Covid Brigade: സംസ്ഥാനത്ത് സെപ്തംബർ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാൽ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്. അതുകൊണ്ട് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവ ശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഇതിനകം എണ്ണായിരത്തിലധികം ആരോഗ്യ പ്രവത്തകരെ സർക്കാർ അടിയന്തിരമായി നിയമിച്ചു. എണ്ണൂറിലധികം സി.എഫ്.എൽ.ടി.സികൾ ഒരുക്കി. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ചു. ഇതോടൊപ്പം മതിയായ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്. ഈ വിഷമഘട്ടത്തിൽ ഒന്നിച്ചു നിന്ന് കരുതലോടെ മുന്നേറാൻ നമുക്ക് കഴിയണം. കോവിഡ് ബ്രിഗേഡ് എന്ന ഈ സാമൂഹ്യ സേനയിൽ ചേരാൻ ഈ രംഗത്തുള്ളവരോട് മന്ത്രി അഭ്യർത്ഥിച്ചു.
കോവിഡ് ബ്രിഗേഡിൽ ചേരാൻ https://covid19jagratha.kerala.nic.in/ എന്ന പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
Read more: Covid-19 Russian Vaccine: റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?