COVID-19 Vaccine: ലോകമെമ്പാടും നാശം വിതച്ച കൊറോണയെന്ന മഹാമാരിയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ പ്രത്യാശ നൽകുകയാണ് വാക്സിന്‍പരീക്ഷണങ്ങൾ. ചൈനയിലെ കാൻസിനോ ബയോളജീസ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി എന്നിവരാണ് വാക്സിനുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓക്സ്‌ഫോർഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ ആസ്ട്രാസെനകയും സംയുക്തമായാണ് വാക്സിന്‍ പരീക്ഷിച്ചത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെക്കും ചേർന്നു വികസിപ്പിച്ചെടുത്ത മറ്റൊരു വാക്‌സിനും കോവിഡിനെതിരെ ഫലപ്രദമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഈ വാക്സിനുകളെല്ലാം തന്നെ പരീക്ഷണവേളയിൽ ഫലപ്രദമായി രോഗത്തെ പ്രതിരോധിക്കുന്നതായും അപകടകരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്.
ഓക്സ്ഫോർഡ് സർവകലാശാലയും കാൻസിനോ ബയോളജിക്സും വികസിപ്പിച്ചെടുത്ത വാക്സിൻ നിരുപദ്രവകരമായ മറ്റൊരു വൈറസിനെയോ വൈറൽ വെക്ടറിനെയോ (രോഗാണുവാഹകം) ആശ്രയിച്ചിട്ടുള്ളവയാണ്. ഈ വെക്റ്റർ കൊറോണ വൈറസിനു സമാനമായ ജനിതക വസ്തുക്കൾ വ്യക്തിയുടെ കോശങ്ങളിൽ നിർമിക്കപ്പെടാനും അതിനെതിരെ രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ശരിക്കുള്ള വൈറസ് ആക്രമണം ഉണ്ടാകുമ്പോള്‍ വാക്‌സിന്റെ ഫലമായി വളര്‍ന്ന പ്രതിരോധം വൈറസിനെ തല്‍ക്ഷണം നശിപ്പിക്കുന്നു..
വാക്സിനുകളുടെ പരീക്ഷണങ്ങളെല്ലാം സുരക്ഷിതവും ഫലപ്രാപ്തിയെക്കുറിച്ച് സൂചന നൽകുകയും ചെയ്യുന്നവയാണ്. വാക്സിൻ പരീക്ഷിച്ച ചിലരിൽ കുത്തിവയ്പ്പിനെ തുടർന്ന് പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും അപകടകരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പഠനങ്ങൾ പറയുന്നു.
ജർമ്മനിയിൽ പൂർണ ആരോഗ്യമുള്ള 60 വോളന്റിയർമാരിൽ ഫൈസറും ബയോ ടെക്കും വികസിപ്പിച്ചെടുത്ത വാക്സിൻ പരിശോധിക്കുകയും ഇവയ്ക്ക് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഈ വാക്സിൻ റിബോൺ ന്യൂക്ലിക് ആസിഡ് (ആർഎൻഎ) എന്നൊരു പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നതാണ്. കോശങ്ങളിലെ പ്രോട്ടീനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കെമിക്കൽ മെസഞ്ചറാണ് ആർഎൻഎ.
കോവിഡിനെതിരായുള്ള വാക്സിൻ കണ്ടെത്താൻ ലോകമെമ്പാടും തന്നെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. 150 ലേറെ വാക്സിനുകളാണ് പലയിടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്സിൻ ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.