മുംബൈ: സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക്കിനും വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിനും വീട്ടിൽനിന്നുള്ള ഭക്ഷണവും മരുന്നുകളും കിടക്കയും മെത്തയും കസേരയും അടക്കമുള്ള മറ്റു സാധനങ്ങളും അനുവദിച്ച് പ്രത്യേക കോടതി. തിങ്കളാഴ്ചയാണ് മൂന്നുപേരെയും മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടത്.
വീഡിയോകോണിന് നിയമവിരുദ്ധമായി വായ്പ അനുവദിച്ച കേസിൽ കൊച്ചാർ ദമ്പതികളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും സിബിഐ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.
ദമ്പതികൾക്ക് 61 വയസാണെന്നും മുതിർന്ന പൗരന്മാരായ അവരെ മുംബൈ പൊലീസ് ലോക്കപ്പിൽ തറയിൽ കിടന്നുറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും കൊച്ചാർ ദമ്പതികളുടെ അഭിഭാഷകൻ കുഷാൽ മോർ കോടതിയിൽ പറഞ്ഞു. തണുപ്പ് കൂടിയതിനാൽ ഇതവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സിബിഐക്ക് സ്വന്തമായി ലോക്കപ്പ് ഉള്ളതിനാൽ രാത്രി പൊലീസ് ലോക്കപ്പിലേക്ക് അയക്കുന്നതിന് പകരം അതിൽ തന്നെ താമസിപ്പിക്കണമെന്ന് അഭിഭാഷകൻ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ സമർപ്പിക്കാൻ പ്രതികളുടെ അഭിഭാഷകരോട് കോടതി നിർദേശിച്ചിരുന്നു. ഹർജികൾ ചൊവ്വാഴ്ച കോടതി പരിഗണിച്ചു. വീട്ടിൽനിന്നുള്ള ഭക്ഷണം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ, പ്രത്യേക കിടക്ക, കസേര, തലയിണ, മെത്ത, ടവൽ, പുതപ്പ്, ബെഡ്ഷീറ്റ് എന്നിവയ്ക്കായി പ്രതികൾ സമർപ്പിച്ച അപേക്ഷിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി ഇവ അനുവദിക്കുകയും ചെയ്തു.
ചന്ദ കൊച്ചാറിന് കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാനും കോടതി അനുമതി നൽകി. ധൂതിന്റെ അപേക്ഷയിൽ, കസ്റ്റഡിയിൽ ആവശ്യമുള്ളപ്പോൾ ഇൻസുലിൻ എടുക്കാൻ സഹായിക്കുന്നതിന് ഒരു പരിചാരകനെയും കോടതി അനുവദിച്ചു. ഇന്ന് വീണ്ടും മൂന്നുപേരെയും കോടതിക്ക് മുൻപാകെ ഹാജരാക്കും.
ചന്ദ കൊച്ചാർ ഐസിസിഐ മേധാവിയായിരിക്കെ വീഡിയോകോണിന് അനധികൃതമായി 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് കേസ്. 2012 മാർച്ച് വരെ 1,730 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഐസിഐസിഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.