ശരീര ആരോഗ്യത്തിലും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും കുടൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ ദഹനാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരണം. ആരോഗ്യകരമായ ഭക്ഷണം പോലെ പ്രധാനമാണ് ഭക്ഷണം കഴിച്ചശേഷമുള്ള നമ്മുടെ പ്രവൃത്തികളും. നമ്മുടെ ദഹനപ്രക്രിയയെ ബാധിക്കുന്ന ചില സാധാരണ തെറ്റുകളെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയാണ് ഡോ.ദിക്സ ഭാവ്സർ.
മരുന്നില്ലാതെ ദഹനം മെച്ചപ്പെടുത്തുന്നതിന് ദിനചര്യയിലെ ഈ 5 സാധാരണ തെറ്റുകൾ ഒഴിവാക്കണമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഭക്ഷണശേഷം ഉടൻ കുളിക്കുക
ആയുർവേദപ്രകാരം ഓരോ പ്രവൃത്തിക്കും അനുയോജ്യമായ സമയമുണ്ട്. ആ സമയത്തല്ലാതെ ചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. ആയുർവേദപ്രകാരം ഭക്ഷണം കഴിച്ച് 2 മണിക്കൂറിനുശേഷം മാത്രമേ കുളിക്കാവൂ. ഭക്ഷണശേഷം ദഹനത്തിന് കാരണമാകുന്ന അഗ്നി മൂലകങ്ങൾ സജീവമാവുകയും ഫലപ്രദമായ ദഹനത്തിനായി രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, കുളിക്കുന്നതിലൂടെ ശരീര താപനില കുറയുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് ഡോ.ദിക്സ ഭാവ്സർ പറഞ്ഞു.
ഭക്ഷണം കഴിച്ചയുടൻ കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കും. ശരീര താപനിലയിലെ പെട്ടെന്നുള്ള മാറ്റം ഉപാപചയപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും. ഭക്ഷണത്തിന് 2-3 മണിക്കൂർ മുമ്പ് കുളിക്കുന്നതാണ് നല്ലതെന്ന് ആയുർവേദ ഡോ.അർച്ചന സുകുമാരൻ അഭിപ്രായപ്പെട്ടു.
ഭക്ഷണം കഴിച്ച ഉടൻ നടക്കുക
ഭക്ഷണത്തിന് ശേഷം കുറച്ച് സമയം നടക്കുന്നത് നല്ലതാണ്. എന്നാൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിലും നീണ്ട നടത്തത്തിലും ഏർപ്പെടുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നില്ല. ദീർഘദൂര നടത്തം, നീന്തൽ, വ്യായാമം എന്നിവയെല്ലാം ദഹനത്തെ തടസപ്പെടുത്തുകയും പോഷകാഹാരം പൂർണമായി ആഗിരണം ചെയ്യപ്പെടാതെയും ഭക്ഷണത്തിനു ശേഷമുള്ള അസ്വസ്ഥതകളിലേക്കും നയിക്കുന്നുവെന്ന് ഡോ.ദിക്സ പറഞ്ഞു.
ഉച്ചയ്ക്കു രണ്ടു മണിക്കുശേഷം ഭക്ഷണം കഴിക്കുക
സൂര്യൻ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, അതായത് ഉച്ചയ്ക്ക് 12 നും 2 നും ഇടയിൽ എപ്പോൾ വേണമെങ്കിലും ഉച്ചഭക്ഷണം കഴിക്കാൻ ആയുർവേദം നിർദേശിക്കുന്നു. ആയുർവേദം ഉച്ചഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുകയും മിതമായിരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നുവെന്ന് ഡോ.ദിക്സ വ്യക്തമാക്കി.
രാത്രിയിൽ തൈര് കഴിക്കുക
ദഹനത്തെ സഹായിക്കുമെന്ന ചിന്തയിൽ പലരും അത്താഴത്തിന് തൈര് ഉൾപ്പെടുത്താറുണ്ട്. എന്നാൽ, രാത്രിയിൽ തൈര് ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ”രാത്രിയിൽ, ശരീരത്തിൽ കഫത്തിന്റെ സ്വാഭാവിക ആധിപത്യം ഉണ്ട്. ഈ സമയത്ത് തൈര് കഴിക്കുന്നത് അമിതമായ കഫം കെട്ടിപ്പടുക്കാൻ ഇടയാക്കും. ഇത് കുടലിൽ തങ്ങി കിടക്കുകയും മലബന്ധത്തിന് ഇടയാക്കുകയും ചെയ്യും,” ഡോ.ദിക്സ പറഞ്ഞു.
ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുക
ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങരുത്. ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ 3 മണിക്കൂർ ഇടവേള വേണം. ആയുർവേദപ്രകാരം, ദിവസത്തിലെ അവസാനത്തെ ഭക്ഷണവും താരതമ്യേന ലഘുവായിരിക്കണമെന്നും കിടക്കുന്നതിനു 3 മണിക്കൂർ മുൻപായി കഴിക്കുകയും വേണമെന്ന് ഡോ.ദിക്സ പറഞ്ഞു.