Latest News

കോവിഡ് ആന്റിബോഡികൾ രോഗബാധക്ക് ശേഷം ഒമ്പത് മാസം വരെ നിലനിൽക്കും: പഠനം

വീട്ടിലെ ഒരു വ്യക്തിയിൽ നിന്നും മറ്റൊരാൾക്ക് രോഗം വരാനുള്ള സാധ്യതയും ഗവേഷക സംഘം പരിശോധിച്ചു

Covid-19 cases, Covid-19 India second wave, R-number, Covid R-number, Covid reproductive number, High R-number in eight states, Health Ministry, Covid news, Indian Express malayalam, ie malayalam

സാർസ്-കോവ്-2 മൂലമുള്ള കോവിഡ് 19 വൈറസ് രോഗബാധക്ക് ശേഷം ഒമ്പത് മാസം വരെ ആന്റിബോഡിയുടെ അളവ് ഉയർന്നു നിൽക്കുമെന്ന് പഠനം. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന രോഗികളിലും ഇല്ലാതിരുന്ന രോഗികളിലും ഇത് ഒരുപോലെ ആയിരിക്കും. ഇറ്റാലിയൻ പട്ടണത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ എന്ന ജേർണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇറ്റലിയിലെ പാദുവ സർവകലാശാലയിലെയും യുകെയിലെ ഇംപീരിയൽ കോളെജിലെയും ഗവേഷകർ കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോവിഡ് ബാധിച്ച ഇറ്റലിയിലെ ‘വോ’ എന്ന സ്ഥലത്തെ 85 ശതമാനം ആളുകളിലാണ് പഠനം നടത്തിയത്. ഇവരിൽ മേയ്, നവംബർ മാസങ്ങളിൽ വീണ്ടും പരിശോധന നടത്തിയിരുന്നു. ഇതിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രോഗബാധിതരായ 98.8 ശതമാനം ആളുകളിലും നവംബറിൽ ആന്റിബോഡി കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിലും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരിലും ആന്റിബോഡി അളവിൽ വ്യത്യാസമില്ലെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. “രോഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വൈറസ് തീവ്രതയെയും ആശ്രയിച്ചല്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്” എന്ന് ഇംപീരിയൽ കോളെജിൽ നിന്നുള്ള ഗവേഷകയായ ലാറിയ ഡോറിഗാട്ടി പറഞ്ഞു. “എന്നിരുന്നാലും നടത്തിയ പരിശോധന അനുസരിച്ച്, പഠനം സൂചിപ്പിക്കുന്നത് ആന്റിബോഡി അളവുകൾ മാറുമെന്നാണ്, ചിലപ്പോൾ പ്രകടമായ രീതിയിൽ” അവർ കൂട്ടിച്ചേർത്തു.

വൈറസിന്റെ വിവിധ ഭാഗങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്ത തരം ആന്റിബോഡികളെ കണ്ടെത്തുന്ന മൂന്ന് പരിശോധനകൾ ഉപയോഗിച്ചാണ് ആന്റിബോഡി അളവുകൾ നിരീക്ഷിച്ചത്. പരിശോധനയിൽ എല്ലാ തരം ആന്റിബോഡികളും മേയ് മുതൽ നവംബർ വരെ അളവിൽ കുറച്ചു ഇടിവ് കാണിച്ചെങ്കിലും, ആന്റിബോഡികൾ നശിക്കുന്ന നിരക്ക് വ്യത്യസ്തമാണെന്ന് ഫലങ്ങളിൽ കണ്ടെത്തി.

ചില ആളുകളിൽ ആന്റിബോഡി അളവുകൾ വർധിക്കുന്നതായി കണ്ടെത്തി, വൈറസ് മൂലം വീണ്ടും അണുബാധയുണ്ടാവാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസംഖ്യ അനുസരിച്ചു ഉണ്ടായിട്ടുള്ള വൈറസ് ബാധയുടെ നിരക്ക് വ്യത്യസ്ത സമയങ്ങളിലെ വ്യത്യസ്ത പരിശോധനകളോട് താരതമ്യപ്പെടുത്തുമ്പോൾ ജാഗ്രത ആവശ്യമാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

Also read: How to boost immunity for growing kid: കുട്ടികളിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ എന്തു ചെയ്യണം? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വീട്ടിലെ ഒരു വ്യക്തിയിൽ നിന്നും മറ്റൊരാൾക്ക് രോഗം വരാനുള്ള സാധ്യതയും ഗവേഷക സംഘം പരിശോധിച്ചു. നാലിൽ ഒരാൾ കുടുംബത്തിലെ മറ്റുള്ളവർക്ക് രോഗം നൽകുന്നതായി പഠനം കണ്ടെത്തി. ആകെ രോഗബാധിതരിലെ 20 ശതമാനം പേരാണ് മറ്റൊരാൾക്ക് രോഗം നൽകുന്നത്. അതായത് കൂടുതൽ രോഗികളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കുമ്പോൾ കുറച്ചു ആളുകളിൽ നിന്നും കൂടുതൽ പേർക്ക് രോഗം പകരുന്നുണ്ട് എന്ന് ഗവേഷകർ പറയുന്നു.

സാമൂഹിക അകലം പാലിക്കുന്നതും, കൂടുതൽ ആളുകളുമായി ഇടപഴകാതിരിക്കുന്നതും, മാസ്ക് ധരിക്കുന്നതും രോഗം പകരുന്നത് തടയുമെന്ന് പഠനത്തിൽ പറയുന്നു. രോഗബാധിതരെ ക്വാറന്റൈൻ ചെയ്യുന്നതും, ഹ്രസ്വകാല ലോക്ക്ഡൗണും, കോണ്ടാക്ട് ട്രേസിങ്ങും കൊണ്ടു മാത്രം മഹാമാരിയെ തടയാൻ സാധിക്കില്ലെന്നും പഠനം പറയുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Covid 19 antibodies nine months after infection

Next Story
നാരങ്ങാ നീരൊഴിച്ച ചൂടുവെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com