scorecardresearch
Latest News

കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

മാസ്ക് ഉപയോഗിച്ചശേഷം കത്തിച്ചുകളയുകയാണ് വേണ്ടത്, വെറുതെ വലിച്ചെറിയരുത്. ഒരു മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ

corona virus, covid 19, ie malayalam

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കൂടുതൽ ജാഗ്രതയിലാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ജനങ്ങൾക്കിടയിൽ പലവിധ തെറ്റിദ്ധാരണകളും അവബോധമില്ലായ്മയും നിലനിൽക്കുന്നുണ്ട്. രോഗപ്രതിരോധത്തിനായി ജനങ്ങൾ ധാരാളമായി മാസ്കും ഹാൻഡ് സാനിറ്റൈസറും വാങ്ങുന്ന അവസ്ഥയാണ് സംസ്ഥാനത്തുളളത്. ഇവയുടെ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്.

പൊതുവിടങ്ങളിൽ എവിടെ നോക്കിയാലും മാസ്ക് ധരിച്ചവരെ കാണാം. ഇതൊരു ബോധവത്കരണമില്ലായ്മയുടെ പ്രശ്നമാണ്. രോഗഭീഷണി ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. മാസ്ക് ധരിക്കേണ്ടത് ആരൊക്കെയാണെന്നും ഉപയോഗ ശേഷം എന്താണ് ചെയ്യേണ്ടതുമെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധയായ ഡോ.അശ്വതി സോമൻ പറയുന്നു.

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

”കഫക്കെട്ട്, ചുമ, ജലദോഷം ഉളളവർ, ആശുപത്രികളിൽ പോകുന്നവർ എന്നിവർ മാത്രം മാസ്ക് ഉപയോഗിച്ചാൽ മതി. അല്ലാതെ പൊതുവിടങ്ങളിൽ പോകുന്നവരും ബസ്, റെയിൽവേ, മെട്രോ യാത്രകൾ ചെയ്യുന്നവരൊന്നും മാസ്ക് ഉപയോഗിക്കേണ്ട കാര്യമില്ല. ഇവരിൽ ആർക്കെങ്കിലും കഫക്കെട്ടോ, ചുമയോ പോലുളള രോഗങ്ങളുണ്ടെങ്കിൽ മാത്രം മാസ്ക് ഉപയോഗിച്ചാൽ മതി.”

corona virus, ie malayalam

”കൊറോണ ബാധിച്ച ഒരാളെ ശുശ്രൂഷിക്കുന്നവർ എൻ-95 മാസ്ക് തന്നെ ഉപയോഗിക്കണം. അതില്ലെങ്കിൽ മാത്രം സാധാരണ ഗ്രേഡിലുളള മാസ്ക് ഉപയോഗിക്കുക. നമ്മുടെ രോഗങ്ങൾ മറ്റുളളവരിലേക്ക് പകരാതിരിക്കാനാണ് മാസ്ക് ഉപയോഗിക്കാൻ പറയുന്നത്. അതിനാൽ തന്നെ രോഗഭീഷണി ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ട കാര്യമില്ല. രോഗബാധിതരല്ലാത്തവർ തൂവാലയോ ഷോളോ ഉപയോഗിച്ച് മുഖം മറച്ചാലും മതിയാകും.”

”മാസ്ക് ഉപയോഗിച്ചശേഷം കത്തിച്ചുകളയുകയാണ് വേണ്ടത്, വെറുതെ വലിച്ചെറിയരുത്. ഒരു മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. 6 അല്ലെങ്കിൽ 8 മണിക്കൂറാണ് ഒരു മാസ്ക് ഉപയോഗിക്കേണ്ടത്. എന്നാൽ നല്ല കഫക്കെട്ടോ അല്ലെങ്കിൽ നന്നായിട്ട് വിയർക്കുന്നതോ ആയ ഒരാളാണെങ്കിൽ പെട്ടെന്ന് മാസ്ക് നനഞ്ഞുപോകും. അങ്ങനെയുള്ളൊരാൾ അപ്പോൾ തന്നെ മാറ്റണം.”

