ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം വയ്ക്കാറുണ്ട്. കലോറി അടങ്ങിയ ഭക്ഷണങ്ങളോ മധുരമുള്ളവയോ അവർക്ക് കഴിക്കാൻ കഴിയാറില്ല. അവരോട് എപ്പോഴും സീസണൽ, പ്രാദേശിക പഴങ്ങൾ കഴിക്കാൻ നിർദേശിക്കാറുണ്ട്. എന്നാൽ, അവർക്ക് മുന്തിരി കഴിക്കാമോ?. അങ്ങനെയെങ്കിൽ ഏത് സമയത്ത്, എത്ര അളവ്, ഏതു തരം (ബ്ലാക്ക്, ഗ്രീൻ, റെഡ്) കഴിക്കാം?.
പോഷകങ്ങളുടെ കലവറയായ മുന്തിരി ആന്റിഓക്‌സിഡന്റുകൾ, പോളിഫിനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു, ഇവയെല്ലാം പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. മുന്തിരിയുടെ ഗ്ലൈസമിക് സൂചിക (നിങ്ങൾ എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ മികച്ച സൂചകമാണ് ഗ്ലൈസെമിക് സൂചിക) കുറവാണ്. ഒരു ഭക്ഷണത്തിന്റെ ജിഐ കുറവാണെങ്കിൽ, പ്രമേഹ രോഗികൾക്ക് അത് കഴിക്കാൻ അനുയോജ്യമാണ്. മുന്തിരിയുടെ ജിഐ 53 ആണെന്ന് ഗോയൽ പറഞ്ഞു.
മുന്തിരി ജ്യൂസിനെക്കാൾ മുന്തിരി മുഴുവനായി കഴിക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവർക്ക് രാവിലെയോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ മുന്തിരി കഴിക്കാമെന്ന് ഡയറ്റീഷ്യൻ രാജേശ്വരി വി.ഷെട്ടി പറഞ്ഞു.
ഏത് ഇനം കഴിക്കാം?
എല്ലാ ഇനങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഏത് നിറത്തിലുള്ള മുന്തിരിയും കഴിക്കാം. പോളിഫെനോളുകളെ കുറിച്ച് പറയുമ്പോൾ, കറുത്ത മുന്തിരിയിൽ അവ കൂടുതലാണെന്ന് ഗോയൽ പറഞ്ഞു. ആന്തോസയാനിനുകളുടെ സാന്നിധ്യവും റെസ്‌വെരാട്രോളിന്റെ ഉയർന്ന ഉള്ളടക്കവും കാരണം പച്ച മുന്തിരിയേക്കാൾ ചുവന്ന മുന്തിരിയാണ് മികച്ചതെന്ന് ഷെട്ടി അഭിപ്രായപ്പെട്ടു. കടും ചുവപ്പ്, പർപ്പിൾ മുന്തിരിയിൽ പച്ച അല്ലെങ്കിൽ വെള്ള മുന്തിരിയേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.
നാരുകളും കഫീക് ആസിഡ് പോലുള്ള ഫിനോളിക് ആസിഡുകളും ഉൾപ്പെടെ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യമുള്ളതിനാൽ കറുത്ത മുന്തിരിയാണ് കഴിക്കാൻ ഏറ്റവും മികച്ചതെന്ന് ഷെട്ടി പറഞ്ഞു. ഈ ആസിഡുകൾ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി കാൻസർ, കാർഡിയോപ്രൊട്ടക്റ്റീവ്, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ഗുണങ്ങൾ എന്നിവ നൽകുന്നുവെന്ന് ഷെട്ടി പറഞ്ഞു.
എത്ര അളവ് കഴിക്കാം
മുന്തിരി കഴിക്കുമ്പോൾ അളവ് നിയന്ത്രിക്കുന്നത് എപ്പോഴും ഗുണം ചെയ്യും. പ്രമേഹമുള്ളവർക്ക് 15-17 മുന്തിരി കഴിക്കാമെന്ന് ഗോയൽ പറഞ്ഞു.