scorecardresearch

കോളിഫ്ലവറിന്റെ ഇലകൾ കഴിക്കാമോ അതോ ഉപേക്ഷിക്കണോ?

ഇരുമ്പിന്റെ മികച്ച സ്രോതസുകളിലൊന്നാണ് കോളിഫ്ലവർ ഇലകൾ

Cauliflower, health, ie malayalam

കോളിഫ്ലവർ ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ഇലകളും തണ്ടും ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, കോളിഫ്ലവറിന്റെ ഇലകൾ കഴിക്കാമോ?. ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നായതിനാൽ ഒരാൾ തീർച്ചയായും അവ ഉപയോഗിക്കണമെന്നാണ് ന്യൂട്രീഷ്യൻ വിദഗ്ധർ പറയുന്നത്.

ഇരുമ്പിന്റെ മികച്ച സ്രോതസുകളിലൊന്നായ കോളിഫ്ലവർ വിഭവം തയ്യാറാക്കുമ്പോൾ ഇല വലിച്ചെറിയുന്നു. ഇത് ആരോഗ്യമുള്ളതാണ്, ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ജൂഹി കപൂർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. മലബന്ധം, മുഖക്കുരു, മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറവ് എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഈ ഇലകളെന്നും അവർ പറഞ്ഞു.

കോളിഫ്ലവറിന്റെ ഇലകളിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കുമെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ആൻഡ് ഡയറ്റീഷ്യൻ ഡോ.അസ്മ ലോൺ പറഞ്ഞു.

”കോളിഫ്ലവർ ഇലകളിലെ വിറ്റാമിൻ കെ ആരോഗ്യകരമായ അസ്ഥികളുടെ വളർച്ചയ്ക്ക് സഹായിക്കും. അവ പോഷകങ്ങളാൽ നിറഞ്ഞതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഒന്നാണ്. വിറ്റാമിൻ എ, സി, കെ, നാരുകൾ, കാൽസ്യം, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് കോളിഫ്ലവർ ഇലകൾ. കോളിഫ്ലവറിന്റെ തണ്ടിലും സമാനമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്,” ഡോ.ലോൺ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

എങ്ങനെയാണ് ഇലകൾ ഉപയോഗിക്കേണ്ടത്?

സാൻഡ്‌വിച്, ബർഗർ, സലാഡ് എന്നിവ തയ്യാറാക്കുമ്പോൾ കോളിഫ്ലവർ ഇലകൾ ഉപയോഗിക്കാമെന്ന് കപൂർ പറഞ്ഞു. ഇലകൾ ചെറുതായി അരിഞ്ഞ് സൂപ്പിലോ സ്റ്റൂവിലോ ചേർക്കാമെന്നും സലാഡുകളിൽ അലങ്കാരമായി ഉപയോഗിക്കാമെന്നും ഡോ.ലോൺ അഭിപ്രായപ്പെട്ടു. അതേസമയം, ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ കോളിഫ്ലവർ ഇലകൾ കഴിക്കുന്നതിനു മുൻപ് എല്ലായ്പ്പോഴും ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനോടോ സംസാരിക്കണമെന്ന് അവർ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Cauliflower leaves should you consume or discard them