scorecardresearch
Latest News

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം: അറിയേണ്ടതെല്ലാം

ജോലിസംബന്ധമായോ അല്ലാതെയോ കമ്പ്യൂട്ടർ സ്‌ക്രീനുകൾക്കുമുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളിൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം വർധിച്ചുവരുന്നതായി പഠനങ്ങൾ

eye health, Computer vision syndrome, effects of screen time, digital eye strain, covid screen time

ആധുനിക കാലത്ത് വ്യാപകമായി കണ്ടുവരുന്ന നേത്രപ്രശ്നങ്ങൾക്കാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നു പറയുന്നത്. ജോലിസംബന്ധമായോ അല്ലാതെയോ കമ്പ്യൂട്ടർ സ്‌ക്രീനുകൾക്കുമുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന 60 മുതൽ 80 ശതമാനത്തോളം ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. എത്രമണിക്കൂർ നിങ്ങൾ കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ നേത്രപ്രശ്നങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. ജോലിയുടെ ഭാഗമായി മാത്രമല്ല, ഇന്ന് ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ കുട്ടികൾ പഠനാവിശ്യത്തിനായും സിനിമകൾ, വെബ് സീരിസുകൾ, ഗെയിമുകൾ എന്നിവ പോലുള്ള വിനോദാവശ്യത്തിനായും ധാരാളം സമയം കമ്പ്യൂട്ടറിന് മുന്നിൽ ചെലവഴിക്കുന്നുണ്ട്.

മാറിയ കാലത്തെ ജീവിതശൈലിയുടെ ഭാഗമാണ് കമ്പ്യൂട്ടറുകളും സ്മാർട്ട്ഫോണുകളുടെയുമെല്ലാം അമിതമായ ഉപയോഗം. കോവിഡ് ലോക്ക്ഡൗൺ കൂടി എത്തിയതോടെ സ്‌ക്രീനിന് മുന്നിൽ ഓരോ വ്യക്തിയും ചെലവഴിക്കുന്ന സമയത്തിലും ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ട്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വർക്ക് ഫ്രം ഹോം സംസ്കാരം വ്യാപകമായതും വ്യക്തികളുടെ സ്ക്രീൻ ടൈം വർധിക്കാൻ കാരണമായിട്ടുണ്ട്.

“വർക്ക് ഫ്രം ഹോം സംസ്കാരം നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിൽ എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇ-റീഡറുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സ്‌ക്രീനുകളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അത് കണ്ണുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്, ”ന്യൂഡൽഹി വിഷൻ ഐ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ.തുഷാർ ഗ്രോവർ പറയുന്നു.

രോഗലക്ഷണങ്ങൾ

വർദ്ധിച്ച സ്ക്രീൻ ടൈം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പലവിധ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയാം. കണ്ണുകൾക്ക് അസ്വസ്ഥത, തലവേദന, കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുകയോ, വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്ന അവസ്ഥ, കണ്ണുകളിലെ വരൾച്ച, കഴുത്ത്, തോൾ എന്നീ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന… ചിലപ്പോൾ ഇത് ഉറക്ക രീതികളിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും ഏകാഗ്രത നഷ്ടപ്പെടാനുമൊക്കെ കാരണമാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അമിതമായി ഡിജിറ്റൽ സ്ക്രീനുകൾക്ക് മുൻപിൽ ചെലവഴിക്കുന്നത് പതതിയെ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം അഥവാ ‘ഡിജിറ്റൽ ഐ സ്ട്രെയിനിലേക്ക് നയിക്കും. കണ്ണുകളുടെ സാധാരണ ചലനത്തിന് പുറമെ, കമ്പ്യൂട്ടറിലോ മറ്റ് ഡിജിറ്റൽ സ്‌ക്രീനുകളിലോ ഫോക്കസ് ചെയ്യുന്നതിനും ഫോക്കസ് മാറ്റാനും വീണ്ടും ഫോക്കസ് ചെയ്യുന്നതുമൊക്കെ കണ്ണിന്റെ പേശികൾക്ക് അമിത അധ്വാനം നൽകുന്ന പ്രക്രിയകളാണ്, കണ്ണിന്റെ കാഴ്ചാസംവിധാനത്തെയും അത് ബാധിക്കും.

“സ്‌ക്രീനിന്റെ തിളക്കം, ദൃശ്യതീവ്രത എന്നിവയൊക്കെ കണ്ണുകൾക്ക് കൂടുതൽ ആയാസവും അസ്വസ്ഥതയുമുണ്ടാക്കുന്നു. മാത്രമല്ല, നമ്മൾ സ്ക്രീനിൽ കണ്ണുനട്ടിരിക്കുമ്പോൾ, കണ്ണു ചിമ്മിയടക്കുന്ന പ്രക്രിയയും കുറയും, ഇത് കണ്ണ് വരണ്ടതാവാൻ കാരണമാവും. നാൽപ്പതുകളോട് അടുത്ത ആളുകളിൽ പ്രത്യേകിച്ച് അവരുടെ സ്വാഭാവികമായ കാഴ്ചയിൽ ചെറിയ പ്രശ്നങ്ങൾ വന്നു തുടങ്ങുന്ന സമയമായതിനാൽ തന്നെ, തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണുകൾക്ക് കൂടുതൽ പ്രയത്നം ആവശ്യമായി വരുന്നു,” ഡോ.തുഷാർ ഗ്രോവർ വിശദീകരിച്ചു.

കണ്ണട ധരിക്കുന്നവരിലും ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്. കണ്ടുപിടിക്കപ്പെടാത്തതോ അല്ലെങ്കിൽ പരിഹരിക്കപ്പെടാത്തതോ ആയ കാഴ്ച പ്രശ്നങ്ങൾ ഉള്ള ആളുകൾ കണ്ണട, ലെൻസുകൾ എന്നിവ ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ രീതിയിലുള്ള കണ്ണടയുടെ ഉപയോഗം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

“വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ പലരും തെറ്റായ പോസ്ചറുകളാണ് പിൻതുടരുന്നത്. നിവർന്നിരിക്കാതെ, കസേരയിൽ വളഞ്ഞിരുന്ന് ജോലി ചെയ്യുന്നതുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. വീടിനകത്തെ ലൈറ്റിംഗും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ങ്ങടകമാണ്. കമ്പ്യൂട്ടറിനു മുന്നിലെ ഇരുത്തം ശരിയായ രീതിയിൽ അല്ലെങ്കിൽ, നിങ്ങൾക്ക് പലപ്പോഴും തല കുനിച്ച് സ്ക്രീനിലേക്ക് നോക്കേണ്ട അവസ്ഥ വന്നേക്കാം. ഇത് കണ്ണുകളുടെ അസ്വസ്ഥത വർദ്ധിപ്പിക്കുക മാത്രമല്ല, പുറം, കഴുത്ത് വേദന എന്നിവയ്ക്കും കാരണമാവാറുണ്ട്.” ഡോ.തുഷാർ ഗ്രോവർ കൂട്ടിച്ചേർത്തു.

എന്തു ചെയ്യാനാവും?

“സ്‌ക്രീൻ സമയം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യപടി. താരതമ്യേന വലിയ ഡിസ്‌പ്ലേ ഉള്ള കമ്പ്യൂട്ടർ തിരഞ്ഞെടുക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. കമ്പ്യൂട്ടറോ മറ്റു സ്ക്രീനുകളോ നിങ്ങളുടെ കണ്ണുകളിൽ നിന്നും ഒരു നിശ്ചിത അകലത്തിൽ വയ്ക്കുക. സ്ക്രീനുമായി ഒരു കൈ അകലമെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉചിതം. കൂടുതൽ നേരം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നവർ അൾട്രാവയലറ്റ് പരിരക്ഷയുള്ളതും നീല രശ്മികൾ ഫിൽട്ടർ ചെയ്യുന്നതുമായ ഗ്ലാസുകളോ ലെൻസുകളോ ഉപയോഗിക്കുക. ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ട ഒരു കാര്യം, 20-20-20 നിയമം പാലിക്കണം എന്നതാണ്. അതായത്, ഓരോ 20 മിനിറ്റിലും, സ്‌ക്രീൻ ഉപയോഗിക്കുന്നയാൾ കുറഞ്ഞത് ഇരുപത് സെക്കന്റെങ്കിലും കണ്ണുകൾ സ്ക്രീനിൽ നിന്നും മാറ്റി 20 അടി അകലേക്ക് നോക്കണം. ഇത് പതിവാക്കുന്നത് കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകും,” ഡോ.തുഷാർ ഗ്രോവർ നിർദേശിക്കുന്നു.

‘വർക്ക് ഫ്രം ഹോം’ സംസ്കാരം ഈ കോവിഡ് കാലത്ത് ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വർദ്ധിച്ച സ്‌ക്രീൻ സമയം മൂലം കണ്ണിന്റ ആരോഗ്യവുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞ ദോഷങ്ങളുമുണ്ടാവുന്നുണ്ട്. കോവിഡ് മഹാമാരി വർധിക്കുകയും, ആളുകൾ വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 23% പേർക്ക് കാഴ്ചശക്തി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കാൻ കഴിയില്ലെങ്കിലും, കണ്ണിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം. മിതത്വമാണ് ഇവിടെ പ്രധാനം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Computer vision syndrome digital eye strain effects increased screen time eye health