scorecardresearch
Latest News

കാരറ്റ്: പച്ചയ്ക്ക് കഴിക്കുന്നതോ വേവിച്ചു കഴിക്കുന്നതോ കൂടുതൽ നല്ലത്?

കാരറ്റ് കഴിക്കുന്നത് കാൻസർ തടയും, എങ്ങനെയെന്നറിയാം

കാരറ്റ്: പച്ചയ്ക്ക് കഴിക്കുന്നതോ വേവിച്ചു കഴിക്കുന്നതോ കൂടുതൽ നല്ലത്?

നിരവധി ആരോഗ്യഗുണമുള്ള പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. വേവിച്ചോ പച്ചയായോ ഒക്കെ കഴിക്കാവുന്ന ഇവ കണ്ണിന്റെ ആരോഗ്യം കൂടാനും ഹോർമോണുകൾ ബാലൻസ് ചെയ്യാനും ഫംഗസും, ബാക്ടീരിയയും മൂലമുണ്ടാകുന്ന ഇൻഫെക്ഷൻ തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ കൊഴുപ്പ് നിയന്ത്രിക്കാനുമൊക്കെ ഏറെ ഫലപ്രഗമാണ്. കാൻസറിനെ തടയാനുള്ള ശേഷിയും കാരറ്റിനുണ്ടെന്നാണ് ലൈഫ്‌സ്റ്റൈൽ പരിശീലകനായ ലൂക്ക് കൗട്ടിൻഹോ പറയുന്നത്.

“ഇതൊരു പ്രത്യേക ഭക്ഷണക്രമമല്ല, ചെലവേറിയ സപ്ലിമെന്റല്ല, ഇത് പാകം ചെയ്യാൻ മണിക്കൂറുകളെടുക്കില്ല. കൺമുന്നിൽ തന്നെ ലഭ്യമായ ഒരു സാധാ പച്ചക്കറിയാണ് കാരറ്റ്!” ലൂക്ക് കുറിക്കുന്നു. ബേബി കാരറ്റല്ല, വിളഞ്ഞ കാരറ്റ് തന്നെ പച്ചയായി കഴിക്കണമെന്നും ലൂക്ക് കൂട്ടിച്ചേർത്തു.

ബീറ്റാ-കരോട്ടിൻ, കരോട്ടിനോയിഡ് എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. എങ്കിൽ പോലും കാരറ്റിന്റെ ആരോഗ്യ ഗുണങ്ങളുടെ അടിസ്ഥാനം അതിലടങ്ങിയിരിക്കുന്ന ഫാൽക്കറിനോൾ ആണെന്നും ലൂക്ക് കൂട്ടിച്ചേർത്തു. “ഒരു ഫൈറ്റോ ന്യൂട്രിയന്റാണ് ഫാൽക്കറിനോൾ, അപകടകാരിയായ ഫംഗസുകളെ കൊന്ന് ശരീരത്തിനുള്ളിലും പുറത്തുമുള്ള ഫംഗൽ ഇന്ഫെക്ഷനുകളും രോഗങ്ങളും ഇല്ലാതാകാൻ സഹായിക്കുന്നു.” ഫാൽക്കറിനോൾ ഒരു ഹോർമോണുകളെ ബാലൻസ് ചെയ്യുകയും ചെയ്യുന്നു.

“ദഹിക്കാത്ത നാരുകളുടെ സാന്നിധ്യം ശരീരത്തിലെ ഈസ്ട്രജന്റെ ആധിപത്യത്തിന് കാരണമാവും. ഈസ്ട്രോജന് ആധിപത്യം ഗർഭാശയം, ഓവറി, ബ്രെസ്റ്റ് എന്നിവിടങ്ങിലെ കാൻസറിനു കാരണമാവാറുണ്ട്. അതുപോലെ എൻഡോമെട്രിയോസിസ്, സിസ്റ്റ്, ഫൈബ്രോയ്ഡ്സ്, ശരീരത്തിലെ ഉയർന്ന കൊഴുപ്പിന്റെ അളവ്, പിസിഒഡി, ആര്‍ത്തവ വിരാമ കാലത്തുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും ഈസ്ട്രജന്റെ ആധിക്യം കാരണമുണ്ടാകാം. ഇതിനെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനുള്ള കഴിവ് ഫാൽക്കറിനോളിനുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ലൂക്ക് പറയുന്നു.

“കുടലിൽ നിന്ന് ഈസ്ട്രജൻ വീണ്ടും ആഗിരണം ചെയ്യുന്നത് തടയാൻ കാരറ്റ് പച്ചയായി കഴിക്കുന്നത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മെറ്റബോളിസം നിയന്ത്രിക്കാൻ കരളിനെ സഹായിക്കുന്നു. കാരറ്റ്, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷണങ്ങൾ കുടലിനെ സംരക്ഷിക്കുകയും ഹോർമോണുകളെ കൂടുതൽ സന്തുലിതമാക്കുകയും പ്രതിരോധശേഷിയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു,” മെഡികവർ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യനായ വൈശാലി മാറാത്തെ പറയുന്നു.

