സ്‌മാർട്ഫോൺ കയ്യിൽനിന്നു താഴെ വയ്ക്കാൻ മടികാട്ടുന്നവരാണ് നമ്മളിൽ പലരും. ബ്രൗസിങ്ങും മെസേജിങ്ങുമൊക്കെയായി മണിക്കൂറുകൾ സ്‌മാർട്ഫോൺ കയ്യിൽനിന്നു മാറ്റി വയ്ക്കാത്തവരുമുണ്ട്. ഫോൺ സ്ക്രോൾ ചെയ്യുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും നിങ്ങളുടെ വിരലുകൾ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വിരലുകൾക്ക് വിശ്രമം കൊടുക്കാതെ സ്‌മാർട്ഫോൺ ഉപയോഗിക്കുന്നത് അവയ്ക്ക് വേദനയോ ബലഹീനതയോ ഉണ്ടാക്കുകയും വാട്സാപ്പിറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

എന്താണ് വാട്സാപ്പിറ്റിസ്?

മെസേജിങ് ആപ്പിന്റെ അമിത ഉപയോഗം മൂലം കൈത്തണ്ട വേദനയെക്കുറിച്ച് പരാതിപ്പെട്ട 34 വയസുള്ള ഒരു രോഗിയെ കണ്ടെത്തിയതിലൂടെ 2014 ൽ ‘ദി ലാൻസെറ്റ്’ എന്ന മെഡിക്കൽ ജേണലിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ”130 ഗ്രാം ഭാരമുളള മൊബൈൽ ഫോൺ ആറു മണിക്കൂറോളം അവൾ തുടർച്ചയായി ഉപയോഗിച്ചു. ഈ സമയമത്രയും മെസേജ് അയയ്ക്കാനായി അവൾ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു,” ലേഖനത്തിൽ പറയുന്നു.

ഇതേ ലേഖനത്തിൽ തന്നെ വീഡിയോ ഗെയിമുകളുമായും മറ്റു പുതിയ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട പരുക്കുകളെ സൂചിപ്പിക്കുന്നതിന് നിന്റെൻഡിനിറ്റിസ് എന്ന പദം ഉപയോഗിച്ചു. ടെക്സ്റ്റ് മെസേജ് അയയ്ക്കാൻ മൊബൈൽ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നത് ടെനോസിനോവിറ്റിസ് അല്ലെങ്കിൽ തള്ളവിരലിന്റെ വീക്കം എന്നിവയ്ക്ക് കാരണമാകും

വാട്സാപ്പിറ്റിസ് ബാധിക്കുന്നത് ആരെ?

വാട്സാപ്പിറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് പരാതിപ്പെടുന്നവരിൽ ഭൂരിഭാഗവും മുതിർന്നവരാണെന്നും ഇതിൽ തന്നെ കൂടുതൽ സ്ത്രീകളാണെന്നും സികെ ബിർല ആശുപത്രിയിലെ ഓർത്തോപീഡിക് സ്‌‌പെഷ്യലിസ്റ്റ് ഡോ.ദേബാശിഷ് ചന്ദ പറഞ്ഞു. ”സ്‌മാർട്ഫോണുകൾ അമിതമായി ഉപയോഗിക്കുന്ന സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലും കാണുന്നത്. ഇതിൽ തന്നെ പ്രായപൂർത്തിയായ സ്ത്രീകളിലാണ് കൂടുതൽ,” അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട് കോമിനോട് പറഞ്ഞു.

സ്‌മാർട്ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ 10 രോഗികളിൽ രണ്ടുപേരിൽ മാത്രമേ പ്രകടമാകുന്നുളളൂവെന്നും ഡോ.ചന്ദ പറഞ്ഞു. ”അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം മൂലമാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്ന് രോഗികളിൽ പലർക്കും അറിയില്ല. രോഗലക്ഷണങ്ങളുടെ വിശദമായ പരിശോധനയിൽ മാത്രമേ ഇത് മനസിലാകൂ,” അദ്ദേഹം പറഞ്ഞു.

Read Also: കെട്ടിപ്പിടിക്കൂ, മനസ് ശാന്തമാകും

ഉപയോക്താക്കൾ ദിവസവും മൂന്നു മണിക്കൂറിലധികം ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് എസ്.എൽ.റഹിജ ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക്സ് ആൻഡ് ജോയിന്റ് റീപ്ലെയ്സ്മെന്റ് സർജനുമായ ഡോ.സിദ്ധാർഥ് എം.ഷാ പറഞ്ഞു. നൂറു കണക്കിനുപേർ അവരുടെ ഫോൺ‌ സ്‌ക്രീനുകൾ‌ ഒരു ദിവസം നൂറിലധികം തവണ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാട്സാപ്പിറ്റിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

സെർവിക്കൽ സ്‌പോണ്ടിലൈറ്റിസ് (വിരലിലെ മരവിപ്പ്, ബലഹീനത), ട്രിഗർ വിരൽ (വേദന, കാഠിന്യം, വിരൽ വളച്ച് നേരെയാക്കുമ്പോൾ ലോക്ക് അല്ലെങ്കിൽ കോച്ചിപിടിക്കൽ), വിരലിലെ വേദന, കൈത്തണ്ട വേദന എന്നിവയൊക്കെ ഇതിന്റെ രോഗ ലക്ഷണങ്ങളാണ്. കണ്ണിലെ ചുവപ്പും വേദനയും, ഉറക്കമില്ലായ്മ, അസ്വസ്ഥത, ക്ഷീണം എന്നിവ ശ്രദ്ധിക്കേണ്ട മറ്റ് ചില ലക്ഷണങ്ങളാണ്.

വാട്സാപ്പിറ്റിസിന്റെ ചികിത്സ?

മുകളിൽ പറഞ്ഞിരിക്കുന്ന രോഗലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. ”ഈ ലക്ഷണങ്ങൾ സ്ഥിരീകരിച്ചാൽ മരുന്നുകൾ ആവശ്യമാണ്. റിസ്റ്റ് ബ്രേസും ഉപദേശിക്കാം. ഫിസിയോതെറാപ്പി മൂലം ഒരു പരിധിവരെ ചിലർക്ക് ആശ്വാസം ലഭിക്കാം,” ഡോ.ചന്ദ പറഞ്ഞു. ഇതിനുപുറമേ, വീക്കം, വേദന എന്നിവ കുറയുന്നതിന് സ്മാർട്ഫോണുകളുടെ നിയന്ത്രിത ഉപയോഗത്തെക്കുറിച്ച് രോഗിയെ ഉപദേശിക്കാം. സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

1. വേദന ഒഴിവാക്കാൻ ടൈപ്പിങ്ങും സ്ക്രോളിങ്ങും കുറയ്ക്കുക

2. സ്മാർട്ഫോൺ ഉപയോഗം ട്രാക്ക് ചെയ്യുന്നതിന് അപ്ലിക്കേഷനുകൾ ഉണ്ട്, സ്‌ക്രീൻ സമയം പരിശോധിക്കാൻ അവ ഉപയോഗിക്കാം

3. രണ്ട് കൈകളിലുമായി ഫോൺ ബാലൻസ് ചെയ്യുക. സ്മാർട്ഫോൺ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കൈത്തണ്ട നേരെയാക്കുക

4. ഒരാൾ ഒരു സമയം 15-20 മിനിറ്റിൽ കൂടുതൽ ഫോൺ ഉപയോഗിക്കരുത്

വിരലുകൾക്ക് വിശ്രമം നൽകാനായി ടൈപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വോയിസ് മെസേജ് അയയ്ക്കാമെന്ന് ഡോ.ഷാ നിർദേശിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook