ടി3, ടി4, കാൽസിറ്റോണിൻ തുടങ്ങിയ പ്രധാന ഉപാപചയ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ”ഉപാപചയപ്രവർത്തനം, മാനസിക പ്രവർത്തനം, താപ നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്നതിന് ടി 3, ടി 4 എന്നിവ വളരെ പ്രധാനമാണ്. രക്തത്തിലെ കാൽസ്യം അളവ് കുറയ്ക്കുന്നതിനും അനുകൂലമായ പരിധിയിൽ നിലനിർത്തുന്നതിനും ആവശ്യമായ ഒരു ഹോർമോണാണ് കാൽസിറ്റോണിൻ,” ആത്മാന്തൻ വെൽനസ് സെന്റർ സിഇഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ.മനോജ് കുറ്റേരി പറഞ്ഞു. ഈ ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ഒന്നുകിൽ ഹൈപ്പർതൈറോയിഡിസത്തിലേക്ക് അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷണങ്ങൾക്ക് തൈറോയിഡിനെ ചികിത്സിക്കാനോ സുഖപ്പെടുത്താനോ കഴിയില്ലെങ്കിലും, പോഷകസമൃദ്ധവും തൈറോയ്ഡ് സൗഹൃദപരമായ ഭക്ഷണം കഴിക്കുന്നതും തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കുകയും ക്ഷീണം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും. തൈറോയ്ഡ് സൗഹൃദ ഡയറ്റിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഡോ.കുട്ടേരി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു വിശദീകരിച്ചിട്ടുണ്ട്.
സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
മൈക്രോവേവ് ഡിന്നറുകൾ, ഫ്രോസൺ പിസകൾ, ഡോഹ്‌നട്ട്‌സ് എന്നിവ പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യകരമല്ല. അവ തൈറോയ്ഡ് രോഗമുള്ളവരെ നേരിട്ട് ബാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചില സംസ്കരിച്ച മാംസങ്ങൾ കാൻസറിനു കാരണമാകാറുണ്ട്. ”അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് നല്ലതാണെങ്കിലും, വറുത്തതും ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും, മറ്റ് ഇൻഫ്ലാമേറ്ററി കൊഴുപ്പുകളും തൈറോയ്ഡ് ഗ്രന്ഥിയെയും തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും,” ഡോ.കുട്ടേരി പറഞ്ഞു.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
ഒരു പുതിയ പഠനം അനുസരിച്ച്, ഇന്ത്യക്കാർ പ്രതിദിനം ശരാശരി 10 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിന്റെ ഇരട്ടിയാണിത്. തൈറോയ്ഡ് ഹോർമോണിന്റെ സമന്വയത്തിനായി തൈറോയ്ഡ് ഗ്രന്ഥി അയോഡിൻ ഉപയോഗിക്കുന്നുണ്ട്. ഇത് തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ അയഡിന്റെ അമിത ഉപഭോഗം അല്ലെങ്കിൽ അയഡിന്റെ കുറവ് തൈറോയ്ഡ് പ്രവർത്തനത്തെ തടസപ്പെടുത്തും. ഇത് വിവിധ തൈറോയ്ഡ് തകരാറുകളിലേക്കോ തൈറോയ്ഡ് ഗ്രന്ഥി വലുതാക്കുന്നതിലേക്കോ നയിക്കാമെന്ന് ഡോ.കുട്ടേരി അഭിപ്രായപ്പെട്ടു.
മധുരപലഹാരങ്ങൾ ഒഴിവാക്കുക
തൈറോയ്ഡ് രോഗം ഒരു വ്യക്തിക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും. അതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിന്, ശീതളപാനീയങ്ങൾ, കേക്കുകൾ, ഐസ്ക്രീമുകൾ, മറ്റ് കൃത്രിമ മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
ഗ്ലൂട്ടൻ ഫ്രീ ഡയറ്റ് പിന്തുടരുക
ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമായ വിവിധ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുന്നു. ഇത് കുടലിലെ വീക്കം വർധിപ്പിച്ച് നിർജീവമായ തൈറോയ്ഡ് ഹോർമോണുകളെ സജീവ ഹോർമോണുകളാക്കി മാറ്റുന്നതിനെ ബാധിക്കുന്നു. ഇത് ഓട്ടോ-ഇമ്മ്യൂൺ തൈറോയ്ഡ് തകരാറുകളിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക
എപ്പോഴും ഭക്ഷണം ചെറിയ അളവിൽ കഴിക്കുക, അമിതമായി കഴിക്കാതിരിക്കുക. ഭക്ഷണത്തിൽ ശ്രദ്ധ വയ്ക്കുന്നത് അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും വയർ നിറഞ്ഞ പ്രതീതി നൽകാനും സഹായിക്കും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഉടൻ നിർത്തുക. പ്രഭാതഭക്ഷണത്തിന് മുമ്പ് 10-12 മണിക്കൂർ ഇടവേള എടുക്കുക. ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം വളർച്ചാ ഹോർമോണായ അഡ്രീനൽ, തൈറോയ്ഡ് എന്നിവ ഉത്പാദിപ്പിക്കുന്നു.