കഴുത്തിന്റെ അടിഭാഗത്ത് കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മുടെ ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തരവാദിയായതിനാൽ തൈറോയ്ഡ് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
അപര്യാപ്തമായ പോഷകാഹാരം, സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാരണം, പ്രായഭേദമന്യേ ധാരാളം പുരുഷന്മാരും സ്ത്രീകളും തൈറോയ്ഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നു. തൈറോയ്ഡ് ആരോഗ്യം ഉറപ്പാക്കാൻ, തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കുന്ന ചില സൂപ്പർഫുഡുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഡോ. ദിക്സ ഭാവ്സർ പറയുന്നതനുസരിച്ച്, ഈ അഞ്ച് സൂപ്പർഫുഡുകൾ തൈറോയ്ഡ് ആരോഗ്യത്തിന് മികച്ചതാണ്.
നെല്ലിക്ക
ഓറഞ്ചിനെക്കാൾ എട്ട് മടങ്ങ് വിറ്റാമിൻ സിയും മാതളനാരങ്ങയുടെ 17 മടങ്ങും നെല്ലിക്കയിലുണ്ടെന്ന് ഡോ. ഭാവ്സർ പറയുന്നു. തൈറോയിഡിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും നല്ലതാണെന്നും അവർ സൂചിപ്പിച്ചു. ഇത് നര വരുന്നത് മന്ദഗതിയിലാക്കുന്നു, താരൻ തടയുന്നു, രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു, തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും അതുവഴി മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തേങ്ങ
”തൈറോയ്ഡ് രോഗികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് തേങ്ങ, അസംസ്കൃത തേങ്ങയായാലും വെളിച്ചെണ്ണയായാലും,” അവർ പറഞ്ഞു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എംസിഎഫ്എകളും (മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ) എംടിസികളും (മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ) ധാരാളമായി തേങ്ങയിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ
ശരീരത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകൾ.
ബ്രസീൽ നട്സ്
തൈറോയ്ഡ് ഹോർമോണുകളുടെ മെറ്റബോളിസത്തിന് ശരീരത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്റാണ് സെലിനിയമെന്ന് വിദഗ്ധർ പറയുന്നു. ബ്രസീൽ നട്സ് ഈ പോഷകത്തിന്റെ ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ്. ഇവ ആരോഗ്യകരമായ അളവിൽ നൽകാൻ ഒരു ദിവസം മൂന്ന് ബ്രസീൽ നട്സ് കഴിച്ചാൽ മതിയാകും.
ചെറുപയർ
”ചെറുപയറിൽ പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്,” വിദഗ്ധർ പറഞ്ഞു. തൈറോയ്ഡ് പ്രശ്നങ്ങളുടെ സാധാരണ ലക്ഷണമായ മലബന്ധം മാറ്റാൻ അവ സഹായിക്കും. അവയിൽ നാരുകൾ കൂടുതലാണ്. മിക്ക പയറുവർഗങ്ങളെയും പോലെ ചെറുപയറും അയഡിൻ നൽകുന്നു. ദഹിക്കാനും വളരെ എളുപ്പമാണെന്ന് ഡോ.ഭാവ്സർ പറഞ്ഞു.
Read More: ആരോഗ്യമുള്ള ശരീരത്തിനായ് വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