വയറിലെ കൊഴുപ്പ് പലരുടെയും ആശങ്കകളിൽ ഒന്നാണ്. വേഗത്തിലും എളുപ്പത്തിലും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന എണ്ണമറ്റ ഫാഷൻ ഡയറ്റുകളും വ്യായാമ മുറകളും ഉണ്ട്. എന്നിരുന്നാലും, വയറിലെ കൊഴുപ്പ് നീക്കുന്നതിന് സമയവും പരിശ്രമവും സുസ്ഥിരമായ സമീപനവും ആവശ്യമാണ്.
ഈ കൊഴുപ്പ് നീക്കുന്നതുമായി ബന്ധപ്പെട്ട് പല മിഥ്യാധാരണകളും പ്രചരിക്കുന്നുണ്ട്. അവയുടെ സത്യാവസ്ഥയെക്കുറിച്ച് നോയിഡയിലെ ഹെപ്പറ്റോ-പാൻക്രിയാറ്റിക്-ബിലിയറി സയൻസസ് മെട്രോ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.ഹർഷ് കപൂർ പറയുന്നു.
മിഥ്യ: വെറും ഏഴ് ദിവസത്തിനുള്ളിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാം
വസ്തുത: ഒരാഴ്ചയ്ക്കുള്ളിൽ വയറിലെ കൊഴുപ്പ് നീക്കുന്നത് യാഥാർത്ഥ്യമോ ആരോഗ്യകരമോ അല്ല. സുസ്ഥിരമായി ശരീരഭാരം കുറയ്ക്കാൻ കലോറി കുറയ്ക്കേണ്ടതുണ്ട്. അതായത് നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഉപയോഗിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കലോറി കമ്മി സൃഷ്ടിക്കാൻ കഴിയുമെങ്കിലും, ശരീരഭാരം കുറയുന്നത് വളരെ കുറവായിരിക്കും.
മാത്രമല്ല വയറിന്റെ ഭാഗത്ത് മാത്രമായി ഇത് പരിമിതപ്പെടുത്താൻ ആകില്ല. അമിതമായ കലോറി നിയന്ത്രണം നിങ്ങളുടെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മിഥ്യ: വയറിലെ കൊഴുപ്പിനെ ലക്ഷ്യം വയ്ക്കാം
വസ്‌തുത: ടാർഗെറ്റഡ് ഫാറ്റ് ലോസ്, അല്ലെങ്കിൽ സ്‌പോട്ട് റിഡക്ഷൻ എന്നത് ഒരു സാധാരണ മിഥ്യയാണ്. ശരീരഭാരം കുറയുന്നത് ശരീരത്തിലുടനീളം തുല്യമായി സംഭവിക്കുന്നുവെന്നും വ്യായാമമോ ഭക്ഷണക്രമമോ ഉപയോഗിച്ച് പ്രത്യേക മേഖലകളെ ലക്ഷ്യം വയ്ക്കുന്നത് സാധ്യമല്ലെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. അതിനാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന്, സമീകൃതാഹാരത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
മിഥ്യ: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാർഡിയോ ചെയ്യേണ്ടതുണ്ട്
വസ്തുത: ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള കാർഡിയോ വ്യായാമങ്ങൾ കലോറി എരിച്ച് കളയാനും ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. എന്നിരുന്നാലും, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങൾ ആവശ്യമാണ്. നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും വ്യായാമം ചെയ്യാത്തപ്പോൾ പോലും കൂടുതൽ കലോറി എരിച്ചുകളയാനും ഈ പരിശീലനം സഹായിക്കുന്നു.
മിഥ്യ: ക്രാഷ് ഡയറ്റുകളും തീവ്രമായ വ്യായാമ മുറകളുമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം
വസ്‌തുത: ക്രാഷ് ഡയറ്റുകളും തീവ്രമായ വ്യായാമ മുറകളും പെട്ടെന്നുള്ള ഫലങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ അവ സുസ്ഥിരമോ ആരോഗ്യകരമോ അല്ല. അവയ്ക്ക് പകരം നിങ്ങളുടെ ഭക്ഷണക്രമത്തിലും വ്യായാമ ദിനചര്യയിലും ചെറുതും എന്നാൽ അർത്ഥവത്തായതുമായ മാറ്റങ്ങൾ വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സുസ്ഥിരമായ ശരീരഭാരം കുറയ്ക്കാൻ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്താൻ കഴിയുന്ന ജീവിതശൈലി മാറ്റങ്ങൾ എന്നിവ ആവശ്യമാണ്.
മിഥ്യ: വയറിലെ കൊഴുപ്പ് സൗന്ദര്യവർദ്ധക ആശങ്ക മാത്രമാണ്
വസ്തുത: അമിതമായ വയറിലെ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ അടയാളമാണ്. അതിനാൽ, വയറിലെ കൊഴുപ്പിന്റെ മൂലകാരണങ്ങൾ പരിഹരിക്കുകയും ശരീരഭാരം കുറയ്ക്കാൻ ദീർഘകാല സമീപനം സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതിന് സമയവും പരിശ്രമവും സുസ്ഥിരമായ സമീപനവും ആവശ്യമാണ്. ദ്രുത പരിഹാരങ്ങളും ഫാഡ് ഡയറ്റുകളും ഹ്രസ്വകാല ഫലങ്ങൾ ഉണ്ടാക്കിയേക്കാം, എന്നാൽ അവ സുസ്ഥിരമോ ആരോഗ്യകരമോ അല്ല. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും സാവധാനം പ്രവർത്തിക്കുന്നതാണ് പ്രധാനമെന്ന് ഓർക്കുക.