കാൻസറിന്റെ വളർച്ച തടയുക, കാൻസർ കോശങ്ങളുടെ പുരോഗതി മന്ദഗതിയിലാക്കുക, ട്യൂമറുകളിലെ ആക്രമണാത്മക കോശങ്ങളെ തടയുക എന്നിങ്ങനെയുള്ള ആന്റി കാൻസർ ഗുണങ്ങൾ കാരറ്റിനുണ്ടെന്നും ലൂക്ക് പറയുന്നു.

“കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ മറുമരുന്നായി കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ പ്രവർത്തിക്കുന്നു. സ്ഥിരമായി കാരറ്റ് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കാനും ഫ്രീ റാഡിക്കലുകളുടെ മാരകാവസ്ഥ കുറയ്ക്കാനും കാരറ്റിന് കഴിയും.” ഡയറ്റീഷ്യനായ വൈശാലി പറയുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കാരറ്റ് സഹായകരമാണ്. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടെങ്കിൽ ഭക്ഷണത്തിനുമുൻപ് പച്ച കാരറ്റ് അരിഞ്ഞത് കഴിക്കുക. ഇത് വയർ നിറഞ്ഞ ഫീൽ സമ്മാനിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

“രക്താതിമർദ്ദവുമായി ബന്ധപ്പെട്ട ഉയർന്ന അളവിലുള്ള സോഡിയം സന്തുലിതമാക്കാനും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്ന പൊട്ടാസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. കാരറ്റിലെ ഉയർന്ന ലയന ശേഷിയുള്ള ഫൈബർ ഉള്ളടക്കം മോശമായ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് രക്തം കട്ടപിടിക്കുന്നതും ഹൃദ്രോഗവും കുറയ്ക്കാനും സഹായിക്കുന്നു,” വൈശാലി കൂട്ടിച്ചേർത്തു.

വേവിച്ചോ പച്ചയ്ക്കോ, എങ്ങനെ കഴിക്കണം?
“അസംസ്കൃത കാരറ്റ് ഫാൽകാരിനോൾ ലഭിക്കാൻ മികച്ചതാണെങ്കിലും വേവിച്ച കാരറ്റിൽ ബീറ്റാ-കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാരണം ചൂട് സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കുകയും ബീറ്റാ കരോട്ടിൻ പുറത്തുവിടുകയും ചെയ്യുന്നു. അതിനാൽ, കണ്ണ്, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യത്തിന് സൂപ്പോ ആവിയിൽ വേവിച്ചതോ, ചുട്ടതോ, വറുത്തതോ, വേവിച്ചതോ ആയ കാരറ്റ് കഴിക്കുക,” ലൂക്ക് നിർദ്ദേശിച്ചു.

നിങ്ങൾ ജ്യൂസായി കുടിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനുകളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിന് കുറച്ച് തുള്ളി തണുത്ത വെളിച്ചെണ്ണയോ എക്സ്ട്രാ വെർജിൻ ഒലിവ് എണ്ണയോ ചേർക്കുക. കടയിൽ നിന്നും വാങ്ങുന്ന കാരറ്റിൽ കീടനാശികൾ അടിക്കാൻ സാധ്യതയുള്ളതിനാൽ അവ തൊലി കളഞ്ഞ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), അല്ലെങ്കിൽ വൻകുടലിൽ പുണ്ണ് എന്നിവയൊക്കെ ഉണ്ടെങ്കിൽ കാരറ്റ് പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.

“കാൻസറോ അമിത ഭാരമോ ഹോർമോൺ അസന്തുലിതാവസ്ഥയോ ഉണ്ടെങ്കിൽ മാത്രമേ കാരറ്റ് കഴിക്കാൻ പാടുള്ളു എന്നൊന്നുമില്ല. ഇത് എല്ലാവർക്കും കഴിക്കാം. കാരണം ഭക്ഷണത്തിലെ കീടനാശിനികൾ, സൗന്ദര്യവർദ്ധക വസ്തുക്കളിലെ ഹോർമോണുകളെ അസ്വസ്ഥപ്പെടുത്തുന്ന വസ്തുക്കൾ, ദൈനംദിന ഉൽപ്പന്നങ്ങളിലും പാൽ സാമ്പിളുകളിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ടോക്സിക് വസ്തുകൾ എന്നിവയെ എല്ലാം കാരറ്റ് തടയും. എന്നിരുന്നാലും, നിങ്ങൾക്ക് പൂമ്പൊടി, പൊടി, മൃഗങ്ങൾ എന്നിവയോടൊക്കെ അലർജിയുണ്ടെങ്കിൽ കാരറ്റ് ജാഗ്രതയോടെ കഴിക്കുക. കാരറ്റ് നിങ്ങളുടെ അലർജിയെ വഷളാക്കാം,” ലൂക്ക് കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Carrots health benefits anti cancer hormone balancer gut health

Best of Express