പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയെ അവരുടെ മാതാപിതാക്കൾ എന്റെ അടുത്ത് കൊണ്ടുവന്നിരുന്നു. വർധിച്ചുവരുന്ന ക്ഷോഭം, മാതാപിതാക്കളോടുള്ള അചഞ്ചലമായ പെരുമാറ്റം, ഗാഡ്‌ജെറ്റുകളിൽ അമിതമായി സമയം ചെലവഴിക്കൽ എന്നിവയായിരുന്നു പ്രശ്നങ്ങൾ.
കൃത്യമായി ഉറങ്ങാൻ പറ്റാത്ത അസ്വസ്ഥതയും കുട്ടിയ്ക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസമായിട്ടാണ് കുട്ടിയുടെ പെരുമാറ്റത്തിൽ ഇത്തരം മാറ്റങ്ങൾ വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. അതോടെയാണ് കുട്ടിയുടെ കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്.
വീട്ടിലായിരിക്കുമ്പോഴെല്ലാം കുട്ടി സ്വന്തം മുറിയുടെ വാതിൽ അകത്ത് നിന്നു കുറ്റിയിടുമായിരുന്നു. കുട്ടിയോട് മുറിയുടെ വാതിൽ തുറന്നിടാൻ നിർബന്ധിച്ചാൽ, അവൾ ദേഷ്യപ്പെടുകയും മാതാപിതാക്കളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇത് മാത്രമായിരുന്നില്ല. അസ്ഥികൂടം, സൂചികൾ, തൂങ്ങിക്കിടക്കുന്ന പെൺകുട്ടി എന്നിവയുടെ കുറച്ച് ചിത്രങ്ങളും കുട്ടി വരച്ചതായി മാതാപിതാക്കൾ കണ്ടെത്തി.
കൂടുതൽ സംസാരിച്ചപ്പോൾ രണ്ട് മാതാപിതാക്കളും ജോലി ചെയ്യുന്നവരാണെന്ന് മനസ്സിലായി. കുട്ടി പൊതുവേ ഇൻട്രോവെർട്ടായിരുന്നു. കുട്ടി വർഷങ്ങളോളം ഡേകെയർ പോസ്റ്റ്-സ്കൂളിലാണ് വളർന്നത്. ശാസ്ത്രീയ സംഗീതത്തിലും ബാസ്‌ക്കറ്റ്‌ബോളിലും പരിശീലനം നേടിയിരുന്നുവെങ്കിലും ഈ വർഷം രണ്ടും നിർത്തി. സ്കൂളിലെ പഠനകാര്യത്തിലും ശരാശരിക്ക് മുകളിലുള്ള പ്രകടനമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിലും മാറ്റം സംഭവിച്ചിട്ടുണ്ട്.
എന്നാൽ കുട്ടിക്ക് അമിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശീലമുണ്ടെന്ന് കണ്ടെത്തി. ശല്യപ്പെടുത്തുന്ന ചിന്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് താൻ ഇത് ചെയ്തതെന്ന് കുട്ടി പറയുന്നു. സോഷ്യൽ മീഡിയയിൽ അവളുടെ പോസ്റ്റുകൾക്ക് ഒരു നിശ്ചിത എണ്ണം ലൈക്കുകൾ ലഭിക്കുമ്പോഴോ ആഴ്‌ചയിൽ 10ൽ കൂടുതൽ പുതിയ ഫോളോവേഴ്‌സ് ലഭിക്കുമ്പോഴോ അവൾക്ക് സന്തോഷം തോന്നി തുടങ്ങി.
ജീവിതത്തിൽ തോന്നിയ പരാജയബോധം കുറയ്ക്കുന്നതിന് സോഷ്യൽ മീഡിയയിലൂടെ അംഗീകാരം തേടാൻ ശ്രമിക്കുകയായിരുന്നു പെൺകുട്ടി ചെയ്തിരുന്നത്. എല്ലാറ്റിനുമുപരിയായി, തന്റെ പ്രശ്നങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾക്ക് അവരുമായി അത്ര വൈകാരിക ബന്ധം ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ കുട്ടിയുടെ ഒപ്പം സമയം ചെലവഴിക്കുന്നത് വളരെ കുറവായിരുന്നു. അവർക്ക് അതിന് സമയം കിട്ടാതിരുന്നതിനാൽ കുട്ടിയെ ഹോബി ക്ലാസിനും മറ്റും ചേർത്തിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, മാതാപിതാക്കൾ അവളെക്കുറിച്ച് നിരന്തരം അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, അത് തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമായി അവൾക്ക് തോന്നി ഇതാണ് കുട്ടിയെ അക്രമാസക്തമായ പെരുമാറ്റത്തിലേക്ക് നയിച്ചത്.
പെരുമാറ്റ പ്രശ്‌നങ്ങളായ ‘ആക്രമണവും പ്രകോപനവും’ കാരണമാണ് മാതാപിതാക്കൾ അവളെ പ്രധാനമായും എന്റെ അടുത്തേക്ക് കൊണ്ടുവന്നത്. വാസ്‌തവത്തിൽ, കൗമാരക്കാരിയുടെ പ്രശ്നം വിഷാദരോഗം തന്നെയായിരുന്നു.
ഭൂരിഭാഗം കൗമാരക്കാരും ഇത്തരം കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മാതാപിതാക്കളിൽ നിന്നുള്ള അകലം, വിഷാദം അവളുടെ ദൈനംദിന പ്രവർത്തനങ്ങളെ കീഴടക്കുകയും ആത്മവിശ്വാസം നഷ്‌ടപ്പെടുകയും ചെയ്‌തതിനാൽ ഇത് അമിതമായി മാറിയിരുന്നു. നഗരങ്ങളിൽ വളരുന്ന പല കൗമാരക്കാരും ഈ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു.
മാതാപിതാക്കൾ എന്തുചെയ്യണം?
എല്ലാ ദിവസവും കൗമാരക്കാരായ കുട്ടികളുമായി ഗാഡ്‌ജെറ്റുകളില്ലാതെ 20 മിനിറ്റ് ചെലവഴിക്കണം. കുട്ടിയെ അവർ ആഗ്രഹിക്കുന്നതെന്തും സംസാരിക്കാൻ അനുവദിക്കുക. തുടക്കത്തിൽ, ഇത് ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള വ്യായാമമായിരിക്കാം. എന്നാൽ ഇത് സൗഹൃദവും ബന്ധവും പുനഃസ്ഥാപിക്കുന്നതിന് സഹായിക്കും.
സാധ്യമാകുമ്പോഴെല്ലാം, ഒരു സുഹൃത്തിനെപോലെ കേൾക്കാൻ ശ്രമിക്കുക. കുട്ടികളുടെ സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തുക. അതുവഴി കുട്ടിയുടെ കൂട്ടുകാരെയും കൂടുതൽ അറിയാൻ സാധിക്കും. കൂടാതെ ഒരു സുഹൃത്ത് സർക്കിളിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ വെല്ലുവിളികളോ നിങ്ങളുമായി പങ്കിടാൻ അവർ തയാറാകും.
അത്താഴം ദിവസേന ഒന്നിച്ചാക്കുക. ആ സമയത്ത് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
സ്പർശനത്തിലൂടെയും ആലിംഗനത്തിലൂടെയും പറയാതെ തന്നെ പലതും മനസ്സിലാക്കാൻ സാധിക്കും.
ബെംഗളുരുവിലെ മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ്-സൈക്യാട്രിസ്റ്റ് ഡോ.പല്ലവി ജോഷിയാണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.