ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കാരറ്റ്. ശക്തമായ ആന്റിഓക്സിഡന്റുകളും, ഡയറ്ററി ഫൈബർ, ബീറ്റ-കരോട്ടിൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കാരറ്റിലുണ്ട്. പച്ചയ്ക്കോ വേവിച്ചോ കാരറ്റ് കഴിക്കാം. കാരറ്റ് ജ്യൂസും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും ഗുണകരമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും കാരറ്റ് ജ്യൂസ് സഹായിക്കും. കാരറ്റ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- കാഴ്ചശക്തി വർധിപ്പിക്കുന്നു
കാഴ്ച ശക്തിക്ക് വിറ്റാമിൻ എ അത്യാവശ്യമാണ്. കാരറ്റിൽ ഈ വിറ്റാമിൻ നിറയെ അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസിൽ ശക്തമായ ആന്റിഓക്‌സിഡന്റായ ല്യൂട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മാക്യുലർ ഡീജനറേഷന്റെ അപകടസാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. കാരറ്റ് ജ്യൂസിലെ കരോട്ടിനോയിഡുകൾ റെറ്റിന ഗാംഗ്ലിയോൺ കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി നിരവധി നേത്രരോഗങ്ങളെ തടയുകയും ചെയ്യുന്നു. എങ്കിലും, കാരറ്റ് ജ്യൂസിന്റെ ഉപഭോഗം അമിതമാകരുത്. കാരറ്റ് അമിതമായി കഴിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.
- ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തും
കാരറ്റിൽ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിൻ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും ചർമ്മത്തിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
- ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
കാരറ്റ് ജ്യൂസിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരറ്റ് ജ്യൂസിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഇതും ഉൾപ്പെടുത്താം.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
കാരറ്റ് ജ്യൂസ് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. കാരറ്റ് ജ്യൂസിലും മറ്റ് ജ്യൂസുകളിലും പോളിഫെനോളുകളും നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസിലെ മറ്റ് ബയോ ആക്റ്റീവ് ഘടകങ്ങളാണിവ.
- ദഹനാരോഗ്യത്തിന് മികച്ചത്
കാരറ്റ് ജ്യൂസിലെ നാരുകൾ മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ദഹനാരോഗ്യം വർധിപ്പിക്കുകയും ചെയ്യും. മലബന്ധമുള്ള ആളുകൾക്ക് (കുട്ടികൾക്കും) കാരറ്റ് ജ്യൂസ് നല്ലൊരു ഓപ്ഷനാണ്.
കാരറ്റ് ജ്യൂസ് ദിവസത്തിൽ ആദ്യം തന്നെ ഒഴിഞ്ഞ വയറ്റിൽ കുടിക്കാവുന്നതാണ്. ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അളവ് നിയന്ത്രിക്കണം. ദിവസവും രണ്ടോ മൂന്നോ കാരറ്റ് കഴിക്കാവുന്നതാണ്. വിറ്റാമിൻ എ ഗുളികകൾ കഴിക്കുന്നവർ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചതിനുശേഷം മാത്രം കഴിക്കുക.
കാരറ്റോ കാരറ്റ് ജ്യൂസോ, മികച്ചത് ഏതാണ്?
ആരോഗ്യത്തിന് രണ്ടും നല്ലതാണ്. കാരറ്റ് ജ്യൂസിനെക്കാൾ കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ ഫൈബർ നൽകും. കാരറ്റ് ജ്യൂസിൽ ഫൈബർ കുറവാണ്. പച്ചയ്ക്ക് കഴിക്കുമ്പോൾ ഒരു ദിവസം രണ്ടിൽ കൂടുതൽ കാരറ്റ് കഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ജ്യൂസ് രൂപത്തിലാക്കുമ്പോൾ ഒരേ സമയം മൂന്നും നാലും കാരറ്റ് കഴിക്കാനാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.