സമ്മർദം, വ്യായാമ കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ചില മരുന്നുകൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ മലബന്ധം ഉണ്ടാകാം. അസ്വസ്ഥത, വയർ വീർക്കൽ എന്നിവയിലേക്ക് മലബന്ധം നയിച്ചേക്കാം. വിട്ടുമാറാത്ത മലബന്ധത്തിന് ഉടനടി ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്. അതുപോലെ തന്നെ മലബന്ധത്തിന്റെ മൂല കാരണം അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.
മലബന്ധം അകറ്റാൻ ചില പ്രകൃത്തിദത്ത വഴികളുണ്ട്. ഡയറ്റീഷ്യൻ മൻപ്രീത് ഇതിന് നിങ്ങളെ സഹായിക്കും. “നിങ്ങൾക്ക് മലബന്ധമുണ്ടോ, മലം പോകുന്നില്ലേ? അതായത്, നിങ്ങളുടെ ശരീരത്തിന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയുന്നില്ല. മലബന്ധം ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ ഇടയാക്കും. കുടലിന്റെ മോശം ആരോഗ്യത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമാകും,” അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പപ്പായ, ആപ്പിൾ സിഡെർ വിനെഗർ, ചിയ വിത്തുകൾ, ആപ്പിൾ തുടങ്ങിയ ചില സൂപ്പർഫുഡുകൾ ഉൾപ്പെടുത്തി മലബന്ധം നിയന്ത്രിക്കാൻ ഒരാൾക്ക് കഴിയുമെന്നും അവർ പറഞ്ഞു.
ഡ്രൈ ഫിഗ്: ഇതിൽ വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കുന്നു, മലബന്ധം തടയുന്നു. രാത്രി മുഴുവൻ കുതിർത്ത ഉണങ്ങിയ അത്തിപ്പഴം രാവിലെ കഴിക്കുക.
ചിയ വിത്തുകൾ: മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. മധ്യഭക്ഷണ സമയത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടീസ്പൂൺ കുതിർത്ത ചിയ വിത്തുകൾ ചേർത്ത് കഴിക്കുക.
ആപ്പിൾ: പെക്റ്റിൻ ഫൈബർ അടങ്ങിയ ഇത് മലബന്ധം ഇല്ലാതാക്കുന്നു. പ്രഭാതഭക്ഷണത്തിന് ആപ്പിൾ-കറുവപ്പട്ട സ്മൂത്തി കഴിക്കുക.
ബേസിൽ സീഡ്സ്: ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. അവ ക്രമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നു.
പപ്പായ: ഇതൊരു പ്രകൃതിദത്ത പോഷകമാണ്. വറുത്ത ജീരകം, കുരുമുളക്, റോക്ക് സാൾട്ട്, പകുതി ചെറുനാരങ്ങ എന്നിവ ചേർത്ത് ഒരു പാത്രത്തിൽ പപ്പായ കഴിക്കാൻ വിദഗ്ധർ നിർദേശിച്ചു.
മധുരക്കിഴങ്ങ്: ഇതിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയുന്നു. വൈകുന്നേരത്തെ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുക.
മുനക്ക: പോഷകഗുണമുള്ളതിനാൽ സുഗമമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്നു. രാത്രി കുതിർത്ത മുനക്കകൾ ഉപയോഗിച്ച് ദിവസം ആരംഭിക്കുക.
ഉണക്കിയ പ്ലം: അവയിൽ നാരുകൾ, സോർബിറ്റോൾ, കുടൽ-ആരോഗ്യകരമായ ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മലബന്ധം അകറ്റാൻ സഹായിക്കും. സ്മൂത്തികളിൽ ഉണക്കിയ പ്ലം ചേർക്കുക.
ആപ്പിൾ സിഡെർ വിനെഗർ (ACV): ഇതൊരു പ്രോബയോട്ടിക് ആയി നന്നായി പ്രവർത്തിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.