സമ്മർദ്ദവും ഉത്കണ്ഠയും ആണ് പലപ്പോഴും മാനസികാരോഗ്യത്തിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത്. എന്നാൽ, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് നിർണായക പങ്കുണ്ടെന്നും നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും നിങ്ങൾക്കറിയാമോ?
മാനസികാരോഗ്യത്തെ സഹായിക്കുന്നതിനും ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സുപ്രധാന പങ്ക് വഹിക്കുന്ന ചില പോഷകങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ന്യൂട്രീഷനിസ്റ് ലോവ്നീത് ബത്ര.
മഗ്നീഷ്യം
നാഡീവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും, ഉത്കണ്ഠ, ഭയം, അസ്വസ്ഥത, അമിതമായ ദേഷ്യം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നൊരു ധാതുവാണ് മഗ്നീഷ്യം. സൂര്യകാന്തി വിത്തുകൾ, വാൾനട്ട്, വാഴപ്പഴം, ആപ്രിക്കോട്ട് എന്നിവയാണ് മഗ്നീഷ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ.
ഒമേഗ-3 ഫാറ്റി ആസിഡ്സ്
ALA, EPA, DHA എന്നിങ്ങനെ മൂന്ന് തരം ഫാറ്റി ആസിഡുകളാണ് ഉള്ളത്. ഈ മൂന്ന് ഫാറ്റി ആസിഡുകളിൽ, ഉത്കണ്ഠ കുറയ്ക്കുന്നതിൽ EPA ഏറ്റവും ഫലപ്രദമായി കാണപ്പെടുന്നു. ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളാണ് ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, നെയ്യ് എന്നിവ.
ബി – വിറ്റാമിനുകൾ
ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്നതും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതവുമായ എട്ട് വ്യത്യസ്ത പോഷകങ്ങളുടെ ഒരു ഗ്രൂപ്പാണ് ബി വിറ്റാമിനുകൾ. പ്രത്യേകിച്ച് B6, B9 (ഫോളിക് ആസിഡ്), B12 എന്നിവ. നിലക്കടല, പയർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടങ്ങളാണ്.
സിങ്ക്
മിക്കപ്പോഴും കുറഞ്ഞ അളവിലുള്ള സിങ്ക് ഓക്സിഡേറ്റീവ് സ്ട്രെസ്സുമായി ബന്ധപ്പെട്ടിരിക്കാം, ഇത് GABA, ഗ്ലൂട്ടാമേറ്റ് എന്നിവയുടെ അളവ് കുറയ്ക്കുകയും ഒരു ആൻക്സിയോജനിക് ഫലത്തിലേക്ക് നയിക്കുകയും ചെയ്യും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ GABA നില ഉയർത്തുന്നു, ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. പയർ, ബീൻസ്, ചീര, ബ്രൊക്കോളി, നട്സ്, ക്രാബ്, മുഴുധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ, പേരയ്ക്ക, മാതളം, ആപ്രിക്കോട്ട്, കിവി എന്നിവയെല്ലാം സിങ്കിന്റെ പ്രധാനപ്പെട്ട ഉറവിടങ്ങളാണ്.
വിറ്റാമിൻ – ഡി
ന്യൂട്രീഷനിസ്റ് പറയുന്നതനുസരിച്ച്, നല്ലൊരു വിഭാഗം ആളുകൾ വിറ്റാമിൻ – ഡിയുടെ അപര്യാപ്തത നേരിടുന്നുണ്ട്. തലച്ചോറിന്റെ നല്ല പ്രവർത്തനത്തിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമായ പോഷകം ആണ് വിറ്റാമിൻ-ഡി. ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസികാരോഗ്യ അസ്വസ്ഥതകളുള്ളവരിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത സാധാരണമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, കൂൺ, ഓറഞ്ച്, മാങ്ങ, പപ്പായ, കാരറ്റ് എന്നിവ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.