രക്തം ധമനികളിലൂടെ ഒഴുകുമ്പോൾ അതിന്റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന സമ്മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകളൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാരണം ഏത് മാറ്റവും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സാധാരണ രക്തസമ്മർദം 120/80 mm Hg അല്ലെങ്കിൽ അതിൽ താഴെയാണ്. രക്തസമ്മർദ്ദം 180/120 mm Hg-ൽ കൂടുതലാണെങ്കിൽ ഹൈപ്പർടെൻസീവ് എമർജൻസി അഥവാ അതിഗുരുതരമായ രക്താതിമര്‍ദം ആയി കണക്കാക്കപ്പെടുന്നു.
”ഉയർന്ന രക്തസമ്മർദം രക്തധമനികളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ്. ഇതിനെ ഹൈപ്പർടെൻഷൻ എന്നും വിളിക്കുന്നു. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദമുണ്ടെങ്കിൽ, രക്തധമനിയുടെ ഭിത്തികളിൽ ഏൽപ്പിക്കുന്ന സമ്മർദം ശക്തി സ്ഥിരമായി വളരെ കൂടുതലാണ്. അപ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ പ്രയത്നിക്കേണ്ടതായി വരും,” ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
”ഉയർന്ന രക്തസമ്മർദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് അവർ പറഞ്ഞു. പുകവലിക്കാതിരിക്കുക, വ്യായാമം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശീലങ്ങൾ ഉയർന്ന രക്തസമ്മർദം തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കും. ചിലർക്ക് ഉയർന്ന രക്തസമ്മർദം ചികിത്സിക്കാൻ മരുന്ന് ആവശ്യമാണ്,” അവർ വ്യക്തമാക്കി.
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ അഞ്ചു ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു. സാധാരണ രക്തസമ്മർദം നിലനിർത്തുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
സിട്രസ് പഴങ്ങൾ: അവ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. രക്തസമ്മർദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
സാൽമണും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളും: ഇവയിലെ ഉയർന്ന ഒമേഗ -3 ഉള്ളടക്കം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
ബെറികൾ: അവയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കാനും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്നു.
സെലറി: ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിദിനം നാല് സെലറി തണ്ടുകൾ മാത്രം കഴിച്ചാൽ ഉയർന്ന രക്തസമ്മർദം കുറയ്ക്കാമെന്ന് ഷാലിമാർ ബാഗിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് പൂജ പൻവാർ പറഞ്ഞു.
മത്തങ്ങ വിത്തും എണ്ണയും: മത്തങ്ങ വിത്തും എണ്ണയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനാകുമെന്ന് ഷാലിമാർ ബാഗിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് മേധാവി ഗീത ബ്യൂറോക്ക് അഭിപ്രായപ്പെട്ടു. വാഴപ്പഴം, ആപ്പിൾ, ഉണക്കമുന്തിരി, കിവി, മാമ്പഴം, തണ്ണിമത്തൻ, മാതളനാരങ്ങ, പ്ലം, ആപ്രിക്കോട്ട്, മുന്തിരി, അവക്കാഡോ, തക്കാളി, സിട്രസ് പഴങ്ങൾ, ബെറികൾ എന്നിവ രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള മികച്ച പഴങ്ങളാണെന്നും അവർ വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.