”ഭക്ഷണം കഴിക്കുന്നതിനു മുൻപ്, മൃഗങ്ങളെ തൊടുന്നതിനു മുൻപ് അതിനുശേഷം, ആശുപത്രികളിൽ പോകുന്നതിനു മുൻപ് അതിനുശേഷം, പൊതുവിടങ്ങളിൽ പോകുന്നതിനു മുൻപ് അതിനുശേഷമൊക്കെയാണ് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കേണ്ടത്. ഹാൻഡ് സാനിറ്റൈസറുകൾ കയ്യിലില്ലെന്നു കരുതി ടെൻഷനടിക്കേണ്ട കാര്യമില്ല. സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകിയാൽ മതി,” ഡോ.അശ്വതി പറഞ്ഞു.

എറണാകുളം ജില്ലയിലെ പല മെഡിക്കൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ലേഡീസ് സ്റ്റോറുകളിലും മാസ്ക് ആവശ്യപ്പെട്ട് ദിവസവും നിരവധി പേരെത്തുന്നുണ്ട്. പല മെഡിക്കൽ ഷോപ്പുകളിലും മാസ്‌ക്‌ സ്റ്റോക്കില്ല. ”എൻ-95 മാസ്കുകളും സാധാരണ ഗ്രേഡിലുളള മാസ്കുകളും ചോദിച്ചു വരുന്നുണ്ട്. പക്ഷേ സ്റ്റോക്കെല്ലാം തീർന്നിരിക്കുകയാണ്. പുതിയ സ്റ്റോക്കുകൾ വരുന്നുമില്ല. എൻ 95-മാസ്ക് 90 രൂപയ്ക്കാണ് വിറ്റിരുന്നത്,” പളളിമുക്കിലെ എ2ഇസഡ് വെൽനസ് മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ അരുൺ പറഞ്ഞു.

corona virus, ie malayalam

ഇന്നലെ മുതൽ മാസ്ക്കിന്റെ സ്റ്റോക്ക് തീർന്നിരിക്കുകയാണെന്ന് ജീകെ ഡ്രഗ് ഹൗസ് മാനേജർ കെ.വി.എസ്.വാര്യർ പറഞ്ഞു. ”ഇപ്പോഴും ഒരുപാട് പേർ മാസ്ക് ചോദിച്ച് എത്തുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് ഡിസ്ട്രിബ്യൂട്ടേഴ്സിൽനിന്നും മാസ്ക് കിട്ടുന്നില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. 170, 160 രൂപയ്ക്കാണ് എൻ-95 മാസ്ക് വിറ്റിരുന്നത്. കൊറോണയെക്കുറിച്ചുളള വാർത്തകൾ വരുന്നതിനു മുൻപ് സാധാരണ ഗ്രേഡിലുളള മാസ്കിന് 5 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 25 രൂപ വരെയെത്തിയിരുന്നു. മാസ്കുകൾക്ക് ആവശ്യക്കാർ വർധിച്ചതോടെ സാധാരണ നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണ് ഞങ്ങൾക്കും സ്റ്റോക്ക് കിട്ടിയിരുന്നത്. ഇതാണ് വില ഉയരാൻ കാരണം,” അദ്ദേഹം പറഞ്ഞു.

സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന കാര്യങ്ങൾ പൊതുജനങ്ങൾ അവഗണിക്കരുത്. കോവിഡ്-19 തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Read Also: കോവിഡ്-19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

  • രോഗബാധിതരുമായുളള സമ്പർക്കം ഒഴിവാക്കുക
  • നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
  • രോഗബാധയുണ്ടെങ്കിൽ വീടുകളിൽ തന്നെ കഴിയുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ചു വായും മൂക്കും മൂടുക
  • കൈകൾ നന്നായി കഴുകുക

Read in English: Coronavirus outbreak: Why not everyone needs to wear a mask

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Corona virus covid 19 who can wear mask

Best of Express