെ കോവിഡ് വന്നിട്ടുണ്ടോ എന്ന് അറിയാനുള്ള ആന്റിബോഡി, ആന്റിജൻ, ആർ ടി പിസി ആർ തുടങ്ങിയ പരിശോധന ആവശ്യാനുസരണം നടത്തണം. എം ഐ എസ് -സി യാണോ എന്ന് സ്ഥരീകരിക്കുന്നതിനായുള്ള മറ്റ് പരിശോധനകൾ (രക്തപരിശോധന) ഉൾപ്പടെ നടത്തേണ്ടതുണ്ട്.

മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C) ഉണ്ടാകുന്ന എല്ലാ കുട്ടികളിലും ഒരേ ലക്ഷണങ്ങളല്ല ഇത് കാണിക്കുക. എന്നാൽ, സാധാരണഗതിയിൽ എം ഐ എസ് -സി കുട്ടികളിൽ കാണിക്കുന്ന ലക്ഷണങ്ങളും അടയാളങ്ങളും ഉണ്ട്. എം ഐ എസ് സി)യുടെ പ്രധാന രോഗലക്ഷണങ്ങൾ ഇവയൊക്കെയാണ്.

 • ഒരു ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത കടുത്ത പനി
 • ഛർദ്ദി
 • വയറിളക്കം
 • വയറുവേദന
 • തൊലിപ്പുറത്ത് ചുവന്ന പാടുകൾ
 • അസാധാരണമായവിധത്തിലുള്ള തളർച്ച
 • ഹൃദയമിടിപ്പ് വേഗം കൂടുന്ന സ്ഥിതി വിശേഷം
 • അതിവേഗത്തിലുള്ള ശ്വാസോച്ഛോസം
 • കണ്ണിൽ ചുവപ്പ്
 • ചുണ്ടുകളിലും നാവിലും ചുവപ്പും നീരും
 • കൈകളിലോ കാലുകളിലോ ചുവപ്പ് അല്ലെങ്കിൽ നീര്
 • തലവേദന, തലകറക്കം തുടങ്ങിയവ
 • ലസികാഗ്രന്ഥികളിലെ വീക്കം

MIS-C യുമായി ബന്ധപ്പെട്ട് അടിയന്തര പരിശോധന നടത്തേണ്ട ലക്ഷണങ്ങളും മുന്നറിയിപ്പുകളും

 • അതികഠിനമായ വയറുവേദന
 • ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
 • നഖത്തിന് താഴെയുള്ള ചർമ്മം, ചുണ്ടുകൾ എന്നിവയുടെ നിറത്തിൽ വരുന്ന വ്യത്യാസം, അത് തൊലിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാകും വ്യത്യാസം കാണിക്കുക.
 • സന്നിപാതം, പിച്ചും പേയും പറയുക തുടങ്ങിയവ
 • ഉറക്കം തൂങ്ങുന്ന അവസ്ഥ

ഈ 17 ലക്ഷണങ്ങളിലേതെങ്കിലും കുട്ടി കാണിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതാണ്. കുട്ടിക്ക് കടുത്ത രോഗമൊന്നുമില്ലെങ്കിലും എം ഐ എസ് -സിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശവും സേവനവും തേടേണ്ടതാണ്. കുട്ടിയുടെ നെഞ്ച്, ഹൃദയം, വയർ, രക്തം എന്നിവ പരിശോധിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത് ഡോക്ടർമാരുടെ ഉപദേശം തേടിയാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. അതിനാൽ, ഉപദേശത്തിനായി എത്രയും പെട്ടെന്ന് ഡോക്ടറെ ബന്ധപ്പെടുക എന്നത് എപ്പോഴും ഓർമ്മിക്കുക.

മുതിർന്നവരിലെ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ( MIS-A)

അപൂർവ്വമായി, മുതിർന്നവരിലും എം ഐ എസ് -സി ( MIS-C )ക്ക് സമാനമായ അടയാളങ്ങളും ലക്ഷണങ്ങളും കാണുന്നുണ്ട്. മുതിർന്നവരിൽ കാണുന്ന ഈ രോഗം എം ഐ എസ് – എ അഥവാ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം അഡൾട്ട് (multisystem inflammatory syndrome in adults, MIS-A) എന്നാണ് അറിയപ്പെടുന്നത്. കോവിഡ് പിടിപെട്ട മുതിർന്നവരിലാണ് ഈ രോഗം ഉണ്ടാകുന്നത്. കോവിഡ് വന്ന് ആഴ്ചകൾക്ക് ശേഷമാണ് എം ഐ എസ് – എ ഉണ്ടാകുന്നതെന്നാണ് നിലവിലെ നിഗമനം. എം ഐ എസ് – എ ഉണ്ടെന്ന സംശയം തോന്നുകയാണെങ്കിൽ കോവിഡ് -19നുള്ള ഡയഗനോസ്റ്റിക് അല്ലെങ്കിൽ ആന്റിബോഡി പരിശോധന നടത്തണം. ഇതു വഴി നേരത്തെയോ ഇപ്പോഴോ കൊവിഡ് പിടിപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും എം ഐ എസ്- എ രോഗം നിർണയിക്കാനും സാധിക്കും.

Read Here: MIS in children: All you need to know about the Covid-19 related ‘complication’

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Covid 19 multisystem inflammatory syndrome in children explained

Best of Express