വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കിടെ, ജനുവരി അവസാനം രാജ്യത്തെ ആദ്യത്തെ കേസ് കേരളത്തിലെത്തിയപ്പോള്‍, കൂടുതല്‍ വിദ്യാര്‍ഥികൾ ചൈനയില്‍ നിന്നു മടങ്ങാനിടയുള്ളതിനിനാല്‍ കേസുകള്‍ കൂടുമെന്നു തന്നെയാണ് കണക്കുകൂട്ടിയത്. നോവല്‍ കൊറോണയെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ആശുപത്രികളും ഐസിയുകളും നിറയുകയും, ഒന്നും ചെയ്യാനാവാതെ മരണത്തെ നോക്കിക്കാണാനോ രക്തസാക്ഷിയാവാന്‍ തന്നെയോ ഇടയുണ്ടെന്ന തിരിച്ചറിവ് ഭീതിജനകമായിരുന്നു. ഗവൺമെന്റിന്റെ ചിട്ടയായ പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കൊണ്ടുതന്നെയാണ് കേരളം കേസുകള്‍ പിടിച്ചു നിര്‍ത്തിയതും മരണസംഖ്യ ഇത്ര കുറഞ്ഞതും. സാമൂഹികവ്യാപനം നടന്നുകഴിഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമെല്ലാം വരുന്ന പ്രിയപ്പെട്ടവരിലൂടെ ഇനിയും പുതിയ കേസുകള്‍ ഉണ്ടാവുമെന്നുറപ്പാണ്.

തുടക്കത്തിലെ ഒരു കണക്കെടുപ്പില്‍ സര്‍ക്കാർ, പ്രൈവറ്റ് ആശുപത്രികള്‍ ചേര്‍ത്ത് ചുരുക്കം വെന്റിലേറ്ററുകളും പരിമിതമായ ഐസിയു ബെഡുകളുമാണ് എട്ടര ലക്ഷത്തോളമാളുകളുള്ള വയനാട് ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡായതുകൊണ്ട് കോഴിക്കോട്ടേക്ക് റെഫർ ചെയ്യാൻ പറ്റുന്ന അവസ്ഥയുമല്ല. മുപ്പതു ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കുമെങ്കിലും, ഭൂരിപക്ഷവും ഫ്ലൂ പോലുള്ള ചെറിയ ലക്ഷണങ്ങളേ കാണിക്കാനിടയുള്ളുവെങ്കിലും, അഞ്ചു ശതമാനത്തോളമാളുകള്‍ക്ക് ഐസിയു പരിചരണം ആവശ്യമായി വരുമെന്നതായിരുന്നു അങ്കലാപ്പിലാക്കിയ കാര്യം. രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകളുള്ള അമേരിക്കയില്‍ ഒന്‍പതര ലക്ഷത്തോളം വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്ന് ഡോ. ഫൗച്ചി പറയുന്ന നേരത്താണതെന്നോര്‍ക്കണം. ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചികിത്സാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചുവെങ്കിലും, സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്, മുൻഗണന കൊടുത്തത് സാമൂഹികവ്യാപനം തടയുന്നതിനു തന്നെയായിരുന്നു.

മുംബൈയില്‍ ഒറ്റദിവസം കൊണ്ട് അഞ്ഞൂറ്ററുപത് വെന്റിലേറ്ററുകളില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നതും പിന്നീട് വന്നവര്‍ കാത്തിരിപ്പു ലിസ്റ്റിലോ മരണലിസ്റ്റിലോ ചേര്‍ന്നതായും വാർത്ത വന്നത് രണ്ടാഴ്ച മുന്‍പാണ്. രാജ്യത്ത് കേസുകൾ ഏപ്രില്‍ 13 -നു പതിനായിരമായിരുന്നത് 24 ദിവസം കഴിഞ്ഞ് മെയ് 7 ആയപ്പോഴേക്കും അൻപത്തിമൂവായിരത്തോടടുക്കുന്നു; മരണസംഖ്യ 1783 ആയിക്കഴിഞ്ഞു. അറുന്നൂറിനടുത്ത് ആരോഗ്യപ്രവര്‍ത്തകർ രോഗികളും കുറച്ചു പേര്‍ രക്സസാക്ഷികളുമായി. മിറ്റിഗേഷന്‍, ഹേര്‍ഡ് ഇമ്യൂണിറ്റിയെന്നൊക്കെപ്പറഞ്ഞ് കാത്തിരുന്ന രാജ്യങ്ങളില്‍ മരണ ശതമാനം രണ്ടക്കങ്ങളിലേക്കെത്തി. അമേരിക്കയും ഇംഗ്ലണ്ടും ഇറ്റലിയും വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞപ്പോള്‍ ആയുഷിന്റെ കുടിനീരും ആഴ്സെനിക് ഗുളികകളും കടന്ന്, ഗംഗാജലം കോവിഡിനു മരുന്നാകുമോയെന്ന് അന്വേഷിക്കാനാണ് ഐസിഎംആറിനു നിര്‍ദ്ദേശം!

ഹേര്‍ഡ് ഇമ്യൂണിറ്റിക്കുവേണ്ടിയുള്ള ലാഘവത്തോടെയുള്ള ആഹ്വാനങ്ങളെ നിയന്ത്രണങ്ങള്‍ നീക്കിയ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പിന്നീട് വന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ആശുപത്രി അഡ്മിഷനുകളും മരണങ്ങളും കൊണ്ട് വേണം വിലയിയിരുത്താന്‍. കണക്കുകൾ ശതമാനത്തിലാെണെങ്കിലും മരണം മനുഷ്യനും നഷ്ടം കുടുംബത്തിനും സമൂഹത്തിനുമാണെന്നായിരിക്കണം കാഴ്ചപ്പാട്.

പ്രതിരോധം കൊണ്ടാണ് പകര്‍ച്ചവ്യാധിയെ വരുതിയിലാക്കാനാവുക. കണക്കിലുള്ളതിന്റെ മൂന്നു മടങ്ങിലേറെ പോസിറ്റീവുകൾ നാട്ടിലുണ്ടാവുമെന്ന് നിരൂപിക്കാവുന്നതേയുള്ളൂ. സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ നിന്നുമാറി നിയന്ത്രിതമായ ഇളവുകള്‍ അനുവദിച്ചുതുടങ്ങിയത് സമ്പദ്ഘടനയിലെന്ന പോലെ പ്രതിരോധശേഷിയിലും മാറ്റങ്ങള്‍ വരുത്തും. അതല്ലാതെ, വാക്സിന്‍ വരാന്‍ വൈകുമെന്ന കാരണം ഉയര്‍ത്തിക്കാട്ടി ആളുകളുടെ ജാഗ്രതയില്‍ വിളളലുകളുണ്ടാക്കിയാല്‍ വലിയ വിലയാണ് കൊടുക്കേണ്ടിവരിക. ഗോത്രവർഗക്കാർ ഏറെയുള്ള വയനാട്ടിൽ നമ്മുടെ ചികിത്സാ സം‌വിധാനങ്ങള്‍ക്ക് താങ്ങാവുന്ന രീതിയില്‍ കേസുകള്‍ വരട്ടെയെന്നും സമയമേറുന്തോറും വൈറസിന്റെ പ്രഹരശേഷി കുറയട്ടെയെന്നുമാണ് ഇപ്പോൾ ആശിക്കുന്നത്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook