/indian-express-malayalam/media/media_files/uploads/2022/03/Exercise.jpg)
ഫയൽ ചിത്രം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ രാവിലെയുള്ള വ്യായാമം മതിയെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ആ ധാരണ തിരുത്താനുള്ള സമയമാണിത്. പ്രമേഹരോഗികളായ മുതിർന്നവരിൽ, പ്രത്യേകിച്ച് ആദ്യത്തെ 12 മാസത്തിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഉച്ചയ്ക്ക് ശേഷമുള്ള മിതമായതും ഊർജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ യുഎസ് പഠനം പറയുന്നു.
ഉച്ചകഴിഞ്ഞ് മിതമായതും ഊർജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് ആദ്യ വർഷത്തിൽ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 30 ശതമാനം മുതൽ 50 ശതമാനം വരെ കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. നാലാം വർഷത്തിലെ ഡാറ്റയും ഗവേഷകർ പഠനത്തിനായി പരിശോധിച്ചു. ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്ത ഗ്രൂപ്പിലെ വ്യക്തികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതായി കണ്ടെത്തി.
ശരീരത്തിന്റെ സർക്കാഡിയൻ താളവും ഗ്ലൂക്കോസ് മെറ്റബോളിസത്തെ സ്വാധീനിക്കുന്ന രീതിയും കാരണം ഉച്ചകഴിഞ്ഞുള്ള വ്യായാമം ഫലപ്രദമാണെന്ന് ന്യൂഡൽഹിയിലെ അപ്പോളോ സെന്റർ ഫോർ ഒബിസിറ്റി, ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജിയിലെ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ.സുഭാഷ് കുമാർ വാങ്നൂ പറഞ്ഞു. ദിവസത്തിന്റെ അവസാനം വ്യായാമം ചെയ്യുന്നത് ഗ്ലൂക്കോസിന്റെ ഉപയോഗവും വർധിപ്പിക്കും. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കും. ഭക്ഷണശേഷം വേഗത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും വ്യായാമം സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. ഇതിന് പിന്നിലെ ശാസ്ത്രം എന്താണ്?
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന്റെ സമയക്രമം ഒരു പങ്കുവഹിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. ഇതിനു പിന്നിൽ ശരീരത്തിന്റെ സർക്കാഡിയൻ താളവും ഗ്ലൂക്കോസ് മെറ്റബോളിസത്തെ സ്വാധീനിക്കുന്ന രീതിയും കാരണമായി കണക്കാക്കാം. ദിവസം മുഴുവനും വിവിധ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്ന ആന്തരിക ബയോളജിക്കൽ ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് ഇൻസുലിൻ ഉൾപ്പെടെയുള്ള ഹോർമോൺ ഉത്പാദനത്തെ ബാധിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് കാരണമാകുന്നു. ഉച്ചകഴിഞ്ഞ്, ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത കൂടുതലായിരിക്കും, അതിനാൽ ഈ മണിക്കൂറിലെ വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തും. എന്നിരുന്നാലും, വ്യക്തിപരമായി ഇതിൽ വ്യത്യാസമുണ്ടാകം. വ്യായാമത്തിന് അനുയോജ്യമായ സമയം നിർണയിക്കാൻ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കുക.
വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു?
വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു, പ്രത്യേകിച്ച് പ്രമേഹമുള്ള വ്യക്തികളിൽ. മിതമായതും ഊർജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, പേശികൾക്ക് കൂടുതൽ ഊർജം ആവശ്യമായി വരുന്നു. ഗ്ലൂക്കോസ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വ്യായാമം സഹായിക്കും. വ്യായാമ സമയത്ത് പേശികളെ ഗ്ലൂക്കോസ് ഇന്ധനമായി ഉപയോഗിക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അനുവദിക്കുന്നു.
വ്യായാമത്തിന്റെ സമയവും നിർണായകമാണ്. ഭക്ഷണത്തിനു ശേഷം വ്യായാമത്തിൽ ഏർപ്പെടുന്നത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവിനെ കൂടുതൽ സാരമായി ബാധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ സമയം ഗ്ലൂക്കോസ് ഉപയോഗം കൂടുതൽ വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പഴങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ കഴിച്ചതിനാൽ ഉച്ചകഴിഞ്ഞ് രക്തത്തിലെ പഞ്ചസാര സാധാരണയായി ഉയർന്നതായിരിക്കും. ഈ കലോറിക് ലോഡ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ് വ്യായാമം.
ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യണം?
രാവിലെയുള്ള വ്യായാമം ഇൻസുലിൻ സെൻസിറ്റിവിറ്റിയിലും ഗ്ലൂക്കോസ് മെറ്റബോളിസത്തിലും ഗുണം ചെയ്യുമെന്ന് കാണിക്കുന്നു. ഉച്ച കഴിഞ്ഞ് വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് നല്ലൊരു ഓപ്ഷനാണിത്.
ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് പ്രീ ഡയബറ്റിക് വ്യക്തികളെയും സഹായിക്കുമോ?
വ്യായാമം ചെയ്യുന്ന സമയം പ്രീ-ഡയബറ്റിക് വ്യക്തികളിലും സ്വാധീനം ചെലുത്തിയേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള മിതമായതോ ഊർജസ്വലമായതോ ആയ വ്യായാമം ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും പ്രീ-ഡയബറ്റിക് വ്യക്തികളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം കണ്ടെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.