ഉയർന്ന രക്തസമ്മർദം തടയുന്നതിന് കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപ്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ കടലുകളിൽ സാധാരണയായി കണ്ടുവരുന്ന കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ആന്റിഹൈപ്പർടെൻസീവ് എക്‌സ്ട്രാക്റ്റ് എന്ന ഉൽപ്പന്നം സിഎംഎഫ്ആർഐ വികസിപ്പിച്ചത്.

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പലവിധ രോഗങ്ങളിലേക്ക് നയിക്കുന്ന ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിന് ഇത് പ്രയോജനകരമാണ്. ഉൽപ്പന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് ഇത് വികസിപ്പിച്ചെടുത്ത സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ.കാജൽ ചക്രബർത്തി പറഞ്ഞു.

കടൽപ്പായലുകളിൽ നിന്ന് മൂലഘടകങ്ങളെ വേർതിരിച്ചെടുക്കുന്നതിന് നിയന്ത്രിത ഫാക്ടറി സാഹചര്യങ്ങൾ ഒരുക്കിയാണ് ഉൽപ്പന്നം വികസിപ്പിച്ചത് സസ്യാഹാരപ്രേമികൾക്കും കഴിക്കാവുന്ന രീതിയിൽ സസ്യജന്യ ക്യാപ്‌സൂളുകളാണ് ആവരണമായി ഉപയോഗിച്ചിട്ടുള്ളത്.

സിഎംഎഫ്‌ഐആർഐയിൽ നടന്ന ചടങ്ങിൽ, കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡയറക്ടർ ജനറലുമായ ഡോ.ത്രിലോചൻ മൊഹാപത്ര ഉൽപ്പന്നം പുറത്തിറക്കി. ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ.ജെന അധ്യക്ഷത വഹിച്ചു.

ഉൽപ്പന്നം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് സിഎംഎഫ്ആർഐയെ സമീപിക്കാവുന്നതാണെന്ന് ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിന് ശേഷമായിരിക്കും ഉൽപ്പന്നം വിപണിയിൽ ലഭ്യമാകുക. ഏറെ ഔഷധമൂല്യമുള്ള കടൽപായലുകളിൽ നിന്ന് കൂടുതൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സിഎംഎഫ്ആർഐ. വ്യാപകമായ തോതിൽ കടൽപായൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കടലിൽ നിന്നും സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ആറാമത്തെ പ്രകൃതിദത്ത ഉൽപ്പന്നമാണിത്. നേരത്തെ, സന്ധിവേദന, പ്രമേഹം, കൊളസ്‌ട്രോൾ, തൈറോയിഡ് എന്നിവ തടയുന്നതിന് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിച്ചുവരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook