scorecardresearch

ഹൃത്വിക് റോഷൻ പറയുന്നതുപോലെ സൂര്യനിൽ നിന്നുള്ള വിറ്റാമിൻ ഡി പെട്ടെന്ന് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണവും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതും ഉൾപ്പെടെ ശരീരത്തിൽ വിറ്റാമിൻ ഡി നിരവധി റോളുകൾ വഹിക്കുന്നു

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണവും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതും ഉൾപ്പെടെ ശരീരത്തിൽ വിറ്റാമിൻ ഡി നിരവധി റോളുകൾ വഹിക്കുന്നു

author-image
Health Desk
New Update
Hrithik Roshan, actor, ie malayalam

ഹൃത്വിക് റോഷൻ

ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ബോളിവുഡ് നടനാണ് ഹൃത്വിക് റോഷൻ. 49-ാം വയസിലും തന്റെ ശരീര ആരോഗ്യത്തിൽ താരം ചെലുത്തുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള വൈറ്റമിൻ ഡി ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടൻ പറയുകയുണ്ടായി.

Advertisment

നിങ്ങൾക്ക് വേഗത്തിൽ ശരീര ഭാരം കുറയ്ക്കണമെങ്കിൽ വിറ്റാമിൻ ഡി പോലെ മികച്ചതായി മറ്റൊന്നും പ്രവർത്തിക്കില്ലെന്ന് നടൻ പറഞ്ഞു. ഇതിലെങ്കിലും വാസ്തവമുണ്ടോയെന്ന് മനസിലാക്കാൻ വിദഗ്ധ അഭിപ്രായങ്ങൾ തേടാൻ ഞങ്ങൾ തീരുമാനിച്ചു.

Advertisment

എന്താണ് വിറ്റാമിൻ ഡി?

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണവും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതും ഉൾപ്പെടെ ശരീരത്തിൽ വിറ്റാമിൻ ഡി നിരവധി റോളുകൾ വഹിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനവും ഇൻസുലിൻ സംവേദനക്ഷമതയും വർധിപ്പിക്കാനും ഇത് സഹായിച്ചേക്കാം. മിക്ക ആളുകൾക്കും വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നും മരുന്നുകളിലൂടെ അവ പരിഹരിക്കാമെന്നും നാഷണൽ അക്കാദമി ഓഫ് സ്പോർട്സ് മെഡിസിൻ സാക്ഷ്യപ്പെടുത്തിയ പോഷകാഹാര പരിശീലകനായ വരുൺ രത്തൻ പറഞ്ഞു.

മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഡി അളവ് നിലനിർത്തുന്നത് പ്രധാനമാണെന്ന് മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് (എൻഡോക്രൈനോളജി) ഡോ.ഗിരീഷ് പർമർ പറഞ്ഞു. എന്നാൽ വേഗത്തിൽ ശരീര ഭാരം കുറയ്ക്കുന്നതും വിറ്റാമിൻ ഡിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായ തെളിവുകളൊന്നുമില്ലെന്ന് ഡോ.പർമർ പറഞ്ഞു.

വിറ്റാമിൻ ഡി മരുന്നുകൾ ശരീരഭാരം കുറയ്ക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീര ഭാരത്തെ ബാധിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നതിനാലാകാം ഇതെന്ന് രത്തൻ പറഞ്ഞു. ''ഒരൊറ്റ വൈറ്റമിൻ അമിതമായി കഴിക്കരുത്. ഒരു ഓർക്കസ്ട്രയിലെ ഉപകരണങ്ങളെ പോലെ പോഷകങ്ങളെക്കുറിച്ച് ചിന്തിക്കുക. ഓരോന്നും ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. അവ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മനോഹരമായ ഒരു സിംഫണി സൃഷ്ടിക്കുന്നു.''

വൈറ്റമിൻ ഡിയുടെ കുറഞ്ഞ അളവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്നതിനായി നിരവധി പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ലഭ്യമായ ഡാറ്റ കേവലം നിരീക്ഷണപരമാണ്. വിറ്റാമിൻ ഡിയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ ശരീര ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് നേരിട്ട് ഉത്തരവാദിയല്ലെന്ന് ഡോ.പർമർ പറഞ്ഞു.

വിറ്റാമിൻ ഡി മരുന്നുകൾ അമിതഭാരമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കിയില്ലെങ്കിലും, കുറഞ്ഞ കലോറി ഭക്ഷണത്തിന്റെ ഗുണങ്ങൾ വർധിപ്പിക്കുമെന്ന് കണ്ടെത്തിയതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നിന്നുള്ള 2014 ലെ ഒരു പഠനം പറയുന്നു. 2015-ൽ ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനവും സമാനമായ ഫലങ്ങൾ കണ്ടെത്തി.

''ശരീരഭാരം നിയന്ത്രിക്കുന്നതിനും പേശികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ഡി സഹായിക്കുന്നുണ്ടെങ്കിലും കൊഴുപ്പ് ഇല്ലാതാക്കുന്നതിൽ അതിന്റെ നേരിട്ടുള്ള സ്വാധീനം സ്ഥാപിക്കപ്പെട്ടിട്ടില്ല. വൈറ്റമിൻ ഡിയുടെ കുറവ് അമിതവണ്ണത്തിനുള്ള സാധ്യതയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമവും വർധിപ്പിക്കും. വൈറ്റമിൻ ഡിയുടെ കുറവ് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നോ, പൊണ്ണത്തടി വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നുവെന്നതോ തെളിയിക്കപ്പെട്ടിട്ടില്ല,'' അഹമ്മദാബാദിലെ എച്ച്‌സിജി ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.മനോജ് വിത്‌ലാനി പറഞ്ഞു.

അതിനാൽ, വൈറ്റമിൻ ഡി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായി കണക്കാക്കാനാവില്ലെന്ന് ഡോ. പർമർ അഭിപ്രായപ്പെട്ടു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും ക്രമമായ ശാരീരിക പ്രവർത്തനങ്ങളുമാണ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമെന്ന് ഡോ.പർമർ പറഞ്ഞു. ''വിറ്റാമിൻ ഡി മരുന്നുകൾ കഴിക്കുന്നതിനു മുൻപ് എൻഡോക്രൈനോളജിസ്റ്റുമായോ ന്യൂട്രീഷ്യനിസ്റ്റുമായോ സംസാരിക്കുന്നത് നല്ലതാണ്, കാരണം അമിതമായ വിറ്റാമിൻ കഴിക്കുന്നതും പ്രതികൂല ഫലങ്ങൾക്ക് ഇടയാക്കും.''

ഒരു പ്രത്യേക വൈറ്റമിൻ അമിതമായി കഴിക്കുന്നതിനെതിരെ രത്തൻ മുന്നറിയിപ്പ് നൽകി. ഒരു പ്രത്യേക വൈറ്റമിൻ അമിതമായി കഴിക്കുന്നതിനുപകരം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക. കൂടാതെ, കൂടുതൽ ശാരീരികമായി സജീവമായിരിക്കുന്നതും മതിയായ ഉറക്കം ലഭിക്കുന്നതും തടി കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: